
തമിഴിനു പിന്നാലെ തെലുങ്ക് സിനിമാ അരങ്ങേറ്റത്തിന് ജോജു ജോർജ്. നവാഗതനായ എൻ ശ്രീകാന്ത് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിലെ പ്രമുഖ ബാനറുകളായ ആയ സിതാര എൻറർടെയ്ൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിക്കുന്നത്. പഞ്ച വൈഷ്ണവ് തേജ് നായകനാവുന്ന ചിത്രത്തിൽ പ്രതിനായക കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. ശ്രീലീലയാണ് ചിത്രത്തിലെ നായിക.
ചിത്രത്തിലെ ജോജു അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ ലുക്കിനൊപ്പമാണ് താരത്തിൻറെ തെലുങ്ക് അരങ്ങേറ്റം നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്. ചെങ്ക റെഡ്ഡി എന്നാണ് ജോജു അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രത്തിൻറെ പേര്. സായ് ധരം തേജിൻറെ സഹോദരൻ പഞ്ച വൈഷ്ണവ് തേജിൻറെ കരിയറിലെ നാലാമത്തെ ചിത്രമാണ് വരുന്നത്. ബ്രൗൺ നിറത്തിലുള്ള ഒരു ഷർട്ട് ധരിച്ച് ഒരു കൈയിൽ ആയുധവും മറുകൈയിൽ സിഗരറ്റ് ലൈറ്ററുമായാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ജോജുവിന്റെ നിൽപ്പ്. നെറ്റ്ഫ്ലിക്സ് റിലീസിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ജോജുവിൻറെ ഏറ്റവും പുതിയ ചിത്രം ഇരട്ടയ്ക്ക് അഭിനന്ദനങ്ങളും പുറത്തെത്തിയ തെലുങ്ക് പോസ്റ്ററിൽ ഉണ്ട്.
Buckle up, folks! 🔥 Introducing #JojuGeorge as ferocious, ruthless, troublesome "Chenga Reddy" in #PVT04.
Congrats on the success of #Iratta, Joju sir! 👏 Can't wait to witness more of your ferocity on the big screen 🤩 #PanjaVaisshnavTej @sreeleela14 #SrikanthNReddy pic.twitter.com/81J82xnOui
— Sithara Entertainments (@SitharaEnts) March 15, 2023
മലയാളത്തിന് പുറത്ത് തമിഴിൽ മാത്രമാണ് ജോജു ഇതിന് മുൻപ് അഭിനയിച്ചിട്ടുള്ളത്. ജഗമേ തന്തിരം, ആന്തോളജി ചിത്രം പുത്തം പുതു കാലൈ വിടിയാതാ, ബഫൂൺ എന്നിവയാണ് തമിഴിൽ അഭിനയിച്ചിട്ടുള്ള ചിത്രങ്ങൾ. അതേസമയം തിയറ്റർ റിലീസിൽ കാര്യമായി ശ്രദ്ധിക്കപ്പടാതെപോയ ഇരട്ട നെറ്റ്ഫ്ലിക്സിൻറെ ആഗോള ടോപ്പ് 10 ൽ ഇടംപിടിച്ചിട്ടുണ്ട്. മാർച്ച് 3 ന് നെറ്റ്ഫ്ലിക്സിലൂടെ എത്തിയ ചിത്രം നെറ്റ്ഫ്ലിക്സിൻറെ ആഗോള ടോപ്പ് 10 ലിസ്റ്റിൽ (ഇംഗ്ലീഷ്-ഇതര) നിലവിൽ പത്താം സ്ഥാനത്താണ്. ഈ വാരം മാത്രം 13 ലക്ഷം വാച്ചിംഗ് അവേഴ്സ് ആണ് ചിത്രത്തിന് ലഭിച്ചത്.