എന്താണ് പൈൽസ് ?
മനുഷ്യശരീരത്തിലെ വിസർജ്ജനാവയവമായ മലദ്വാരത്തിനുചുറ്റുമുള്ള രക്തക്കുഴലുകൾ തടിക്കുന്ന അവസ്ഥയാണ് പൈൽസ് അഥവാ അർശസ്.അല്ലെങ്കിൽ മലദ്വാര കനാലിന്റെ അവസാനഭാഗത്തുള്ള സെൻസിറ്റീവായ ഞരമ്പുകൾ തടിച്ചു വീർക്കുന്ന അവസ്ഥ.ഇത് ഹെമറോയ്ഡുകൾ എന്നും അറിയപ്പെടുന്നു.
ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നവരിലാണ് ഈ രോഗം ഉണ്ടാകുവാനുള്ള സാധ്യത കൂടുതൽ.മിക്ക സ്ത്രീകളിലും ഗർഭകാലയളവിൽ ഈ രോഗം ഉണ്ടാകാറുണ്ട്.നാരുള്ള ഭക്ഷണത്തിന്റെ അഭാവം മൂലം സ്വാഭാവികമായുള്ള മലവിസർജ്ജനം നടക്കാതെ വരികയും തൻമൂലം മലാശയത്തിലെ സമ്മർദ്ദം വർദ്ധിക്കുകയും ചെയ്യുന്നതിന്റെ ഫലമായി
ഈ രോഗം വളരെ പെട്ടെന്നുതന്നെ മൂർച്ചിക്കുന്നു.
രോഗിയുടെ അവസ്ഥയെ ആശ്രയിച്ച് ബാൻഡിംഗ്, സ്ക്ലിറോതെറാപ്പി, ഇൻഫ്രാറെഡ് കട്ടപിടിക്കൽ തുടങ്ങിയ ശസ്ത്രക്രിയാ ചികിത്സകൾ ഇതിന് ഫലപ്രദമാണ്.ആയുർവേദത്തിലും ചികിത്സ തേടാം.വിവിധ തരം കഷായങ്ങള്‍, ആസവങ്ങള്‍, ചൂര്‍ണങ്ങള്‍, ലേഹ്യങ്ങള്‍ എന്നിവ അര്‍ശസിനെ ശമിപ്പിക്കുന്നതായി ആയുര്‍വേദം നിര്‍ദേശിക്കുന്നു.അര്‍ശസിന്റെ ആദ്യഘട്ടത്തില്‍ മാത്രമേ ഔഷധപ്രയോഗം കൊണ്ടു പ്രയോജനമുള്ളൂ.അതുകഴിഞ്ഞാല്‍ ക്ഷാരസൂത്രമുള്‍പ്പെടെയുള്ള പ്രയോഗങ്ങളാണ് വേണ്ടി വരിക.
പൈൽസിനു പെട്ടെന്ന് ആശ്വാസം നൽകുന്ന ഒരു മാർഗമാണ് സിറ്റ്സ് ബാത്ത്.പൃഷ്ഠഭാഗം പൂർണമായും താഴ്ത്തിവയ്ക്കാവുന്ന ബേസിനിൽ ഇളം ചൂടുവെള്ളമെടുത്ത് 10–15 മിനിറ്റു നേരം ഇരിക്കുന്നതാണ് സിറ്റ്സ് ബാത്ത്.അണുനാശിനിയായ അയൊഡിൻ, പൊട്ടാസ്യം പെർമാംഗനേറ്റ്, ഉപ്പ് എന്നിവയിലൊന്ന് ആ വെള്ളത്തിൽ ചേർക്കുന്നതും കൂടുതൽ നന്നാണ്.
പൈൽസിന്റെ വേദനയും അസ്വസ്ഥതയും വേഗത്തിൽ ശമിക്കാനുള്ള മറ്റൊരു മാർഗം ഐസ് പായ്ക്ക് ആ ഭാഗത്ത് വയ്ക്കുക എന്നതാണ്.ഐസ് കട്ട പൊടിച്ച് ഒരു പ്ലാസ്റ്റിക് കവറിലാക്കി അതു തുണിയിൽ പൊതിഞ്ഞ് കുറഞ്ഞത് പത്തു മിനിറ്റ് നേരം മലദ്വാര ഭാഗത്തുവയ്ക്കുക.ഇഞ്ചിനീരും തേനും ചേർത്ത നാരങ്ങാവെള്ളം കുടിക്കുന്നതും പൈൽസിന്റെ വീക്കം കുറയ്ക്കും.
ഫിഷര്‍ അഥവാ വിണ്ടുകീറൽ
കട്ടിയായി മലം പോകുന്നതിലൂടെ
മലദ്വാരത്തിൽ തടിപ്പുകളും വിള്ളലുകളും വീഴുന്ന ഒരവസ്ഥയാണിത്.മരുന്നുകൾ കൊണ്ട് വിള്ളലുകൾ ഭേദമാകുന്നില്ലെങ്കിൽ ഇവിടെയും മറ്റു നടപടിക്രമങ്ങൾ ആവശ്യമായി വരാം.
മണിക്കൂറുകളോളം ഇരിക്കുന്നതും അമിതവണ്ണവും മലബന്ധവുമൊക്കെ ഫിഷറിന് കാരണമാകാറുണ്ട്.വിട്ടുമാറാത്ത വേദന, വേദനാജനകമായ മലവിസർജ്ജനം, മലദ്വാരത്തിന് ചുറ്റുമുള്ള വീക്കം, രക്തസ്രാവം എന്നിവയാണ് ഫിഷറിന്റെ ലക്ഷണങ്ങൾ.
മലവിസർജ്ജന സമയത്ത് മലം പോകാൻ ബുദ്ധിമുട്ടും കട്ടിയായി മലം പോകുന്നതും മലദ്വാരത്തിലെ നേർത്ത ടിഷ്യുവിൽ (അനൽ മ്യൂക്കോസ) കീറലുണ്ടാക്കാൻ സാധ്യത ഏറെയാണ്.മലം മൃദുവാക്കുകയും അസ്വസ്ഥതകളും രക്തസ്രാവവും ലഘൂകരിക്കുകയും ചെയ്തുകൊണ്ട് മലദ്വാരത്തിലെ മർദ്ദം കുറയ്ക്കുക എന്നതാണ് ഇവിടെ എറ്റവും എളുപ്പം ചെയ്യാൻ സാധിക്കുന്നത്.ഇതിനായി മലം സോഫ്റ്റ്നറുകൾ ഉപയോഗിക്കാം. അല്ലെങ്കിൽ ഉയർന്ന ഫൈബർ ഭക്ഷണങ്ങളോടൊപ്പം ഫൈബർ സപ്ലിമെന്റുകളും പതിവായി കഴിക്കുക.
മരുന്നു കഴിക്കുന്നതിനൊപ്പം ആഹാര കാര്യത്തിൽ കർശന നിയന്ത്രണവും വേണം. നാരുകളടങ്ങിയ ഭക്ഷണം നന്നായി കഴിക്കുക.നാടന്‍ രീതിയിലാണെങ്കില്‍ കഞ്ഞിയും പയറും നല്ലതാണ്.പച്ചക്കറി ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.അതുപോലെ പഴവര്‍ഗങ്ങള്‍.നമ്മുടെ നാട്ടില്‍ യഥേഷ്ടം ലഭിക്കുന്ന പപ്പായ, പേരയ്ക്ക, വാഴപ്പഴം ഒക്കെ നല്ലതാണ്.അതേസമയം പൈനാപ്പിള്‍, മുന്തിരി, ഓറഞ്ച് തുടങ്ങിയ പുളിയുള്ള പഴങ്ങള്‍ ഒഴിവാക്കുക.വെള്ളം ധാരാളം കുടിക്കുകയും വേണം.
ഫിസ്റ്റുല
മലദ്വാരത്തിന്റെ ഭാഗത്ത് വിയർപ്പു ഗ്രന്ധികൾ പോലെ ചെറിയ ചെറിയ ഗ്രന്ധികൾ ഉണ്ട്. അതിൽ അണുബാധയുണ്ടായി അവിടം അടയും. ഈ അണുബാധ പുറത്തേക്കുവരാൻ വേണ്ടി അവിടെ ഒരു ചെറിയ കനാൽ രൂപപ്പെടും. അങ്ങനെ മലദ്വാരത്തിന്റെ ഉള്ളിൽ നിന്ന് ഇത് പുറത്തേയ്ക്ക് വരും. പുറത്തേയ്ക്ക് വരുന്നിടം ചെറിയ ദ്വാരമായി രൂപപ്പെടും. ഈ ദ്വാരം പുറത്തേയ്ക്കുള്ളതും അകത്തേയ്ക്കുള്ളതുമായ ദ്വാരവുമായി ബന്ധപ്പെട്ട് ഒരു കനാൽ ആയി മാറും. അപ്രകാരം മലദ്വാരത്തിൽ നിന്നു മലം പുറത്തു വരുന്ന വഴികളിലൂടെ അല്ലാതെ മലം മറ്റു വഴികളിലൂടെ പുറത്തേയ്ക്ക് അല്ലാതെ മലം മറ്റു വഴികളിലൂടെ പുറത്തേയ്ക്ക് പോരത്തക്കവിധം ഒരു കനാൽ രൂപപ്പെടുന്നതിനെ ആണ് ഫിസ്റ്റുല എന്ന് പറയുന്നത്.
മലദ്വാര സംബന്ധിയായ പൈല്‍സ്, ഫിഷര്‍, ഫിസ്റ്റുല എന്നീ രോഗങ്ങള്‍ ഉണ്ടാകാനുള്ള കാരണങ്ങള്‍ ഏകദേശം ഒന്ന് തന്നെയാണ്. പ്രധാനമായും മലബന്ധം, തെറ്റായ ഭക്ഷണ രീതികള്‍, വെള്ളം കുടി കുറയുക, ദീര്‍ഘനേരം ഇരുന്നുള്ള ജോലി , ഇരു ചക്ര വാഹനങ്ങളിലെ സ്ഥിര യാത്ര തുടങ്ങി നമ്മള്‍ കഴിക്കുന്ന മാംസാഹാരത്തിലെ എല്ലും മീനിന്റെ മുള്ളും വരെ ഫിസ്റ്റുലക്ക് കാരണമായേക്കാം.
ഫിസ്റ്റുലയെ നിയന്ത്രിക്കാനും വരാതിരിക്കാനും വീട്ടിൽ തന്നെ ചെയ്യാവുന്ന കുറച്ചു കാര്യങ്ങളുണ്ട്.നന്നായിട്ട് ഉറങ്ങുക,മാനസിക സമ്മർദം ഒഴിവാക്കുക,:നേരത്തെ എഴുന്നേൽക്കുക,വ്യായാമം ചെയ്യുക,നന്നായിട്ടു വെള്ളം കുടിക്കുക,:ടോയ്ലറ്റ് ശീലങ്ങൾ ശരിയായി പാലിക്കുക, അമിത മർദം ചെലുത്തിയുള്ള മലമൂത്ര വിസർജനം ഒഴിവാക്കുക,നാരുള്ള ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുക… തുടങ്ങി അങ്ങനെ പലത്.ക്ഷാരസൂത്ര ചികിത്സ ചെയ്യുന്നതുവഴി ഫിസ്റ്റുല പൂർണമായും മാറ്റിയെടുക്കാവുന്നതാണ്.
വാൽക്കഷണം:കടുക്കയോ മുത്തങ്ങയോ ചേര്‍ത്ത് തിളപ്പിച്ച മോര് ദിവസവും കുടിയ്ക്കുന്നത് മലദ്വാര രോഗങ്ങൾക്ക് ഫലപ്രദമാണ്.ദിവസവും മൂന്നോ നാലോ ഗാസ് മോരു കുടിക്കുകയാണെങ്കില്‍ വയറിനു നല്ല സുഖം കിട്ടും.