കൊല്ലം: മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ മര്‍ദ്ദിച്ചെന്ന് പരാതി. കരുനാഗപ്പള്ളി സ്വദേശിനിയായ 39 വയസുകാരിക്കാണ് മര്‍ദനമേറ്റത്. യുവതിയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകളാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. നൂറനാട് കെസിഎം ആശുപത്രിക്കെതിരെ ബന്ധുക്കള്‍ കരുനാഗപ്പള്ളി പോലീസില്‍ പരാതി നല്‍കി.
നാല് വര്‍ഷമായി മാനസികപ്രശ്‌നങ്ങള്‍ക്ക് ചികിത്സതേടിയിരുന്ന യുവതിക്കാണ് ആശുപത്രി ജീവനക്കാരില്‍ നിന്ന് ക്രൂരമര്‍ദനം ഏല്‍ക്കേണ്ടിവന്നത്. വണ്ടാനം മെഡിക്കല്‍ കോളിലായിരുന്നു ചികിത്സ. കഴിഞ്ഞ മാസം യുവതിയുടെ അമ്മ അപകടത്തില്‍പ്പെട്ട് ചികിത്സയിലായതിനാലാണ് യുവതിയെ കെസിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫെബ്രുവരി 17നാണ് യുവതിയെ ഇവിടെ അഡ്മിറ്റാക്കിയത്. ഇവിടെവച്ച് അതിക്രൂരമായി മര്‍ദ്ദനമേറ്റെന്നും ശരീരമാസകലം കരിനീലിച്ചു കിടക്കുന്ന പാടുകളാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. യുവതിയുടെ ആരോഗ്യനില മോശമാണെന്നും അവര്‍ പറഞ്ഞു.
യുവതിയുടെ അച്ഛന്‍ ആശുപത്രിയില്‍ കാണാന്‍ ചെന്നപ്പോഴാണ് ശരീരമാസകലം പാടുകള്‍ കണ്ടത്. തുടര്‍ന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, യുവതിയെ മര്‍ദിച്ചതായി കെസിഎം ആശുപത്രി അധികൃതരും സമ്മതിച്ചു. യുവതി അക്രമസ്വഭാവം കാണിച്ചിരുന്നുവെന്നും ജീവനക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ തിരിച്ചടിച്ചതാണെന്നാണ് ഡോക്ടര്‍ പറഞ്ഞു.