CrimeNEWS

മൂവാറ്റുപുഴയിൽ വീട്ടുജോലിക്കാരിയെ കെട്ടിയിട്ട് സ്വർണ്ണം കവർന്ന കേസ്: നാടകം പൊളിഞ്ഞു! പ്രതി ജോലിക്കാരി തന്നെ

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിൽ പട്ടാപ്പകൽ വീട്ടുജോലിക്കാരിയെ ശുചിമുറിയിൽ പൂട്ടിയിട്ട ശേഷം സ്വർണാഭരണങ്ങളും പണവും കവർന്നുവെന്ന പരാതി ആസൂത്രിത നാടകമെന്ന് പൊലീസ്. പണം കവർന്ന വീട്ടുവേലക്കാരി പത്മിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജോലിക്കാരിയിൽ നിന്നും 55 ഗ്രാം സ്വർണ്ണം പൊലീസ് കണ്ടെടുത്തു.

മൂവാറ്റുപുഴ കളരിക്കൽ മോഹനന്റെ വീട്ടിൽ മാർച്ച് ഒന്നിനാണ് മോഷണം നടന്നത്. മോഹനന്റെ അകന്ന ബന്ധുകൂടിയായ ജോലിക്കാരി പത്മിനിയെ പൂട്ടിയിട്ട് പകൽ 11 മണിക്ക് അക്രമം നടത്തിയെന്നായിരുന്നു പരാതി. വീട് വൃത്തിയാക്കി കൊണ്ടിരുന്ന തന്നെ മുഖം മൂടി ധരിച്ചെത്തിയ ആൾ പുറകിൽ നിന്നും കടന്നുപിടിച്ച് വായിൽ ടവ്വൽ തിരുകി ശുചിമുറിയിൽ അടയ്ക്കുകയായിരുന്നുവെന്നാണ് പത്മിനി നൽകിയ മൊഴി.

കവർച്ചയിൽ മോഹന​ന്റെ മരിച്ചുപോയ ഭാര്യയുടെയും മക്കളുടെയും ചെറുമക്കളുടെയും സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. പത്മിനിയെ പലതവണ ചോദ്യം ചെയ്തപ്പോൾ തോന്നിയ പൊരുത്തക്കേടുകളാണ് ഇവരിലേക്ക് തന്നെ അന്വേഷണം എത്തുന്നത്. വിരലടയാള വിദഗ്ധർ നടത്തിയ പരിശോധനയും പത്മിനിക്കെതിരായിരുന്നു. തുടർച്ചയായി നടത്തിയ ചോദ്യം ചെയ്യലിൽ പത്മിനി കുറ്റം സമ്മതിച്ചു.

കവർച്ചയിൽ മറ്റാരും പങ്കെടുത്തിട്ടില്ല എന്നാണ് പത്മിനി നൽകുന്ന മൊഴി. വീട്ടിൽ ആരും ഇല്ലാതിരുന്നപ്പോൾ നടത്തിയ നാടകം ആണെന്നും പത്മിനി പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്ത പൊലീസ് വീടിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും 55 ഗ്രാം ആഭരണങ്ങൾ കണ്ടെടുത്തു. കഴിഞ്ഞ ഒരു വർഷമായി പത്മിനി മോഹനന്റെ വീട്ടിലാണ് ജോലി ചെയ്യുന്നത്.

Back to top button
error: