CrimeNEWS

ശമ്പളവും അവധിയും ചോദിച്ചതിന് ജീവനക്കാരിക്ക് മര്‍ദനം: മാനേജര്‍ അറസ്റ്റില്‍; ഭാര്യയുടെ പേരിലും കേസ്

തിരുവനന്തപുരം: ശമ്പളവും അവധിയും നല്‍കാതെ വീട്ടില്‍പോകാന്‍ അനുവദിക്കാത്തതിനെ ചോദ്യംചെയ്ത സ്വകാര്യ ഏജന്‍സിയിലെ ജീവനക്കാരിയെ മര്‍ദിച്ച ബ്രാഞ്ച് മാനേജരെ പോലീസ് അറസ്റ്റുചെയ്തു. വഴുതൂര്‍, അറകുന്ന് കടവ് റോഡില്‍ വാടകയ്ക്കു പ്രവര്‍ത്തിക്കുന്ന മുളയ്ക്കല്‍ ഏജന്‍സീസിന്റെ ബ്രാഞ്ച് മാനേജര്‍ വയനാട് പച്ചിലക്കാട്, കുന്നക്കാട്ടുപറമ്പില്‍ അരുണ്‍ദാസ്(38) ആണ് അറസ്റ്റിലായത്. യുവതിയെ അസഭ്യം പറഞ്ഞതിനു പ്രതിയുടെ ഭാര്യ പ്രിന്‍സിയുടെ പേരില്‍ പോലീസ് കേസ് എടുത്തു.

അരുണ്‍ദാസ്

മുളയ്ക്കല്‍ ഏജന്‍സീസിലെ ഫീല്‍ഡ്സ്റ്റാഫായ വയനാട് ഇടമന ആലകണ്ടിവീട്ടില്‍ നന്ദന(20)യെയാണ് പ്രതി മര്‍ദിച്ചത്. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ ഏജന്‍സി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍വെച്ചായിരുന്നു മര്‍ദനം. നന്ദനയെ അരുണ്‍ദാസ് അസഭ്യം പറയുന്നതിന്റെയും ചെകിടത്തടിക്കുന്നതിന്റെയുമൊക്കെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിരുന്നു. തുടര്‍ന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

ഏജന്‍സി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് യുവതിയും ഒപ്പം ജോലിചെയ്യുന്ന വയനാട് തലപ്പുഴ വഴി വരയാല്‍ കാപ്പോട്ടുമലയില്‍ സരിത(19)യും താമസിക്കുന്നത്. പലപ്പോഴും പ്രതി ഇരുവരെയും മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് യുവതികള്‍ മൊഴിനല്‍കി. വീടുകള്‍തോറും കയറി ഭക്ഷ്യവസ്തുക്കളും ഗാര്‍ഹികവസ്തുക്കളും വിപണനം നടത്തുന്ന സ്ഥാപനമാണ് ഈ ഏജന്‍സി.

നാട്ടില്‍ പോകണമെന്ന് പലപ്പോഴും യുവതികള്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിയും ഭാര്യയും അനുവദിച്ചിരുന്നില്ല. മാത്രമല്ല, ഇവര്‍ക്ക് പണവും നല്‍കിയിരുന്നില്ല.

വെള്ളിയാഴ്ച രാത്രി സ്റ്റോക്ക് വിവരം എടുക്കുന്നതിനിടെ വീട്ടില്‍ പോകണമെന്ന് നന്ദന ആവശ്യപ്പെട്ടതോടെയാണ് പ്രതി ഇവരുടെ ചെകിടത്തടിച്ചത്. പ്രതിയുടെ പേരില്‍ 354-ാം വകുപ്പ് പ്രകാരം കേസ് എടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിയുടെ ഭാര്യ പ്രിന്‍സിയുടെ പേരില്‍ കേസ് എടുത്തശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: