LocalNEWS

വിനോദ സഞ്ചാരികളുടെ  ശിക്കാര വള്ളം അഷ്ടമുടിക്കായലിൽ  മുങ്ങി, എട്ടുപേരടങ്ങുന്ന സംഘം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

    അഞ്ചാലുംമൂട് (കൊല്ലം): അഷ്ടമുടിക്കായലിൽ വിനോദ യാത്രക്കാർ സഞ്ചരിച്ച ശിക്കാര വള്ളം മുങ്ങി അപകടം. വള്ളത്തിലുണ്ടായിരുന്ന മൂന്നു മാസം പ്രായമുള്ള കൈക്കുഞ്ഞടക്കം മൂന്നു കുട്ടികളെയും രണ്ടു സ്ത്രീകളെയും ഒരു പുരുഷനെയും ജീവനക്കാരെയും രക്ഷപ്പെടുത്തി. പിന്നാലെ വന്ന സംസ്ഥാന ജലഗതാഗത വകുപ്പിൻ്റെ ബോട്ടിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലാണ് വള്ളത്തിലെ ജീവനക്കാരടക്കം എട്ടുപേർക്കും ജീവൻ തിരിച്ചുകിട്ടിയത്.

ശനിയാഴ്ച വൈകീട്ട് നാലു മണിക്കാണ് അപകടം. മൂന്നുമാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ എട്ടുപേരടങ്ങുന്ന സംഘം ഉച്ചയ്ക്ക് രണ്ടിന് അരിനല്ലൂർ പട്ടകടവ് ഭാഗത്തുനിന്നാണ്‌ യാത്ര തിരിച്ചത്‌. വള്ളത്തിന്റെ ഒരു വശത്തെ പലകയിളകി അകത്തേക്ക് വെള്ളം കയറിയതാണ് അപകടകാരണം. പെരിങ്ങാലത്തുനിന്ന് കോയിവിളയ്ക്ക് വരികയായിരുന്ന ജലഗതാഗതവകുപ്പിന്റെ ബോട്ടിലെ യാത്രക്കാരായ വിദ്യാർഥികളാണ് വള്ളം മുങ്ങുന്നതു കണ്ടത്. കോയിവിള ബോട്ടുെജട്ടിക്കു സമീപം എത്തിയ ബോട്ട്‌, പത്ത് മിനിറ്റോളം തിരികെ ഓടിച്ചാണ് വള്ളത്തിനടുത്ത് എത്തിയത്. അപ്പോഴേക്കും വള്ളം പകുതിയിലധികം മുങ്ങിയിരുന്നു.

ബോട്ടിലെ യാത്രക്കാരും ജീവനക്കാരും ചേർന്ന് വള്ളത്തിലുണ്ടായിരുന്നവരെ രക്ഷിച്ച് ബോട്ടിൽ കയറ്റി. വള്ളം കെട്ടിവലിച്ച് കരയ്ക്കെത്തിച്ചു. അപകടകരമായ രീതിയിൽ സവാരി നടത്തിയതിന് ശിക്കാര വള്ളത്തിലെ ജീവനക്കാരനെതിരേ കേസെടുത്തു. വള്ളം ഉടമയ്ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് തെക്കുംഭാഗം എസ്.എച്ച്.ഒ. ദിനേഷ്‌കുമാർ പറഞ്ഞു.

ബോട്ട് ജീവനക്കാരായ സാമുവൽ, രാജു, അജയകുമാർ, കൃഷ്ണൻകുട്ടി, ആദർശ് എന്നിവരുടെ സമയോചിതമായ ഇടപെടലിലാണ് ആളപായം ഒഴിവായത്.

Back to top button
error: