KeralaNEWS

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധജാഥ 10,11 തീയതികളില്‍ കോട്ടയം ജില്ലയിൽ പ​ര്യടനം നടത്തും

കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ ‘ജനകീയ പ്രതിരോധ ജാഥ’ മാർച്ച് 10, 11 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തും. ജാഥയ്ക്ക്‌ വരവേൽപ്പ്‌ നൽകാനുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായതായി ജില്ലാ സെക്രട്ടറി എ വി റസൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എട്ട്‌ കേന്ദ്രങ്ങളിലായി നടക്കുന്ന സ്വീകരണ പരിപാടിയിൽ പതിനായിരങ്ങൾ അണിനിരക്കും. പരിശീലനം സിദ്ധിച്ച ചുവപ്പുസേനാ അംഗങ്ങൾ എല്ലാ കേന്ദ്രങ്ങളിലും മാർച്ച്‌ ചെയ്‌ത്‌ ജാഥാ ക്യാപ്റ്റനെ അഭിവാദ്യം ചെയ്യും.

കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നിലപാടുകൾക്കും വർഗീയതയ്ക്കുമെതിരെയാണ് ജാഥാപര്യടനം. സംസ്ഥാന സർക്കാർ
നടപ്പാക്കുന്ന വികസന, ക്ഷേമ പദ്ധതികൾ സംബന്ധിച്ചുള്ള അവബോധവും ജനങ്ങളിലെത്തിക്കും. ഫെബ്രുവരി 20ന് കാസർകോടാണ് ജാഥ പര്യടനം തുടങ്ങിയത്. മാർച്ച് 18ന് തിരുവനന്തപുരത്ത് സമാപിക്കും. ഇടുക്കി ജില്ലയിൽ നിന്നാണ് ജാഥ ജില്ലയിലെത്തുന്നത്. പി.കെ. ബിജു (മാനേജർ), സി.എസ്. സുജാത, എം. സ്വരാജ്, ജെയ്ക് സി. തോമസ്, കെ.ടി. ജലീൽ എന്നിവരാണ് ജാഥാ അംഗങ്ങൾ.

10ന് പകൽ മൂന്നിന് പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റികൾ ചേർന്ന് മുണ്ടക്കയത്ത് ജാഥയെ ജില്ലയിലേക്ക് വരവേൽക്കും. തുടർന്ന് സ്വീകരണ സമ്മേളനവും മുണ്ടക്കയത്ത് ചേരും. നാലിന് ചങ്ങനാശേരിയിലും അഞ്ചിന് കോട്ടയത്തും വിപുലമായ സ്വീകരണസമ്മേളനങ്ങൾ നടക്കും. ജില്ലയിലെ പര്യടനത്തിന്റെ രണ്ടാം ദിനമായ 11ന് രാവിലെ 10ന് പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടിയിലാണ് ആദ്യ സ്വീകരണ സമ്മേളനം. 11ന് പാലാ ടൗണിൽ സ്വീകരണം നൽകും. മൂന്നിന് കടുത്തുരുത്തി മണ്ഡലത്തിലെ സ്വീകരണം കുറവിലങ്ങാട്ട് ഒരുക്കും. നാലിന് ഏറ്റുമാനൂരിൽ സ്വീകരണം. വൈകിട്ട് അഞ്ചിന് വൈക്കം മണ്ഡലത്തിലെ തലയോലപ്പറമ്പിലെ സ്വീകരണത്തോടെ ജില്ലയിലെ പര്യടനം സമാപിക്കും. മണ്ഡലങ്ങളിൽ നടക്കുന്ന സ്വീകരണത്തിനായി വിപുലമായ സംഘാടകസമിതികൾ രൂപീകരിച്ചിട്ടുണ്ട്.

വിപുലമായ പ്രചാരണങ്ങളും സംഘടിപ്പിക്കും. കലാജാഥകൾ 6, 7, 8 തീയതികളിലും ഫ്‌ളാഷ് മോബ് 7, 8, 9 തീയതികളിലും ജില്ലയിൽ പര്യടനം നടത്തും. മണ്ഡലങ്ങളിൽ നടക്കുന്ന സ്വീകരണത്തിനായി വിപുലമായ സംഘാടകസമിതികൾ രൂപീകരിച്ചിട്ടുണ്ട്‌. ബ്രാഞ്ച്‌ തലംവരെയുള്ള സംഘാടകസമിതികളുടെ നേതൃത്വത്തിൽ വിപുലമായ പ്രചാരണങ്ങളും ഏറ്റെടുത്തു. എ വി റസൽ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി എ.വി. റസ്സൽ, സംസ്ഥാന കമ്മറ്റി അംഗം കെ.അനിൽകുമാർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.ആർ.രഘുനാഥൻ, സി.ജെ.ജോസഫ്, കെ.എം.രാധാകൃഷ്ണൻ, റെജി സഖറിയ എന്നിവർ പങ്കെടുത്തു.

Back to top button
error: