KeralaNEWS

കോര്‍പറേഷന്‍ സെക്രട്ടറിയെ വളഞ്ഞിട്ട് തല്ലി കോണ്‍ഗ്രസുകാര്‍; ഉപരോധസമരത്തിനിടെ വ്യാപക അക്രമം

കൊച്ചി: ബ്രഹ്‌മപുരം വിഷയത്തില്‍ കൊച്ചി കോര്‍പറേഷന് മുന്നിലെ കോണ്‍ഗ്രസ് ഉപരോധത്തിനിടെ വ്യാപക അക്രമം. ഓഫീസിലെത്തിയ ജീവനക്കാരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. കോര്‍പറേഷന്‍ സെക്രട്ടറി ബാബു അബ്ദുല്‍ ഖാദറിനെയും ക്ലാര്‍ക്ക് വിജയകുമാറിനെയും വളഞ്ഞിട്ട് തല്ലി. രാവിലെ ഓഫീസിലെത്തിയ മറ്റൊരു ജീവനക്കാരനെ ഓടിച്ചിട്ട് ചവിട്ടുകയാണുണ്ടായത്. സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനെയും ആക്രമിച്ചു.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഡിസിസിയുടെ നേതൃത്വത്തില്‍ ഉപരോധസമരം ആരംഭിച്ചത്. ഒരു കാരണവശാലും ഒരു ജീവനക്കാരനെ പോലും ഈ ഓഫീസിലേക്ക് കടത്തിവിടരുതെന്നായിരുന്നു ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് പറഞ്ഞിരുന്നത്.

തുടര്‍ന്ന് ഒന്‍പത് മണിക്ക് ശേഷം ഓഫീസിലേക്ക് എത്തിയ ആറുജീവനക്കാരെ പോലീസ് സുരക്ഷിതരായി അകത്ത് കയറ്റി. ഇതിനിടെ ഒറ്റക്ക് ഓഫീസിലേക്ക് എത്തിയ ഒരു ജീവനക്കാരനെ ശ്രദ്ധയില്‍ പെട്ടതോടെ പ്രവര്‍ത്തകര്‍ പ്രകോപിതരാവുകയായിരുന്നു. ആക്രോശത്തോടെ പാഞ്ഞടുക്കുന്ന പ്രവര്‍ത്തകരെ കണ്ട് ബസില്‍ കയറി രക്ഷപെടാന്‍ ശ്രമിച്ച ജീവനക്കാരനെ പ്രതിഷേധകരില്‍ ഒരാള്‍ പിന്നില്‍ നിന്ന് ചവിട്ടി. ഇയാള്‍ക്ക് നേരെ കുപ്പി വലിച്ചെറിയുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് മീഡിയവണ്‍ ക്യാമറാമാന്‍ അനില്‍ എം. ബഷീറിനു മര്‍ദനമേറ്റത്. പോലീസിനെ പ്രവര്‍ത്തകര്‍ അസഭ്യം പറഞ്ഞത് ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയായിരുന്നു സംഭവം. കോര്‍പറേഷന്‍ ജീവനക്കാരെ പോലീസ് സംരക്ഷണയില്‍ അകത്തേക്ക് കയറ്റുന്നുണ്ടെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. തുടര്‍ന്ന് പോലീസിന് നേരെ അസഭ്യവര്‍ഷം നടത്തുകയായിരുന്നു. ഇത് ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് അനിലിന് നേരെ ആക്രമണമുണ്ടായത്.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്ത പന്ത്രണ്ട് മണിക്കൂര്‍ ഉപരോധ സമരത്തിനില്‍ വ്യാപകമായ അക്രമമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്നത്. ഉദ്ഘാടനം ചടങ്ങില്‍ സുധാകരന്‍ സംസാരിക്കുമ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിക്രമം നടത്തുന്നുണ്ടായിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണി വരെയായിരുന്നു ഉപരോധസമരം.

 

Back to top button
error: