‘വേലൈക്കാരൻ’ എന്ന രജനീകാന്ത് ചിത്രം മലയാളത്തിലെത്തിയിട്ട് 36 വർഷം
സിനിമ ഓർമ്മ
രജനീകാന്ത് അഭിനയിച്ച ‘വേലൈക്കാരൻ’ മലയാളം പതിപ്പിന് 36 വർഷമായി. 1983 മാർച്ച് 7 നായിരുന്നു കവിതാലയയുടെ ബാനറിൽ കെ ബാലചന്ദർ നിർമ്മിച്ച് എസ്.പി മുത്തുരാമൻ സംവിധാനം ചെയ്‌ത ബ്ലോക്ക്ബസ്റ്റർ തമിഴ് ചിത്രം പ്രദർശനത്തിനെത്തിയത്. അതിന്റെ മലയാളം ഡബ്ബിങ്ങ് (ജോലിക്കാരൻ) ഒരുക്കിയത് അമൃത ചാനലാണ്. 1982ൽ പുറത്തിറങ്ങിയ അമിതാഭ് ബച്ചന്റെ ‘നമക് ഹലാൽ’ എന്ന ഹിന്ദി ചിത്രത്തെ അധികരിച്ച് ബാലചന്ദറാണ് ‘വേലൈക്കാര’ന് തിരക്കഥയെഴുതിയത്. അമലയാണ് നായിക.
സ്വത്തിന് വേണ്ടി അനുജൻ ചേട്ടനെ ചതിച്ച് കൊന്നു. കെ ആർ വിജയയുടെ വേലക്കാരി ചേട്ടന്റെ മകനെ രക്ഷപെടുത്തി. അവനെ (ശരത് ബാബു) വിദേശത്ത് അയച്ചു പഠിപ്പിച്ചു. വേലക്കാരിക്ക് അവരുടെ സ്വന്തം മകനുമായി (രജനീകാന്ത്) പണ്ടേ ബന്ധം നഷ്ടപ്പെട്ടിരുന്നു. വിദേശത്ത് നിന്ന് മുതലാളിപ്പയ്യൻ തിരിച്ചു വരുന്നത് മുതൽ കഥ നടക്കുന്നത് മുതലാളിയുടെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് (ചെന്നൈയിലെ ചോള ഷെറാട്ടൺ). അവിടെ ജോലി ചെയ്യുന്ന വേലക്കാരിയുടെ സ്വന്തം മകൻ മുതലാളിപ്പയ്യന്റെ സുഹൃത്താവുന്നു. പയ്യനെ കൊല്ലാൻ ചിറ്റപ്പനും മകനും (നാസർ) പ്ലാനിടുന്ന പദ്ധതിയോരോന്നും പൊളിക്കുന്നത് ‘വേലൈക്കാര’നാണ്. അവസാന പദ്ധതിയും പൊളിച്ച ശേഷം പയ്യൻ പറയുന്നു, ‘ഇനി മുതൽ നീയെന്നെ മുതലാളിയെന്ന് വിളിക്കേണ്ട. കാരണം നമുക്ക് രണ്ടു പേർക്കും ഒരമ്മയാണ്’ എന്ന്.
നാസറിന്റെ ആദ്യകാല വില്ലൻ വേഷങ്ങളിലൊന്നാണ് ഈ ചിത്രത്തിലേത്.
ഇളയരാജയ്ക്ക് വേണ്ടി നാഗൂർ ബാബു എന്ന മനോ എന്ന ഗായകൻ ആദ്യമായി പാടുന്നത് ഈ ചിത്രത്തിലാണ്. രാജായുടെ ‘വേലയില്ലാത വന്താ’ (രജനിയുടെ ഇൻട്രോ ഗാനം), ‘വാ വാ കണ്ണാ വാ,’ ‘തോട്ടത്തില് പാട്ടി കെട്ടി,’ ‘എനക്ക് താ, പെറ്റ് എടുത്തവതാൻ,’ ‘മാമനുക്ക് മൈലാപ്പൂര്’ എന്നീ ഗാനങ്ങൾ വൻ ഹിറ്റായി.
ദ പാർട്ടി എന്ന ഹോളിവുഡ് കോമഡി ചിത്രത്തിലെ ഇന്ത്യൻ കഥാപാത്രമാണ് ബച്ചനും പിന്നീട് രജനിയും അവതരിപ്പിച്ച കഥാപാത്രത്തിന് മാതൃക.
സമ്പാദകൻ: സുനിൽ കെ ചെറിയാൻ