CrimeNEWS

വീട്ടുടമയുടെ ഭാര്യയുമായി വാടകക്കാരന് അവിഹിതം: അധ്യാപകനെ തട്ടിക്കൊണ്ടുപോയി ജീവനോടെ കുഴിച്ചുമൂടി

ചണ്ഡീഗഡ്: വീട്ടുടമയും സുഹൃത്തുക്കളും ചേര്‍ന്ന് വാടകക്കാരനെ ജീവനോടെ കുഴിച്ചുമുടിയ സംഭവത്തില്‍ പ്രതികള്‍ പിടിയിലായി. ബാബ മസ്തനാഥ് സര്‍വകലാശാലയിലെ യോഗ അദ്ധ്യാപകനായിരുന്ന ജഗ്ദീപാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ റോഹ്തക്കിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. വീട്ടുടമയായ ഹര്‍ദീപും സുഹൃത്ത് ധരംപാലുമാണ് പിടിയിലായത്. ഹര്‍ദീപിന്റെ ഭാര്യയുമായി ജഗ്ദീപിന് വഴിവിട്ട ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതാണ് കൊലപാതകത്തിന് കാരണമായത്.

ഡിസംബറില്‍ നടന്ന സംഭവത്തേക്കുറിച്ച് ഇപ്പോഴാണ് പുറംലോകമറിയുന്നത്. ബാബാ മസ്ത്‌നാഥ് സര്‍വകലാശാലയിലെ യോഗാധ്യാപകനാണ് കൊല്ലപ്പെട്ട ജഗ്ദീപ്. ചര്‍ഖി ദാദ്രിയിലെ പാന്താവാസില്‍ ഏതാനും ജോലിക്കാരെ ഉപയോഗിച്ച് ഹര്‍ദീപ് ഏഴടിയുള്ള കുഴിയുണ്ടാക്കിയിരുന്നു. കുഴല്‍ക്കിണറിനുവേണ്ടിയാണെന്നാണ് ചോദിച്ചവരോടെല്ലാം ഹര്‍ദീപ് പറഞ്ഞിരുന്നത്. ഡിസംബര്‍ 24-ന് ഹര്‍ദീപും സുഹൃത്തുക്കളുംചേര്‍ന്ന് ജോലി കഴിഞ്ഞ് മടങ്ങിവരികയായിരുന്ന ജഗ്ദീപിനെ തട്ടിക്കൊണ്ടുപോയി. കുഴിയിലിടുംമുന്‍പ് ഇവര്‍ യുവാവിന്റെ കൈകാലുകള്‍ ബന്ധിച്ചു. കുഴിയ്ക്കടുത്തെത്തിയ ശേഷമാണ് ജഗ്ദീപിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ഇവര്‍ തീരുമാനിച്ചത്. ശബ്ദമുണ്ടാക്കാതിരിക്കാന്‍ ജഗ്ദീപിന്റെ വായ ടേപ്പുകൊണ്ട് അടച്ചുവെക്കുകയും ചെയ്തശേഷമായിരുന്നു ക്രൂരകൃത്യം.

Signature-ad

ജഗ്ദീപിനെ കാണാനില്ലെന്ന പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ജഗ്ദീപിനെ കൊലപ്പെടുത്തി പത്തുദിവസത്തിനുശേഷം ശിവാജി കോളനി പോലീസ് സ്റ്റേഷനിലായിരുന്നു പരാതി ലഭിച്ചത്. അതുവരെ ഇരുട്ടില്‍ത്തപ്പുകയായിരുന്ന പോലീസിന് കച്ചിത്തുരുമ്പായത് ജഗ്ദീപിന്റെ കോള്‍ രേഖകള്‍ ലഭിച്ചതോടെയാണ്. തുടര്‍ന്നുനടത്തിയ അന്വേഷണത്തില്‍ ഹര്‍ദീപും സുഹൃത്ത് ധരംപാലും കുടുങ്ങി.

ഇരുവരേയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ യഥാര്‍ത്ഥവിവരങ്ങള്‍ പുറത്തുവന്നത്. കൊലപാതകം നടന്ന് മൂന്നുമാസത്തിനുശേഷം, മാര്‍ച്ച് 24-നാണ് ജഗ്ദീപിന്റെ മൃതശരീരം പോലീസ് കണ്ടെടുത്തത്. കേസില്‍ രണ്ടുപേര്‍കൂടി പിടിയിലാവാനുണ്ടെന്ന് പോലീസ് അറിയിച്ചു.

Back to top button
error: