LIFEMovie

ടൊവിനോ ആദ്യമായി ട്രിപ്പിള്‍ റോളിലെത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ സിനിമാ സെറ്റിൽ തീപിടിത്തം; ഷൂട്ടിംഗ് അവസാനിക്കാന്‍ പത്ത് ദിവസം മാത്രം ബാക്കി നില്‍ക്കേയുണ്ടായ അപകടത്തിൽ ലക്ഷങ്ങളുടെ നഷ്ടം

കാസർകോട്: ടൊവിനോ തോമസ് കരിയറിൽ ആദ്യമായി ട്രിപ്പിൾ റോളിൽ അഭിനയിക്കുന്ന ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. നവാഗതനായ ജിതിൻ ലാൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്ന് കാലഘട്ടങ്ങളിലെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ടൊവിനോ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. മണിയൻ, അജയൻ, കുഞ്ഞിക്കേളു എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേരുകൾ. 1900, 1950, 1990 കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം കളരിക്ക് പ്രാധാന്യമുള്ള സിനിമയായിരിക്കും  ‘അജയന്റെ രണ്ടാം മോഷണം’.

ഈ സിനിമയുടെ ഷൂട്ടിംഗ് അവസാനിക്കാൻ വെറും പത്ത് ദിവസം മാത്രം ബാക്കി നിൽക്കെയാണ് ചിത്രത്തിൻറെ ലോക്കേഷനിൽ നിന്നും തീപിടിത്തത്തിൻറെ വാർത്ത വരുന്നത്.  ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിനായി കാസർകോട് ചീമേനിയിൽ ഇട്ട സെറ്റിനാണ് തീപിടിച്ചത്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചുവെന്നാണ് അണിയറക്കാർ അറിയിക്കുന്നത്. തക്കസമയത്ത് തീ അണയ്ക്കാൻ കഴിഞ്ഞതിനാലാണ് വലിയ അപകടം ഒഴിവായത് എന്നാണ് റിപ്പോർട്ട്.

തീപിടിത്തം ചിത്രത്തിൻറെ തുടർന്നുള്ള ചിത്രീകരണത്തെ ബാധിച്ചിട്ടുണ്ട്. അതേ സമയം 112 ദിവസത്തെ ചിത്രീകരണത്തിന് ശേഷം ദിവസങ്ങൾ മാത്രമാണ് ഷൂട്ടിംഗിന് അവശേഷിച്ചിരുന്നത്. ടൊവിനോ തോമസ് തൻറെ ഭാഗങ്ങൾ അടുത്തിടെ പൂർത്തിയാക്കിയിരുന്നു. ഇതിന് ശേഷം വളരെ വികാരഭരിതമായ കുറിപ്പ് ടൊവിനോ പങ്കുവച്ചിരുന്നു. ബിഗ് ബജറ്റ് ചിത്രമായാണ് ‘അജയന്റെ രണ്ടാം മോഷണം’ എത്തുന്നത്. എആർഎം എന്ന ചുരുക്കപ്പേരിൽ മലയാളം അടക്കം അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിസ് എന്നിവയുടെ ബാനറുകളിൽ ഡോ. സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Back to top button
error: