
ബംഗളൂരു: അമ്മ മരിച്ചതറിയാതെ 11 വയസ്സുകാരന്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ടു ദിവസം. അയല്‍വീടുകളില്‍ നിന്നു ഭക്ഷണം കഴിച്ചും സ്‌കൂളില്‍ പോയി തിരികെയെത്തിയും മൃതദേഹത്തിനൊപ്പം കിടന്നുറങ്ങിയും 2 ദിവസം പിന്നിട്ടിട്ടും അമ്മയുടെ വിയോഗം കുട്ടി തിരിച്ചറിഞ്ഞില്ല. ദുര്‍ഗന്ധം വമിച്ചതോടെയാണ് നഗര മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം പുറംലോകമറിഞ്ഞത്.
ബംഗളുരു ആര്‍.ടി. നഗറിലാണ് സംഭവം. അന്നമ്മ (40) എന്ന സ്ത്രീയാണ് മരിച്ചതെന്നു തിരിച്ചറിഞ്ഞുണ്ട്. സംസാരശേഷിയില്ലാത്ത ഇവര്‍ മലയാളിയാണെന്നാണ് സൂചന. ഹൈപ്പര്‍ടെന്‍ഷനും പ്രമേഹവുമുള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ യുവതിയെ അലട്ടിയിരുന്നു.
ഭര്‍ത്താവു മരിച്ചതിനെ തുടര്‍ന്ന് കുറച്ചു വര്‍ഷങ്ങളായി അന്നമ്മയും മകനും മാത്രമാണ് യെല്ലമ്മ ക്ഷേത്രത്തിനു സമീപത്തെ വീട്ടില്‍ താമസിച്ചിരുന്നത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അന്നമ്മ ജോലിക്കു പോയിരുന്നില്ല. അസുഖമായതിനാല്‍ അമ്മ ഉറങ്ങുകയാണെന്നാണ് കരുതിയതെന്ന് കുട്ടി പോലീസിനോടു പറഞ്ഞു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.