ശരീരത്തിന് ആവശ്യമായ ജീവകങ്ങളും മൂലകങ്ങളും നാരുകളും അടങ്ങിയ പോഷകസമ്പന്നമായ ഒരു നാടൻ വിഭവമാണ് ചക്ക.ഇതിലെ പോഷകമൂല്യങ്ങളുടെ സാന്നിധ്യംമൂലം പല തരത്തിലുള്ള ജീവിതശൈലി രോഗങ്ങളെയും നമുക്ക് തടയാൻ സാധിക്കും.അതിനാൽ ചക്ക കഴിയും വിധം ഉപയോഗിക്കുവാൻ എല്ലാവരും ശ്രമിക്കുക.ഇതാ ചക്കകൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന മൂന്നു നാലുമണി പലഹാരങ്ങൾ…
1) ചക്ക ഹൽവ
ആവശ്യമുള്ള സാധനങ്ങള്‍
പഴുത്ത ചക്കച്ചുള അരക്കിലോ
തേങ്ങ ചിരകിയത് 2 കപ്പ്
ശര്‍ക്കര 200 ഗ്രം
വെള്ളം അരക്കപ്പ്
ഏലയ്ക്കാപ്പൊടി ഒരു നുള്ള്
നെയ്യ് ഒരു ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചക്കച്ചുളയും തേങ്ങയും വെവ്വേറെ മിക്‌സിയില്‍ അരച്ചെടുക്കുക. ശര്‍ക്കര ചീകി വെള്ളമൊഴിച്ച് പാത്രത്തില്‍വച്ച് കുറഞ്ഞ തീയില്‍ പാനിയാക്കുക. നെയ്യ് ഒഴികെ ബാക്കി ചേരുവകള്‍ ഉരുളിയിലൊഴിച്ച് ഹല്‍വ പാകമാകുന്നതുവരെ അടിക്കുപിടിക്കാതെ ഇളക്കുക. പാകമായാല്‍ അടുപ്പില്‍ നിന്നിറക്കി നെയ്യ് ഒഴിക്കുക. ചൂടോടെ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. തണുത്ത ശേഷം മുറിച്ച് വിളമ്പാം.
2)ചക്കപ്പുട്ട്
ആവശ്യമുള്ള സാധനങ്ങൾ
നല്ല കട്ടിയുള്ള ചക്കച്ചുള – 10 എണ്ണം
പുട്ട് പൊടി – ഒന്നര കപ്പ്
ആവശ്യത്തിന് ഉപ്പ്, വെള്ളം
ഉണ്ടാക്കുന്ന വിധം
പുട്ടുപൊടി അൽപം വെള്ളം തളിച്ച് നനച്ചു വയ്ക്കുക. അതിലേക്ക് ചോപ്പറിൽ അരിഞ്ഞ ചക്കച്ചുള ഇട്ട് ഒന്നുകൂടി പതുക്കെ കൈകൊണ്ട് ഇളക്കിയ ശേഷം പുഴുങ്ങിയെടുക്കാം.
3) ചക്ക അട
ആവശ്യമുള്ള സാധനങ്ങൾ
ചക്കച്ചുള–നുറുക്കിയത്
അരിപ്പൊടി–100 ഗ്രാം
തേങ്ങ ചിരകിയത്–ഒരു മുറി
ശർക്കര–200
ഗ്രാം
ഏലയ്‌ക്കാപ്പൊടി–കാൽ ടീസ്‌പൂൺ
വാഴയില വാട്ടിയത്–ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
അരിപ്പൊടി പാകത്തിന് കുഴയ്‌ക്കുക.ഇതോടൊപ്പം നുറുക്കിയ ചക്കച്ചുള, തേങ്ങ ചിരകിയത്, ശർക്കര, ഏലയ്‌ക്കാപ്പൊടി എന്നിവ ചേർത്ത് വാട്ടിയ വാഴയിലയുടെ നടുക്ക് വച്ച് മടക്കി ആവിയിൽ വേവിച്ചെടുക്കുക.