CrimeNEWS

തിരുവാണിക്കാവ് സദാചാര ആക്രമണം നടന്ന് 19 ദിവസം; കൊലക്കേസ് പ്രതികളെ കണ്ടെത്താനാകാതെ പോലീസ്

തൃശൂര്‍: തിരുവാണിക്കാവില്‍ സദാചാര ഗുണ്ടകളുടെ ക്രൂരമര്‍ദനത്തിനിരയായി ബസ് ഡ്രൈവറായ ചേര്‍പ്പ് സ്വദേശി സഹര്‍ (32) മരിച്ച സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ വ്യാപക പരിശോധനയുമായി പോലീസ്. 50 പൊലീസുകാരടങ്ങിയ സംഘം ചേര്‍പ്പ് മേഖലയില്‍ പുലര്‍ച്ച വരെ പരിശോധന നടത്തിയിട്ടും പ്രതികളെ കുറിച്ച് വിവരം ലഭിച്ചില്ല. സദാചാര മര്‍ദനം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും നടപടിയെടുക്കാതിരുന്ന പോലീസ്, യുവാവ് മരിച്ചതിന് പിന്നാലെ സംഭവം വിവാദമായതോടെയാണ് അന്വേഷണം ഊര്‍ജിതമാക്കിയത്.

പോലീസിന്റെ വീഴ്ചയാണ് പ്രതികളെ സംരക്ഷിക്കുന്നതെന്ന് വ്യാപക വിമര്‍ശനമുണ്ട്. പഴുവില്‍ കോട്ടം നെല്ലിപ്പറമ്പില്‍ രാഹുല്‍, കോട്ട കരിക്കിന്‍തറ വിഷ്ണു, മച്ചിങ്ങല്‍ ടിനോ, മച്ചിങ്ങല്‍ അഭിലാഷ്, കൊടക്കാട്ടില്‍ വിജിത്ത്, കൊടക്കാട്ടില്‍ അരുണ്‍, എട്ടുമന കാരണയില്‍ ജിഞ്ചു ജയന്‍, ചിറക്കല്‍ അമീര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇതില്‍ രാഹുല്‍ വിദേശത്തേക്ക് കടന്നുവെന്നാണ് വിവരം. ഇവരെ കൂടാതെ കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കെതിരെ കൂടി കൊലക്കുറ്റത്തിനു കേസെടുത്തിട്ടുണ്ട്.

Signature-ad

റൂറല്‍ എസ്.പി ഐശ്വര്യ ഡോങ്‌റെയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികള്‍ക്കായി ഇന്നലെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. മര്‍ദനം നടന്ന ആഴ്ചകള്‍ പിന്നിട്ടിട്ടും ഒരാളെ പോലും പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. സഹര്‍ മരിച്ചതോടെയാണ് കേസിന് വീണ്ടും അനക്കമുണ്ടായിരിക്കുന്നത്. പോലീസിന്റെ ഭാഗത്തു നിന്ന് അന്വേഷണത്തില്‍ വന്‍ വീഴ്ചയുണ്ടായതായി വിമര്‍ശനമുണ്ട്. അറസ്റ്റ് വൈകുന്നതില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോയെന്ന കാര്യം പരിശോധിക്കുമെന്ന് എസ്.പി. ഐശ്വര്യ ഡോങ്‌റെ പറഞ്ഞിരുന്നു.

കഴിഞ്ഞ മാസം പതിനെട്ടിന് അര്‍ധരാത്രിയായിരുന്നു ചിറയ്ക്കല്‍ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്തുവച്ച് സഹര്‍ ആക്രമണത്തിന് ഇരയായത്. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപ്രതിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. സഹറിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സമീപത്തെ ക്ഷേത്രത്തിലെ സിസിടിവി ക്യമറയില്‍ മര്‍ദ്ദനദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. രാത്രി അസമയത്ത് സഹറിനെ കണ്ട ചോദ്യം ചെയ്യുകയും മര്‍ദിക്കുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

മര്‍ദ്ദനമേറ്റ സഹര്‍ വീട്ടിലെത്തി കിടന്നെങ്കിലും പുലര്‍ച്ചയോടെ വേദനകൊണ്ട് നിലവിളിച്ചു. ശബ്ദം കേട്ടെത്തിയ മാതാവ് ആദ്യം കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളെജിലേക്കും മാറ്റി. ഒരാഴ്ചയ്ക്കിടെ സഹറിന്റെ ആരോഗ്യ നില വഷളായി. തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ മാര്‍ച്ച് ഏഴിന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

Back to top button
error: