KeralaNEWS

ബഫര്‍ സോണ്‍ വിധി ഭേദഗതി ചെയ്താല്‍ ആശങ്ക തീരുമല്ലോ? കേരളത്തിന് പ്രതീക്ഷ നല്‍കി സുപ്രീംകോടതി

ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ വിഷയത്തില്‍ കേരളത്തിനു പ്രതീക്ഷ നല്‍കി സുപ്രീം കോടതി. ബഫര്‍സോണ്‍ വിധി ഭേദഗതി ചെയ്താല്‍ ആശങ്കകള്‍ക്ക് പരിഹാരമാകില്ലേയെന്ന് എന്നു വാദത്തിനിടെ സുപ്രീം കോടതി ചോദിച്ചു. ഭേദഗതി ചെയ്താലും ഒരു കിലോമീറ്റര്‍ പരിധിയില്‍ ഖനനം അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ പരിധിയിലെങ്കിലും പരിസ്ഥിതി ലോല മേഖല വേണമെന്നാണ് സുപ്രീം കോടതി വിധി. ജസ്റ്റിസ് ബി.ആര്‍.ഗവായ് ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കാര്യങ്ങള്‍ ബോധിപ്പിക്കുന്നതില്‍ വീഴ്ച വന്നതായി കേരളത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അന്തിമ വിജ്ഞാപനവും കരടവ് വിജ്ഞാപനവുമിറങ്ങിയ കേരളത്തിലെ 17 സംരക്ഷിത മേഖലകളെ ബഫര്‍ സോണ്‍ വിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. കേരളത്തിന്റെ മൂന്നില്‍ ഒരു ഭാഗം വനമാണ്. ഇതിനു ചുറ്റും ജനം തിങ്ങിപ്പാര്‍ക്കുന്നുണ്ട്. ഇവരെ മാറ്റിപ്പാര്‍പ്പിക്കുക അസാധ്യമാണെന്നും കേരളം കോടതിയെ അറിയിച്ചു. വിധിയില്‍ ഭേദഗതിയും ഇളവുകളും തേടി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ അപേക്ഷകള്‍ ഉത്തരവിനായി കോടതി മാറ്റി.

Signature-ad

ബഫര്‍സോണ്‍ നിശ്ചയിക്കുമ്പോള്‍, അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു സമ്പൂര്‍ണ നിരോധനം പറ്റില്ലെന്നു സുപ്രീം കോടതി ഇന്നലെ വാക്കാല്‍ നിരീക്ഷിച്ചിരുന്നു. ബഫര്‍സോണില്‍ പുതിയ നിര്‍മാണം വിലക്കുന്ന പരാമര്‍ശം കഴിഞ്ഞ ജൂണില്‍ കോടതി പുറപ്പെടുവിച്ച ഉത്തരവിലുണ്ടെന്ന് അമിക്കസ് ക്യൂറി കെ. പരമേശ്വര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ജസ്റ്റിസ് ബി.ആര്‍.ഗവായ് ഉള്‍പ്പെട്ട ബെഞ്ചിന്റെ പ്രതികരണം. അവിടെ താമസിക്കുന്നവരുടെ തൊഴില്‍, ടൂറിസം എന്നിവയെ ബാധിക്കുമെന്നും നിര്‍മാണ നിരോധനം പ്രായോഗികമല്ലെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു. ഖനനം പോലെ ഈ മേഖലയില്‍ നിരോധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു മാത്രമാണ് ബഫര്‍സോണ്‍ വിധിയിലൂടെ ലക്ഷ്യമിട്ടതെന്നു കോടതി പറഞ്ഞു.

Back to top button
error: