IndiaNEWS

കൊട്ടിഘോഷിച്ച് തുറന്നു കൊടുത്തിട്ട് ദിവസങ്ങള്‍ മാത്രം; ബംഗളുരു-മൈസൂര്‍ അതിവേഗ പാത പൊളിഞ്ഞു

ബംഗളുരു: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം തുറന്നുകൊടുത്ത ബംഗളുരു-മൈസൂര്‍ അതിവേഗ പാത പൊളിഞ്ഞു. ബിഡദിക്ക് സമീപമുള്ള മേല്‍പ്പാലത്തിലാണ് വലിയ കുഴി രൂപപ്പെട്ടത്. കേടുപാടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) ഉദ്യോഗസ്ഥര്‍ അറ്റകുറ്റപ്പണികള്‍ നടത്തി.

നവീകരിച്ച ബംഗളുരു-മൈസൂര്‍ ദേശീയപാത ഞായറാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നുകൊടുത്തത്. കഴിഞ്ഞ വര്‍ഷം ഒരു ട്രക്ക് മറിഞ്ഞിടത്താണ് കേടുപാടുകള്‍ സംഭവിച്ചതെന്നാണ് വിവരം. ഈ ഭാഗത്തുകൂടി സഞ്ചരിച്ച നിരവധി വാഹനങ്ങള്‍ക്ക് മുന്‍പ് അപകടം നേരിട്ടതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. മേല്‍പ്പാലത്തിന്റെ സ്പാനുകളെ കൂട്ടിയിണക്കുന്ന സ്ഥലത്താണ് തകരാര്‍ നേരിട്ടതെന്ന് മൈസൂരു-കുടകില്‍ നിന്നുള്ള ലോക്‌സഭാംഗം പ്രതാപ് സിംഹ പറഞ്ഞു. അറ്റകുറ്റ പണികള്‍ നടക്കുന്നതിന്റെ ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് (ഐആര്‍സി) നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ചല്ല പാത നിര്‍മ്മിച്ചതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപിച്ചു. പാതയുടെ നിര്‍മ്മാണം അശാസ്ത്രീയമാണെന്നും പാതയുടെ നിര്‍മ്മാണത്തിനുപയോഗിച്ച സാധനങ്ങള്‍ക്ക് നിലവാരമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, എക്‌സ്പ്രസ് വേയുടെ പ്രധാന പാതയില്‍ അടക്കം നിര്‍മ്മാണം പൂര്‍ത്തിയാകാനുണ്ടെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പാതയുടെ ഉദ്ഘാടനം തിരക്കിട്ട് നടത്തിയതെന്നും പ്രദേശത്തെ കര്‍ഷകര്‍ ആരോപിച്ചു. റോഡിന് സ്ഥലം വിട്ടുനല്‍കിയ 99% കര്‍ഷകരും ഈ പാതയിലൂടെ യാത്ര ചെയ്യുന്നവരല്ല. ഉത്പാദിപ്പിക്കുന്ന വിളകള്‍ പ്രധാന റോഡിലെത്തിക്കാന്‍ തങ്ങള്‍ക്ക് നല്ല റോഡ് വേണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. മൈസൂരു, മാണ്ഡ്യ ഭാഗത്തുള്ള 99% കര്‍ഷകരും ഈ റോഡ് ഉപയോഗിക്കുന്നവരല്ല. ഒരു ശതമാനം ആളുകള്‍ക്കു വേണ്ടിയാണോ ഈ സൗകര്യങ്ങള്‍ ഒരുക്കിയതെന്ന് കര്‍ഷകര്‍ ചോദിക്കുന്നു.

 

Back to top button
error: