IndiaNEWS

മോദിക്കെതിരേ പ്രതിപക്ഷ ഐക്യനീക്കത്തിന് തിരിച്ചടി; ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് മമത

കൊല്‍ക്കത്ത: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കു മല്‍സരിക്കുമെന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപിക്കെതിരെ വിശാല സഖ്യത്തിനില്ലെന്നു മമത വ്യക്തമാക്കിയത് ദേശീയതലത്തിലെ പ്രതിപക്ഷ ഐക്യനീക്കത്തിനു വന്‍ തിരിച്ചടിയായി.

തൃണമുല്‍ കോണ്‍ഗ്രസ് ജനങ്ങളുമായാണു സഖ്യമുണ്ടാക്കുകയെന്ന് മമത പറഞ്ഞു. ”ജനപിന്തുണയോടെ ഒറ്റയ്ക്കു പോരാടും. ബിജെപിയെ തോല്‍പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ടിഎംസിക്ക് വോട്ടുചെയ്യും. കോണ്‍ഗ്രസിനും സിപിഎമ്മിനും വോട്ടുചെയ്യുന്നവര്‍ ബിജെപിക്ക് വോട്ടുചെയ്യും. ബിജെപിക്കും കോണ്‍ഗ്രസിനും സിപിഎമ്മിനും പരസ്പര സഹായക ബന്ധമാണുള്ളത്” -മമത കുറ്റപ്പെടുത്തി.

പൊതു തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിശാല പ്രതിപക്ഷമെന്ന ആശയത്തില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ ശ്രമിക്കുന്നതിനിടെയാണു മമതയുടെ പ്രഖ്യാപനം. നിലവില്‍ തൃണമൂലിനു ലോക്‌സഭയില്‍ 23 എംപിമാരുണ്ട്. കോണ്‍ഗ്രസ് (52), ഡിഎംകെ (24) എന്നിവര്‍ക്കുശേഷം ഏറ്റവും വലിയ മൂന്നാമത്തെ പ്രതിപക്ഷ കക്ഷിയാണ് തൃണമൂല്‍.

അതേസമയം, മൂന്നാം മുന്നണിയെന്ന ആശയം ബുധനാഴ്ച തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ. സ്റ്റാലിന്‍ തള്ളിക്കളഞ്ഞിരുന്നു. കോണ്‍ഗ്രസ് ഇല്ലാതെയുള്ള പ്രതിപക്ഷമെന്ന ആശയത്തെ പിന്തുണയ്ക്കാമെന്ന് ചില പാര്‍ട്ടികള്‍ ഉന്നയിക്കുന്നതിനിടെയായിരുന്നു സ്റ്റാലിന്റെ പരാമര്‍ശം. തൃണമൂലിനൊപ്പം എഎപിയും പലപ്പോഴും കോണ്‍ഗ്രസുമായി കൊമ്പുകോര്‍ക്കാറുണ്ട്.

Back to top button
error: