KeralaNEWS

സഭാതര്‍ക്കത്തില്‍ നിയമം വരും; ഉടമസ്ഥാവകാശം ഓര്‍ത്തഡോക്സ് വിഭാഗത്തിന്, യാക്കോബായര്‍ക്ക് ആരാധനാ സ്വാതന്ത്ര്യം

തിരുവനന്തപുരം: ഓര്‍ത്തഡോക്സ്-യാക്കോബായ സഭാതര്‍ക്കം തീര്‍ക്കാന്‍ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നു. നിയമവകുപ്പ് തയ്യാറാക്കിയ കരട് ബില്‍ ഇടതുമുന്നണിയോഗത്തില്‍ ചര്‍ച്ചചെയ്തു. വിശ്വാസപ്രശ്‌നം ക്രമസമാധാനപ്രശ്‌നമായി മാറുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ നിന്നുകൊണ്ട് ഇടപെടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. നിയമ മന്ത്രി പി. രാജീവാണ് ബില്ലിലെ നിര്‍ദേശങ്ങള്‍ വിശദീകരിച്ചത്.

കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശചെയ്ത വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി നേരത്തേ ഒരു ബില്ല് തയ്യാറാക്കിയിരുന്നു. ഓര്‍ത്തഡോക്‌സ് സഭ പരാതിയുമായി രംഗത്തെത്തിയതോടെ മാറ്റംവരുത്തിയാണ് പുതിയ ബില്ല് കൊണ്ടുവരുന്നത്. ഹിതപരിശോധനനടത്തി പള്ളികളിലെ ഭൂരിപക്ഷമനുസരിച്ച് അവകാശം സംരക്ഷിക്കാനുള്ള നിര്‍ദേശമാണ് കമ്മിഷന്‍ ശുപാര്‍ശചെയ്തത്. ഇതിനു പകരം, 2017 ജൂലായ് മൂന്നിലെ സുപ്രീംകോടതി വിധി അനുസരിച്ച് പള്ളികളുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നല്‍കുന്നതാണ് പുതിയ വ്യവസ്ഥ.

ആരാധനാസ്വാതന്ത്രവും പള്ളിയുടെ ഉടമസ്ഥാവകാശവും രണ്ടായി കണക്കാക്കിയാണ് നിയമംകൊണ്ടുവരുന്നത്. ഉടമസ്ഥാവകാശം ഓര്‍ത്തഡോക്സ് സഭയ്ക്കാണെങ്കിലും യാക്കോബായ സഭയ്ക്ക് ആരാധനാസ്വാതന്ത്ര്യം ഉറപ്പുവരുത്തും. ഓരോ പള്ളിക്കുകീഴിലും ഏത് സഭയിലെ അംഗങ്ങളാണ് കൂടുതലുള്ളതെങ്കിലും ഇരുവിഭാഗത്തിനും അവരുടെ ആചാരമനുസരിച്ച് ആരാധന നടത്താം.

ഇതില്‍ തര്‍ക്കമുണ്ടായാല്‍ പരിശോധിക്കാന്‍ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവരടങ്ങുന്ന സമിതി രൂപവത്കരിക്കും. ഇവരുടെ തീരുമാനത്തില്‍ തര്‍ക്കമുണ്ടായാല്‍ 30 ദിവസത്തിനകം അപ്പീല്‍ സര്‍ക്കാരിന് നല്‍കാം. സെമിത്തേരി തര്‍ക്കംതീര്‍ക്കാന്‍ സര്‍ക്കാര്‍ നേരത്തേ നിയമം കൊണ്ടുവന്നിരുന്നു. ഉടമസ്ഥാവകാശം ഏതു വിഭാഗത്തിനാണെങ്കിലും മറ്റു വിഭാഗക്കാര്‍ക്കും ശവസംസ്‌കാരത്തിന് അനുമതി നല്‍കുന്ന വ്യവസ്ഥകളായിരുന്നു ഈ ബില്ലിലുണ്ടായിരുന്നത്.

സുപ്രീംകോടതിയെ മറികടക്കാതെ പ്രശ്‌നം തീര്‍ക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. എല്‍.ഡി.എഫിലെ എല്ലാ കക്ഷികളും യോജിച്ചു. ഈ സഭാസമ്മേളനത്തില്‍ത്തന്നെ ബില്ല് അവതരിപ്പിക്കാനാണ് എല്‍.ഡി.എഫ്. യോഗം ചേര്‍ന്ന് ചര്‍ച്ചചെയ്തതെന്നാണ് സൂചന. എന്നാല്‍, നടപ്പുസമ്മേളനത്തില്‍ അവതരിപ്പിക്കുമോയെന്നകാര്യം ഇടതുമുന്നണിയോഗത്തില്‍ അറിയിച്ചിട്ടില്ല.

ഒരുനൂറ്റാണ്ട് പഴക്കമുള്ളതാണ് ഓര്‍ത്തഡോക്സ് -യാക്കോബായ പള്ളിത്തര്‍ക്കം. 1934-ലെ സഭാ ഭരണഘടന അടിസ്ഥാനമാക്കി ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി സുപ്രീംകോടതിയുടെ വിധി വന്നതോടെ 450 പള്ളികളുടെ ഉടമസ്ഥാവകാശത്തെയാണ് ബാധിച്ചത്. യാക്കോബായ വിഭാഗത്തിന്റെ അധീനതയിലുണ്ടായിരുന്ന 60 പള്ളികളാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിന് ഇങ്ങനെ കൈമാറേണ്ടിവരുന്നത്.

 

 

 

 

 

Back to top button
error: