
ചങ്ങനാശേരി: എം.സി. റോഡിൽ തുരുത്തിയിൽ വാഹനത്തിൽ കൊണ്ടുവന്ന ആന ഇടഞ്ഞു. വാഹനത്തിൽ കൊണ്ടുവന്ന വാഴപ്പള്ളി മഹാദേവൻ എന്ന ആന ഇടഞ്ഞു. ഒന്നര മണിക്കൂറോളം നിന്ന ശേഷം പുറത്തിറങ്ങിയ ആന ലോറി കുത്തി തകർത്തു. ഇതിന് പിന്നാലെ എലിഫൻ്റ് സ്ക്വാഡ് എത്തി മയക്കു വെടിവച്ചു.
ആന ഇടഞ്ഞതോടെ മണിക്കൂറുകളോളം എം.സി. റോഡിൽ തുരുത്തി ഭാഗത്ത് ഗതാഗത സ്തംഭിച്ചു. ബുധനാഴ്ച രാത്രി 10 മണിയോടെ ചങ്ങനാശേരി തുരുത്തി ഈശാനത്തുകാവ് ക്ഷേത്രത്തിനു സമീപമാണ് സംഭവം. ഉത്സവത്തിനു കൊണ്ടുപോയ ശേഷം തിരികെ വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെയാണ് ആനയിടഞ്ഞത്. തുരുത്തിയിലെ ക്ഷേത്രത്തിനു സമീപത്തെ സ്വകാര്യ പുരയിടത്തിൽ കെട്ടാൻ എത്തിക്കുന്നതിനിടെയാണ് സംഭവം.
വാഹനത്തിൽനിന്ന് ഇറങ്ങാൻ കൂട്ടാക്കാതിരുന്ന ആന ലോറിയുടെ കൈവരികൾ കുത്തിമറിച്ച ശേഷമാണ് വാഹനം തകർത്ത് റോഡിലേക്ക് ഇറങ്ങിയത്. തുമ്പികൈ കൊണ്ട് സമീപത്തെ വൈദ്യുതി ലൈൻ വലിച്ചു പൊട്ടിച്ചും പരാക്രമം കാട്ടിയിരുന്നു. ഇതോടെ പ്രദേശം പൂർണമായി ഇരുട്ടിലായി. രാത്രി ഏറെ വൈകി വെറ്റിനറി വിഭാഗം അധികൃതർ എത്തി മയക്കു വെടിവച്ചു.
ഇടഞ്ഞതിനാൽ ആനയുടെ സമീപത്തേക്ക് പാപ്പാൻമാർക്ക് പോകുന്നതിനും പ്രയാസം നേരിട്ടു. ഇതോടെ തിരക്കേറിയ എം.സി റോഡിൽ ഗതാഗതം പൂർണമായും തടസ്സപെട്ടു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. വൻ ജനക്കൂട്ടവും തടിച്ചുകൂടി. ഇടറോഡുകളിലൂടെ വാഹനങ്ങൾ തിരിച്ചുവിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്.