
റെയ്ജാവിക്: മുപ്പതു വര്‍ഷം മുന്‍പ് 16 കാരനില്‍ കുഞ്ഞ് ജനിച്ചെന്ന വെളിപ്പെടുത്തലിന് പിന്നാലെ ഐസ്ലാന്‍ഡ് ശിശുവകുപ്പ് മന്ത്രി അസ്തില്‍ദുര്‍ ലോവ തോഴ്‌സ്‌ദോത്തിര്‍ രാജിവച്ചു. ഇപ്പോള്‍ 58 കാരിയായ ലോവ, 22 വയസ്സുള്ളപ്പോഴാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി ബന്ധപ്പെട്ടിരുന്നത്. അക്കാലത്ത് മത സംഘടനയുടെ കൗണ്‍സിലറായിരുന്നു ലോവ. കൗണ്‍സിലിങ്ങിനെത്തിയ 15കാരന്‍ ഈറിക് അസ്മുണ്ട്‌സണുമായി പരിചയപ്പെട്ടു. കുടുംബപ്രശ്‌നത്തില്‍ നിന്ന് രക്ഷ തേടിയാണ് അന്ന് കൗണ്‍സിലിങ്ങിനെത്തിയതെന്ന് ഈറിക് പറയുന്നു. അടുത്ത വര്‍ഷം ഇരുവര്‍ക്കും കുഞ്ഞ് പിറന്നു. അന്ന് ലോവയ്ക്ക് വയസും 23 ഉം ഈറിക്കിന് 16 ഉം.
വര്‍ഷങ്ങളോളം ഇരുവരുടെയും ബന്ധം രഹസ്യമായി തുടര്‍ന്നു. കുഞ്ഞ് പിറക്കുന്ന സമയത്തെല്ലാം ലോവയ്‌ക്കൊപ്പം ഉണ്ടായിരുന്നതായി ഈറിക് പറയുന്നു. പിന്നീട് ലോവ മറ്റൊരാളുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടതോടെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ കുഞ്ഞിന്റെ കസ്റ്റഡി ആവശ്യപ്പെട്ടു കൊണ്ടാണ് ഈറിക് ഐസ്ലന്‍ഡിലെ നീതിന്യായ മന്ത്രാലയത്തെ സമീപിച്ചത്. ലോവ ഈ ആവശ്യം നിരാകരിച്ചു.

ഒരു പ്രാദേശിക വാര്‍ത്താ ഏജന്‍സിയാണ് രഹസ്യബന്ധത്തില്‍ മന്ത്രിക്ക് കുഞ്ഞുണ്ടെന്ന വിവരം പുറത്തുകൊണ്ടുവന്നത്. സംഭവം വിവാദമായതോടെയാണ് ലോവയുടെ രാജിക്കു വേണ്ടിയുള്ള മുറവിളി ഉയര്‍ന്നത്. വളരെ ഗൗരമേറിയ കാര്യമാണിതെന്ന് പ്രധാനമന്ത്രി ക്രിസ്ട്രുന്‍ ഫ്രോസ്റ്റാഡോട്ടിര്‍ പ്രതികരിച്ചു. മന്ത്രി സ്ഥാനം രാജിവച്ച ലോവ, പാര്‍ലമെന്റ് അംഗത്വം രാജി വയ്ക്കില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. ആ സംഭവത്തിനു ശേഷം ഒരുപാടുകാലം കഴിഞ്ഞു പോയി. ഒരുപാട് മാറ്റങ്ങള്‍ തനിക്കുണ്ടായി, ഇന്നായിരുന്നെങ്കില്‍ വളരെ വ്യത്യസ്തമായിട്ടായിരിക്കും ഇക്കാര്യമെല്ലാം കൈകാര്യം ചെയ്യുക എന്നാണ് ലോവ പറയുന്നത്.
ബിബിസി റിപ്പോര്‍ട്ട് പ്രകാരം, 15 വയസ്സുള്ള ഒരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഐസ്ലാന്‍ഡില്‍ നിയമവിരുദ്ധമല്ല, കാരണം അതാണ് രാജ്യത്തെ നിയമപരമായ പ്രായം. എന്നാല്‍ ഒരു അധ്യാപകനോ ഉപദേഷ്ടാവോ 18 വയസിന് താഴെയുള്ള ഒരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിയമവിരുദ്ധമാണ്. 18 വയസിനുതാഴെയുള്ള സാമ്പത്തികമായി ആശ്രയത്വമുള്ളയാളുമായി കിടക്ക പങ്കിടുന്നതിനും ഇത് ബാധകമാണ്. 16കാരനുമായി രഹസ്യബന്ധമുണ്ടായിരുന്ന സമയത്ത് ഒരു മതപരമായ സംഘടനയുടെ കൗണ്‍സിലറായിരുന്നു അസ്തില്‍ദുര്‍ ലോവ തോഴ്‌സ്‌ദോത്തിര്‍.