KeralaNEWS

ആറ്റുകാല്‍ പൊങ്കാലയ്ക്കുശേഷം 95 ലോഡ് ചുടുകല്ലുകള്‍ ശേഖരിച്ചു, ഭവനനിര്‍മാണത്തിന് സംഭാവന ചെയ്യും: ആര്യാ രാജേന്ദ്രന്‍

തിരുവനപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷം ഉപേക്ഷിച്ച ചുടുകല്ലുകള്‍ ശേഖരിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ സ്വീകരിച്ചുവരുകയാണെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചു. പൊങ്കാലയ്ക്ക് ശേഷമുള്ള 95 ലോഡ് ചുടുകല്ലുകളാണ് ഇതുവരെ നഗരസഭ ശേഖരിച്ചത്. ഇന്നും നാളെയുമായി ബാക്കിയുള്ളവയും ശേഖരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാരിന്റെ വിവിധ ഭവന പദ്ധതികളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഭവന നിര്‍മ്മാണത്തിനാണ് കല്ലുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നത്.

വിവിധ മാനദണ്ഡങ്ങള്‍ പരിശോധിച്ച് മുന്‍ഗണനാ അടിസ്ഥാനത്തില്‍ കൂടുതല്‍ അര്‍ഹരായവര്‍ക്ക് കട്ടകള്‍ വിതരണം ചെയ്യുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും, കട്ടകള്‍ ആവശ്യമുള്ളവരുമായ ഗുണഭോക്താക്കള്‍ അപേക്ഷകള്‍ മേയറുടെ ഓഫീസില്‍ നല്‍കുന്നതിന് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. അതിദരിദ്ര വിഭാഗത്തില്‍പ്പെട്ടവര്‍, ആശ്രയ ഗുണഭോക്താക്കള്‍, വിധവ/വികലാംഗര്‍, മാരകരോഗം ബാധിച്ചവര്‍, കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. കട്ടകള്‍ ആവശ്യമുള്ളവര്‍ 13 ന് തിങ്കളാഴ്ച വൈകുന്നേരം 5.00 മണിക്ക് മുമ്പായി അപേക്ഷകള്‍ നഗരസഭ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.നിലവില്‍ 25 അപേക്ഷകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.

Signature-ad

ഇതുമായി ബന്ധപ്പെട്ട് ചില സാമൂഹ്യവിരുദ്ധ മനസ്സുള്ളവര്‍ വ്യാജപ്രചരണം നടത്തിവരുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. എല്ലാ വ്യാജപ്രചാരണങ്ങളെയും മനുഷ്യത്വവിരുദ്ധ ആഹ്വാനങ്ങളെയും നല്ലവരായ മഹാഭൂരിപക്ഷം ഭക്തജനസമൂഹം തള്ളിക്കളഞ്ഞത് പൊങ്കാല ദിവസം കണ്ടതാണ്. നഗരസഭ ശേഖരിച്ച ചുടുകല്ലുകള്‍ സൂക്ഷിച്ചിരിക്കുന്ന പുത്തരിക്കണ്ടം മൈതാനം ഇന്ന് ഡെപ്യൂട്ടി മേയര്‍ പി.കെ.രാജു, കൗണ്‍സിലര്‍ അംശു വാമദേവന്‍ എന്നിവരോടൊപ്പം സന്ദര്‍ശിച്ചു. പാവപ്പെട്ട മനുഷ്യര്‍ക്ക് വേണ്ടി നടത്തിയ ഈ പ്രവര്‍ത്തിയോട് സഹകരിച്ച എല്ലാ നല്ലവരായ മനുഷ്യര്‍ക്കും നന്ദിയും കടപ്പാടും രേഖപെടുത്തുന്നതായി ആര്യ രാജേന്ദ്രന്‍ അറിയിച്ചു.

 

 

 

 

 

 

Back to top button
error: