Breaking NewsKeralaLead NewsNEWSpolitics

മൂന്നാം തവണയും അടിതെറ്റി വീണ് ജോസ് കെ മാണി; പാലായിൽ തലയെടുപ്പോടെ കാപ്പൻ

പാല: കോട്ടയം ജില്ലയിലെ പാല നിയോജക മണ്ഡലത്തിൽ മാണി സി. കാപ്പൻ വൻ വിജയം നേടി. കടുത്ത പോരാട്ടത്തിന് ഒടുവിൽ 2,991 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കാപ്പൻ ജയിച്ചുകയറിയത്.

16 റൗണ്ടുകൾ പൂർത്തിയായപ്പോൾ 1,35,851 വോട്ടുകൾ എണ്ണിയതിൽ 50,799 വോട്ടുകൾ (37.4%) നേടി കാപ്പൻ മുന്നിലെത്തി. എൽഡിഎഫ് സ്ഥാനാർത്ഥിയായ ജോസ് കെ. മാണിക്ക് 47,808 വോട്ടുകൾ (35.2%) ലഭിച്ചു. എൻഡിഎ സ്ഥാനാർത്ഥി ഷോൺ ജോർജ് 35,304 വോട്ടുകൾ (26.0%) നേടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.ഷോണിന്റെ പ്രകടനം തള്ളിക്കളയാനുമാവില്ല.

Signature-ad

75.07 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലത്തിൽ തുടക്കത്തിൽ തന്നെ ലീഡ് നേടിയ കാപ്പൻ അവസാനത്തോളം അത് നിലനിർത്തുകയായിരുന്നു. ഓരോ റൗണ്ടിലും സ്ഥിരതയാർന്ന മുന്നേറ്റം കാട്ടിയ കാപ്പന്റെ വിജയത്തിന് പ്രാദേശിക പിന്തുണയും വ്യക്തിപരമായ സ്വാധീനവും നിർണായകമായി.

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുതൽ ജോസ് കെ മാണിയ്ക്ക് പ്രതികൂല നിലപാടാണ് പാല എടുത്തിരിക്കുന്നത്. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മാണി സി. കാപ്പനോട് ജോസ് കെ മാണി തോറ്റു. അതിനു പിന്നാലെയാണ് ഇത്തവണയും പരാജയമടഞ്ഞത്.
പാർട്ടിയ്ക്ക് ശക്തമായ അടിത്തറയുണ്ടെങ്കിലും, പാലയിൽ വ്യക്തിപരമായ പോരാട്ടങ്ങളിൽ തുടർച്ചയായ തിരിച്ചടികൾ ജോസ് കെ മാണി നേരിട്ടുവെന്നത് ശ്രദ്ധേയമാണ്.

ഇക്കുറി തിരിച്ചുവരവ് ലക്ഷ്യമിട്ട് രംഗത്തിറങ്ങിയ ജോസ് കെ. മാണിക്ക് അവസാന ഘട്ടങ്ങളിൽ ലീഡ് മറികടക്കാൻ സാധിക്കാതിരുന്നതോടെ പാലയിൽ കാപ്പൻ വീണ്ടും കരുത്ത് തെളിയിച്ചു. ജില്ലയിലെ രാഷ്ട്രീയത്തിൽ ഈ വിജയം വലിയ സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: