
തിരുവനന്തപുരം: കാട്ടായിക്കോണം ഗവ. മോഡല്‍ യുപി സ്‌കൂളില്‍ വിജിലന്‍സ് റെയ്ഡ്. വിവിധ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടത്തിത്തിയതിനെ തുടര്‍ന്നാണ് വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. സ്‌കൂളിലെ പ്രധാന അധ്യാപകനായിരുന്ന നഹാസ് കുട്ടികളുടെ ഉച്ചഭക്ഷണം, പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള ഗ്രാന്‍ഡ് തുടങ്ങിയവയില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതായി മുന്‍പ് നടത്തിയ ഓഡിറ്റിങ്ങില്‍ കണ്ടെത്തിയിരുന്നു.
അധ്യാപക സംഘടനയായ കെ.എസ്.ടിയുടെ എക്‌സിക്യുട്ടിവ് അംഗമെന്ന സ്വാധീനത്തിന്റെ ബലത്തില്‍ പെന്‍ഷന്‍ തടസ്സമില്ലാതെ കിട്ടുന്നതിനുവേണ്ടി പ്രധാന അധ്യാപകന്‍ തന്റെ ഭാര്യ ഷീജയെ സംഘടനയുടെ സഹായത്താല്‍ കണിയാപുരം എ.ഇ.ഒആയി നിയമിക്കുകയായിരുന്നു എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കും മുന്‍പ് ബാധ്യതകള്‍ നിലനില്‍ക്കെ ഭര്‍ത്താവിന്റെ പെന്‍ഷന്‍ സാധ്യമാക്കുന്നതിന് വേണ്ടി എഇഒ ചട്ടവിരുദ്ധമായി ബാധ്യതരഹിതപത്രം തയ്യാറാക്കി കഴക്കൂട്ടം ട്രഷറിയില്‍ നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. പിന്നീട് വകുപ്പുതല അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി ഷീജയെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റി.
ഭര്‍ത്താവിന് പെന്‍ഷന്‍ കിട്ടുന്നതിനുവേണ്ടി വ്യാജ രേഖ ഉണ്ടാക്കി ബാധ്യതരഹിത പത്രം തയ്യാറാക്കിയത് മൂലം സര്‍ക്കാറിന് സാമ്പത്തിക ബാധ്യത ഉണ്ടായതായും അത് ഷീജയുടെ ശമ്പളത്തില്‍ നിന്നും കണ്ടെത്തണമെന്നും ഉത്തരവായി. ഇതിന് പിന്നാലെയാണ് വിജിലന്‍സിന്റെ മിന്നല്‍ പരിശോധന നടക്കുന്നത്.






