IndiaNEWS

തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമനത്തിന് സ്വതന്ത്ര സമിതി; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങളെ നിയമിക്കാന്‍ സ്വതന്ത്രസമിതിയെ നിയോഗിച്ച് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. ഇതിനായി പ്രധാനമന്ത്രിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും ഉള്‍പ്പെട്ട കൊളീജിയം രൂപീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. സുപ്രീംകോടതി ചീഫ് ജസ്റ്റിസും കൊളീജിയത്തില്‍ ഉള്‍പ്പെടും. മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷനെയും അംഗങ്ങളെയും ഈ കൊളീജിയമാകും തീരുമാനിക്കുക.

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്നവരുടെ പേരുകള്‍ അംഗീകരിച്ച് തെരഞ്ഞെടുപ്പു കമ്മിഷന്‍ അംഗങ്ങളെ രാഷ്ട്രപതി നിയമിക്കുന്നതാണ് നിലവിലെ രീതി. ഈ രീതി മാറ്റിയാണ് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഉള്‍പ്പെട്ട കൊളീജിയം രൂപീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് ഇല്ലാത്ത സാഹചര്യം വന്നാല്‍, ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവാകും കൊളീജിയത്തിലെ പ്രതിനിധി.

ഈ സമിതി ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നവരെയാകും ഇനി രാഷ്ട്രപതി നിയമിക്കുക. തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങളുടെ നിയമനത്തിനായി സ്വതന്ത്ര സംവിധാനം വേണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജികളിലാണ് ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി. ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറഞ്ഞത്.

 

Back to top button
error: