ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് തന്റെ ശവക്കുഴി തോണ്ടുന്നത് സ്വപ്നം കാണുമ്പോള്‍ താന്‍ പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടാന്‍ ഉതകുന്ന ബംഗളൂരു-മൈസൂരു എക്സ്പ്രസ്വേയുടെ നിര്‍മാണത്തിന്റെ തിരക്കിലായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘മോദീ തേരി ഖബര്‍ ഖുദേഗി (മോദീ, താങ്കളുടെ ശവക്കുഴി തോണ്ടും)’ എന്ന കോണ്‍ഗ്രസ് മുദ്രാവാക്യത്തെ പരിഹസിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
”കോണ്‍ഗ്രസ് മോദിയുടെ ശവക്കുഴി തോണ്ടുന്നതാണ് സ്വപ്നം കാണുന്നത്. എന്നാല്‍, ഈ രാജ്യത്തെ അമ്മമാരുടെയും സഹോദരിമാരുടെയും ജനങ്ങളുടെയും അനുഗ്രഹം എനിക്ക് സുരക്ഷാകവചം ഒരുക്കുന്ന കാര്യം അവര്‍ക്കറിയില്ല” – മോദി പറഞ്ഞു. 8,172 കോടി രൂപ ചെലവിട്ടു നിര്‍മിച്ച 118 കിലോമീറ്റര്‍ ബെംഗളൂരു-മൈസൂരു അതിവേഗ പാത രാജ്യത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൈസൂരു-കുശാല്‍നഗര്‍ നാലുവരി പാതയുടെ നിര്‍മാണോദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. 4,130 കോടിയാണ് പദ്ധതിയുടെ ചെലവ്.
#WATCH | Congress is dreaming of 'digging a grave of Modi'. Congress is busy in 'digging a grave of Modi' while Modi is busy in building Bengaluru-Mysuru Expressway & easing the lives of poor: PM Modi in Mandya #KarnatakaElections2023 pic.twitter.com/sCA140Xwex
— ANI (@ANI) March 12, 2023
കടുത്ത ഭരണവിരുദ്ധവികാരവും അതിശക്തമായ അഴിമതി ആരോപണങ്ങളും നേരിടുന്ന കര്‍ണാടകയില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരുത്തില്‍ ജനതാദള്‍ എസിന്റെ ശക്തികേന്ദ്രമായ മണ്ഡ്യ പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. പഴയ മൈസൂരു മേഖലയിലെ ഒന്‍പതു ജില്ലകളില്‍ ഒന്നാണ് മണ്ഡ്യ. മൈസൂരു, ചാമരാജനഗര്‍, രാമനഗര, ബംഗളൂരു റൂറല്‍, കോലാര്‍, ചിക്കബെല്ലാപ്പൂര്‍, തുംകുരു, ഹാസന്‍ എന്നിവയാണ് മറ്റു ജില്ലകള്‍.
61 നിയമസഭാ സീറ്റുകളുള്ള ഓള്‍ഡ് മൈസൂരു മേഖല ജെഡിഎസിന്റെ ശക്തികേന്ദ്രമാണ്. കോണ്‍ഗ്രസിനും ഇവിടെ സ്വാധീനമുണ്ട്. 2018ല്‍ തീരദേശ കര്‍ണാടകയിലും മുംബൈ-കര്‍ണാടക മേഖലകളിലും ബിജെപി മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും പഴയ മൈസൂരു മേഖലയിലും ഹൈദരാബാദ്-കര്‍ണാടക മേഖലയിലും ഭൂരിപക്ഷം കുറവായിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന നാലു വിജയ് സങ്കല്‍പ് യാത്രകളില്‍ ആദ്യത്തേത് ചാമരാജനഗര്‍ നിയമസഭാ മണ്ഡലത്തില്‍നിന്ന് ബിജെപി ആരംഭിച്ചു. ഏഴ് മണ്ഡലങ്ങളുള്ള മണ്ഡ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ രണ്ടാമത്തെ റോഡ് ഷോയാണ് ഇന്നു നടത്തിയത്. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വൊക്കലിംഗ ഹൃദയഭൂമിയായ മണ്ഡ്യയിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലും ജെഡിഎസാണ് വിജയിച്ചത്.
ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തിലൂടെ മേഖലയില്‍ കൂടുതല്‍ സീറ്റു നേടുകയാണ് ബിജെപിയുടെ ലക്ഷ്യം. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജെഡിഎസില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും വിജയസാധ്യതയുള്ളവര്‍ ബിജെപിയിലേക്ക് എത്തുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച മണ്ഡ്യയില്‍നിന്നുള്ള എംപി സുമലതയുടെ വരവ് വോട്ടാക്കി മാറ്റാനാകുമെന്നാണ് പാര്‍ട്ടി കരുതുന്നത്.