IndiaNEWS

രോഹിണിയുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; രൂപയ്‌ക്കെതിരേ അപകീര്‍ത്തി കേസെടുക്കണമെന്ന് കോടതി

ബംഗളൂരു: കര്‍ണാടകയിലെ ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ധൂരിയുടെ സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട സംഭവത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥ ഡി.രൂപയ്‌ക്കെതിരേ അപകീര്‍ത്തി കേസ് റജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവ്. രോഹിണിയുടെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ബംഗളൂരു അഡീഷനല്‍ ചീഫ് മെട്രോപൊലിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയുടെതാണ് ഉത്തരവ്.

രോഹിണിയുടെ സ്വകാര്യ ചിത്രങ്ങള്‍ കഴിഞ്ഞ മാസം ഫെയ്‌സ്ബുക്കിലൂടെയാണ് രൂപ പുറത്തു വിട്ടത്. പുരുഷ ഐഎഎസ് ഓഫീസര്‍മാര്‍ക്കു രോഹിണി അയച്ച ചിത്രങ്ങളാണെന്നായിരുന്നു രൂപയുടെ അവകാശവാദം. തന്റെ വാട്‌സാപ് സ്റ്റാറ്റസില്‍ നിന്നും മറ്റും ശേഖരിച്ച ചിത്രങ്ങളാണു വ്യക്തിഹത്യ ചെയ്യാന്‍ രൂപ പോസ്റ്റ് ചെയ്തതെന്നും രോഹിണി പറഞ്ഞു.

Signature-ad

മൈസൂരു കെആര്‍ നഗറില്‍ നിന്നുള്ള ദള്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായ സ.ര മഹേഷിന്റെ കണ്‍വന്‍ഷന്‍ ഹാള്‍ മഴവെള്ളക്കനാല്‍ കയ്യേറി നിര്‍മിച്ചതാണെന്നു മൈസൂരു കലക്ടറായിരിക്കെ 2021ല്‍ രോഹിണി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരേ മഹേഷ് നല്‍കിയ ഒരു കോടി രൂപയുടെ അപകീര്‍ത്തിക്കേസ് നിലവിലുണ്ട്. കേസ് ഒതുക്കിത്തീര്‍ക്കാന്‍ രോഹിണി മഹേഷിനെ കണ്ടു ചര്‍ച്ച നടത്തിയെന്ന ആരോപണത്തിനിടെയാണു ചിത്രങ്ങള്‍ പുറത്തുവന്നത്.

മൂന്നു പുരുഷ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് രോഹിണി വാട്‌സാപ്പിലൂടെ അയച്ചു കൊടുത്ത സ്വന്തം നഗ്‌നചിത്രങ്ങള്‍ പിന്നീട് ഡിലീറ്റ് ചെയ്‌തെന്നും രൂപ ആരോപിച്ചിരുന്നു. അഴിമതി നടത്തിയതിനു തെളിവായി 19 ആരോപണങ്ങളും ഉന്നയിച്ചു.

വനിതാ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ വ്യക്തിഹത്യ അതിരുവിട്ടതോടെ കര്‍ണാടക സര്‍ക്കാര്‍ ഇരുവരെയും പദവികളില്‍ നിന്നു നീക്കി. ഐഎഎസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ധൂരിയെ ദേവസ്വം കമ്മിഷണര്‍ സ്ഥാനത്തു നിന്നും ഐപിഎസ് ഉദ്യോഗസ്ഥയായ ഡി.രൂപയെ കരകൗശല വികസന കോര്‍പറേഷന്‍ എംഡി സ്ഥാനത്തു നിന്നുമാണ് ഒഴിവാക്കിയത്.

 

Back to top button
error: