IndiaNEWS

തരൂരിന് തടയിടാന്‍ ജയശങ്കറോ? വിദേശകാര്യമന്ത്രിക്കായി ബിജെപി പരിഗണിക്കുന്ന സീറ്റുകളില്‍ തിരുവനന്തപുരവും

ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം, ബംഗളൂരു റൂറല്‍, വിശാഖപ്പട്ടണം റൂറല്‍ എന്നീ മണ്ഡലങ്ങളില്‍ ഒന്നാണ് മത്സരിക്കാന്‍ പരിഗണിക്കുന്നത്. നിലവിലെ എം.പി. ശശി തരൂരിനെ തന്നെയാണ് കോണ്‍ഗ്രസ് കളത്തിലിറക്കുന്നതെങ്കില്‍ ജയശങ്കര്‍ കൂടി ബിജെപി ടിക്കറ്റിലെത്തിയാല്‍ ഗ്ലാമര്‍പോരാട്ടമായിരിക്കും നടക്കുക.

തിരുവനന്തപുരം, ബംഗളൂരു റൂറല്‍, വിശാഖപട്ടണം റൂറല്‍ എന്നിവിടങ്ങളിലെ യുവാക്കളെ അഭിസംബോധന ചെയ്യാന്‍ ജയശങ്കറിന് ബി.ജെ.പി. കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് തിരുവനന്തപുരം മണ്ഡലത്തിലെ അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയരുന്നത്. നിലവില്‍ ഗുജറാത്തില്‍നിന്നുള്ള രാജ്യസഭാംഗമാണ് ജയശങ്കര്‍.

നായര്‍സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് തിരുവനന്തപുരം. തമിഴ് ബ്രാഹ്‌മണ സമുദായാംഗമാണ് ജയശങ്കര്‍. കഴിഞ്ഞ മൂന്നു തെരഞ്ഞെടപ്പിലും ശശി തരൂരാണ് ഇവിടെനിന്ന് വിജയിച്ചത്. ഇത്തവണയും തരൂരിനാണ് കോണ്‍ഗ്രസ് ടിക്കറ്റിന് സാധ്യത കൂടുതല്‍. ജയശങ്കറിനെയാണ് ബി.ജെ.പി. സ്ഥാനാര്‍ഥിയാക്കുന്നതെങ്കില്‍ തീ പാറും പോരാട്ടമായിരിക്കും നടക്കുക.

നേരത്തെ, നിയമസഭയിലേക്ക് മത്സരിക്കാനുള്ള താത്പര്യം തരൂര്‍ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം സീറ്റില്‍നിന്ന് തരൂര്‍ പിന്മാറുകയും 2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്താല്‍ മണ്ഡലം നിലനിര്‍ത്താന്‍ മറ്റൊരു മികച്ച സ്ഥാനാര്‍ഥിയെ കണ്ടെത്തല്‍ കോണ്‍ഗ്രസിന് വെല്ലുവിളിയാണ്.

ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന ജയശങ്കര്‍, 38 വര്‍ഷത്തോളം നീണ്ട സര്‍വീസിനിടെ സിംഗപ്പുര്‍, ചൈന, യു.എസ്. തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ത്യയുടെ പ്രതിനിധിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018-ല്‍ സര്‍വീസില്‍നിന്ന് വിരമിച്ച ജയശങ്കര്‍, 2019 ജൂലൈയിലാണ് വിദേശകാര്യമന്ത്രിയായി ചുമതലയേറ്റത്.

അതേസമയം, രാഷ്ട്രീയത്തിനതീതമായി പ്രമുഖ വ്യക്തിത്വങ്ങളെ വിജയിപ്പിക്കുന്നതില്‍ പിശുക്കുകാട്ടാത്ത മണ്ഡലമാണ് തിരുവനന്തപുരം. മലയാളിയായിരുന്നിട്ടുകൂടി കേരളവുമായി വലിയ ബന്ധമില്ലാതിരുന്ന മുന്‍പ്രതിരോധമന്ത്രി വി.കെ. കൃഷ്ണ മേമനാന്‍ അടക്കമുള്ള പ്രതിഭകളെ പാര്‍ലമെന്‍്‌റിലേക്ക് ജയിപ്പിച്ചിട്ടുള്ള പാരമ്പര്യം തിരുവനന്തപുരത്തിനു സ്വന്തമാണ്.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: