കോട്ടയം ജില്ലയുടെ കിഴക്കൻ അതിർത്തിയായ തലനാട് പഞ്ചായത്തിൽ ചൈനയിലെ വൻമതിൽ പോലെ ഉയർന്നു നിൽക്കുന്ന പാറകളുടെ ഒരു കൂട്ടമുണ്ട്.അതാണ് ഇല്ലിക്കൽ കല്ല്.
മൂന്ന് പാറക്കൂട്ടങ്ങളാണ് ഇല്ലിക്കൽ കല്ല്. ഇതിൽ ഏറ്റവും ഉയർന്ന് കൂണുപോലെ നിൽക്കുന്ന കല്ല് കൂടക്കല്ല് എന്നാണ് അറിയപ്പെടുന്നത്. അതിനടുത്ത് ഫണം വിടർത്തി പാമ്പിനെ പോലെ ഒരു കല്ല് ഉയർന്ന് നിൽക്കുന്നുണ്ട് കൂനൻകല്ല് എന്നാണ് നാട്ടുകാർ ഇതിനെ വിളിക്കുന്നത്.കൂടക്കല്ലിനും കൂനാൻ കല്ലിനും ഇടയിൽ ഏകദേശം 20 അടിയോളം താഴ്‌ചയുള്ള ഒരു വിടവുണ്ട്. ഈ വിടവിനിടയിൽ അരയടി മാത്രം വീതിയുള്ള മറ്റൊരു കല്ലുണ്ട്. നരകപ്പാലം എന്നാണ് ഇത് അറിയപ്പെടുന്നത്.
കോട്ടയത്തിന്റെ ജീവനാഡിയായ മീനച്ചിൽ ആറ് പിറവിയെടുക്കുന്നത് ഇവിടെയാണ്..ഒരുകാലത്ത് ഈരാറ്റുപേട്ടയ്ക്കപ്പുറം പ്രശസ്തമല്ലാതിരുന്ന ഇല്ലിക്കൽ കല്ലിലേക്ക് ഇപ്പോൾ സഞ്ചാരികളുടെ പ്രവാഹമാണ്. സോഷ്യൽ മീഡിയകളിലെ ട്രാവൽ ഗ്രൂപ്പുകളാണ് ഇല്ലിക്കൽ കല്ലിന് ഇത്ര പ്രശസ്തി നേടി കൊടുത്തുന്നത്.സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 3400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ മലയാണ് കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരമുള്ള മല.ഇല്ലിക്കൽ മലയിൽ നിന്ന് നോക്കിയാൽ ദൂരെ അറബിക്കടലിന്റെ കാഴ്ചകൾ വരെ കാണാം.