LocalNEWS

ഈ വനിതകൾ റിപ്പയർ ചെയ്യുന്നു മൊബൈൽ ഫോണും ഒപ്പം ജീവിതവും

    വിരൽത്തുമ്പിൽ ലോകമൊതുങ്ങുന്ന സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച്‌ ജീവിതം കെട്ടിപ്പടുക്കാൻ ഒരുങ്ങുകയാണ് 18 യുവതികൾ. പുരുഷന്മാർ കൈയടക്കിയ മൊബൈൽ ഫോൺ റിപ്പയറിങ്‌ ആൻഡ്‌ സർവീസ്‌ എന്ന തൊഴിൽ മേഖല കൈയടക്കിയാണ്‌ കണ്ണൂർ മയ്യിൽ പഞ്ചായത്തിലെ വനിതകൾ  ജീവിതവും റിപ്പയർ ചെയ്യാനൊരുങ്ങുന്നത്.

പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി യുവതികൾക്കായി നടപ്പാക്കിയ പദ്ധതിയിലൂടെയാണ് ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ പതിനെട്ട് വനിതകൾ മൊബൈൽ ഫോൺ റിപ്പയറിങ്ങിൽ പരിശീലനം പൂർത്തിയാക്കിയത്. കുടുംബശ്രീയിൽ ഉൾപ്പെടാത്ത 18 നും 40നും ഇടയിൽ പ്രായമുള്ള ബിരുദവും ബിരുദാന്തര ബിരുദവുമുള്ള തൊഴിൽ രഹിതരായ വനിതകളാണ് ഓക്സിലറി ഗ്രൂപ്പിലുള്ളത്‌.

ദേശീയ ഗ്രാമീണ സ്വയം തൊഴിൽ പരിശീലനകേന്ദ്രത്തിലെ അധ്യാപകരായ ആനന്ദ്, അൻസാരി എന്നിവരുടെ നേതൃത്വത്തിൽ ഒരുമാസമായിരുന്നു പരിശീലനം. സോഫ്റ്റ്‌വെയർ, ഹാർഡ് വെയർ, ചിപ്‌ ലെവൽ എന്നിവയിൽ പരിശീലനവും ലഭിച്ച ഇവർ ഏത്‌ തരം ഫോണിന്റെയും ടാബുകൾ, സ്മാർട്ട് വച്ച് തുടങ്ങിയവയുടെയും കേടുപാടുകൾ പരിഹരിക്കും.

പരിശീലനം പൂർത്തിയാക്കിയവർ രണ്ട്‌ ടീമുകളായി തിരിഞ്ഞ്‌ സ്വയം സംരംഭങ്ങൾക്ക് തയ്യാറെടുക്കുകയാണ്. സംഘത്തിലെ ബിന്ദു, ജിജി, ജിബിഷ, നിത്യ എന്നിവർ തായംപൊയിൽ കേന്ദ്രീകരിച്ചും രമ്യ, സൗമ്യ, റീത്ത, ഷിജിന, ഷൈജ എന്നിവർ മയ്യിൽ ടൗണിലും സംരംഭം തുടങ്ങാനുള്ള തയ്യാറെടുപ്പുകൾ നടത്തിവരുന്നു.

  പുരുഷ കേന്ദ്രീകൃതമായ മേഖലയിലേയ്ക്ക് സ്ത്രീകളുടെ സാന്നിദ്ധ്യം ഉറപ്പാക്കണം എന്ന തീരുമാനമാണ് ഈ ഉദ്യമത്തിനു പിന്നിലെന്ന് മയ്യിൽ പഞ്ചായത്ത് പ്രസിഡൻ്റ് എം.വി അജിത ന്യൂസ് ദെൻനോട് പറഞ്ഞു.

തങ്ങളുടെ ജീവിത മാറ്റങ്ങൾക്ക് ഈ സ്വയം തൊഴിൽ കാരണമാകുമെന്ന ഉറച്ചവിശ്വാസത്തോടെയാണ് ഇവർ മുന്നോട്ട്പോകുന്നത്.
പരിശീലനപരിപാടിയുടെ സമാപനത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ് എം.വി അജിത സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

Back to top button
error: