KeralaNEWS

‘ഫാക്ടറിപ്പുകയുറഞ്ഞാസ്ത്മാ വലിക്കാത്തൊ രോക്സിജന്‍ വീശുന്ന നാടെവിടെ മക്കളേ,’ പ്ലാസ്റ്റിക് വിഷപ്പുകയിൽ ശ്വാസംമുട്ടി കൊച്ചി നഗരം

‘ഫാക്ടറിപ്പുകയുറഞ്ഞാസ്ത്മാ വലിക്കാത്തൊരോക്സിജന്‍ വീശുന്ന നാടെവിടെ മക്കളേ’ എന്ന് കവി അയ്യപ്പപണിക്കർ ചോദിച്ചിട്ട് കാലം അധികമൊന്നും ആയില്ല. ഇതാ തുടർച്ചയായ നാലാം ദിവസവും വിഷപ്പുകയിൽ മുങ്ങി കൊച്ചി. നഗരത്തിന് മേൽ പുക പടരുകയാണ്. കോർപറേഷന്റെ ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തെ തുടർന്നുണ്ടായ വിഷപ്പുകയാണ് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത്. പാലാരിവട്ടം, കലൂര്‍ സ്റ്റേഡിയം, മരട്, കുമ്പളം ഭാഗത്തും കനത്ത പുക വ്യാപിച്ചു. നഗരത്തിലെ വായുമലിനീകരണം പാരമ്യത്തിലെത്തി.  ഇപ്പോൾ 105  മൈക്രോഗ്രാമായാണ് വായുമലിനീകരണ തോത് ഉയര്‍ന്നത്. 40 മൈക്രോഗ്രാമിനു മുകളിലുള്ള മലിനീകരണം ആരോഗ്യത്തിന് അപകടകരമാണ്.

മാലിന്യ കേന്ദ്രത്തിലെ തീ പൂര്‍ണമായും നിയന്ത്രിക്കാനുള്ള ഊര്‍ജിത ശ്രമം തുടരുകയാണ്. തീപിടിത്തമുണ്ടായ 75 ഏക്കര്‍ പ്രദേശത്തെ ആറ് മേഖലകളായി തിരിച്ചാണ് തീയണയ്ക്കല്‍ പുരോഗമിക്കുന്നത്. .

Signature-ad

അതേസമയം, കാറ്റിന്റെ ദിശ മാറ്റം നടപടികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പ്രദേശത്ത് ഇന്ന് ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട് ജില്ലാ ഭരണകൂടം. വീടിന് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് കളക്ടര്‍ അറിയിച്ചു. ശനിയാഴ്ച രാത്രി മുതൽ കൊച്ചിയുടെ ഹൃദയഭാഗമായ ഇടപ്പള്ളിയിലടക്കം മാനത്ത് പുക മൂടിയ അവസ്ഥയാണ്.

പ്രായമായവർ, കുട്ടികൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ, കൊവിഡ് അനുബന്ധ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ എല്ലാം ജാഗ്രത പാലിക്കണമെന്ന്  ആരോഗ്യവിദഗ്ദ്ധർ  മുന്നറിയിപ്പ് നല്‍കുന്നു. കൊച്ചി നഗരത്തിന് കിഴക്ക് ഭാഗത്തായിട്ടാണ് ബ്രഹ്മപുരം മാലിന്യ പ്ലാൻറ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ഏതാണ്ട് 70-80 ഏക്കറിലായി നിലവിൽ ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടി കിടക്കുകയാണ്. പത്ത് മീറ്റർ ആഴത്തിൽ വരെ ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ തന്നെ തീപിടിച്ച മാലിന്യം കെടുത്തിയാലും പുക വരുന്നത് തുടരും എന്നതാണ് പ്രശ്നം.

അതേസമയം, തീപിടിത്തത്തിൽ അട്ടിമറി സധ്യത പരിശോധിക്കുമെന്നും കേസ് റജിസ്റ്റർ ചെയ്തെന്നും കൊച്ചി കമ്മിഷണർ അറിയിച്ചു.

Back to top button
error: