ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്ററെയും ഭാര്യയെയും അറസ്റ്റ് ചെയ്തു. ഷാരോണ്‍ ഫെലോഷിപ് ചര്‍ച്ചിലെ പാസ്റ്റര്‍ സന്തോഷ് ജോണും (55) ഭാര്യ ജിജിയും(50)യുമാണ് അറസ്റ്റിലായത്. ബജ്രംഗ്ദള്‍ പ്രവര്‍ത്തകനാണ് ഇവര്‍ക്കെതിരേ പരാതി നല്‍കിയത്.
ഗാസിയാബാദ് ഇന്ദിരാ പുരത്താണ് സംഭവം. ദമ്പതികള്‍ ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുവെന്ന് ആരോപിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇരുവരും ക്രിസ്തുമതം സ്വീകരിക്കാന്‍ ആളുകളെ പ്രേരിപ്പിച്ചതായും പരാതിയില്‍ പറയുന്നു.
എന്നാല്‍, ആരോപണം ജോണിന്റെ സഹായി മീനാക്ഷി സിങ് നിഷേധിച്ചു. ഞായറാഴ്ച ജോണും ഭാര്യയും സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ഒരു കൂട്ടം ആളുകള്‍ വന്നു പ്രശ്നം ഉണ്ടാക്കുകയും മതപരിവര്‍ത്തനം നടക്കുന്നതായി ആരോപണം ഉന്നയിക്കുകയുമായിരുന്നു എന്ന് മീനാക്ഷി സിങ് പറയുന്നു. ഇരുവരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇവര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു നടപടിയെന്നും അവര്‍ ആരോപിച്ചു.
2021 ലെ ഉത്തര്‍പ്രദേശ് നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമം പ്രകാരമാണ് ദമ്പതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. അറസ്റ്റിനെതിരേ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി രംഗത്തുവന്നു. ഇത്തരം കാര്യങ്ങള്‍ തുടര്‍ച്ചയായി സംഭവിക്കുമ്പോള്‍ അത് രാജ്യത്തിന് നാണക്കേടുണ്ടാക്കുമെന്ന് സര്‍ക്കാരിന് എന്തുകൊണ്ട് പറഞ്ഞുകൂടാ എന്ന് ശശി തരൂര്‍ ട്വീറ്റിലൂടെ ചോദിച്ചു.