KeralaNEWS

ഇസ്രയേലില്‍ അഭയാര്‍ഥി വിസ നേടി ജോലിതേടാന്‍ ശ്രമിച്ചിട്ടില്ല; താമസിച്ചത് പള്ളികളില്‍: ബിജു കുര്യന്‍

കണ്ണൂര്‍: ആധുനിക കൃഷിരീതി പഠിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സംഘത്തിനൊപ്പം പോയി ഇസ്രയേലില്‍ കാണാതായി കേരളത്തില്‍ തിരിച്ചെത്തിയ ഇരിട്ടി സ്വദേശി ബിജു കുര്യന്‍ കണ്ണൂര്‍ ഇരിട്ടിയിലെ വീട്ടിലെത്തി. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയല്ലാതെ മറ്റ് ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് വീട്ടിലെത്തിയ ബിജു പറഞ്ഞു. അഭയാര്‍ഥി വിസയടക്കം നേടിയെടുത്ത് അവിടെ ജോലി തേടാനുള്ള യാതൊരു നീക്കവും തന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ലെന്നും ബിജു വ്യക്തമാക്കി.

താന്‍ താമസിക്കുന്ന ഉളിക്കല്‍ പഞ്ചായത്തില്‍ 33 സെന്റില്‍ കൃഷിയുണ്ട്. പായം പഞ്ചായത്തില്‍ സ്വന്തമായി സ്ഥലങ്ങളുണ്ടെന്നും ഇവിടെ വാഴയടക്കമുള്ള കൃഷിയുണ്ടെന്നും ബിജു പറഞ്ഞു. താന്‍ കര്‍ഷകന്‍ തന്നെയാണ്, അതിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംഘത്തോടൊപ്പം ഇസ്രയേലിലേക്ക് പോയത്. വാര്‍ത്തകള്‍ വന്ന സമയത്ത് തിരികെ വരാനുള്ള ശ്രമം താന്‍ നടത്തിയിരുന്നെന്നും ബിജു പ്രതികരിച്ചു.

Signature-ad

”പുണ്യസ്ഥലങ്ങള്‍ കണ്ടശേഷം സംഘത്തിനൊപ്പം തിരിച്ചു ചേരാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് പോയത്. രണ്ടുദിവസം കൊണ്ട് കണ്ടുവരിക, സംഘത്തിനൊപ്പം തിരിച്ചു ചേരുക, ഞായറാഴ്ച ഒപ്പം മടങ്ങുക എന്നതാണ് ഉദ്ദേശിച്ച കാര്യം. ഒരു ദിവസം ജെറുസലേമിലെ പള്ളിയിലായിരുന്നു. പിന്നെ ബത്ലഹേമിലാണ് പോയത്. ഇരുസ്ഥലങ്ങളിലും പള്ളിയില്‍ തന്നെയാണ് താമസിച്ചത്. ജെറുസലേമില്‍ നിന്ന് ബത്ലഹേമിലേക്ക് പോകുന്ന രണ്ടുപേരുമായി പരിചയപ്പെട്ടു. അവര്‍ മുഖാന്തരമാണ് വൈകുന്നേരമായപ്പോഴേക്കും കാര്യങ്ങള്‍ അറിയുന്നത്. കാണാനില്ലെന്നും പോലീസ് അന്വേഷിക്കുന്നുണ്ടെന്നും വലിയ പ്രശ്നമാണെന്നുമുള്ള കാര്യങ്ങള്‍ വളരെ ഭയപ്പെടുത്തുന്ന രീതിയിലാണ് അറിഞ്ഞത്”- ബിജു പറഞ്ഞു.

ബിജുവിനെതിരേ മൊഴിരേഖപ്പെടുത്തുന്നതില്‍ കവിഞ്ഞ് മറ്റ് നടപടികളിലേക്കൊന്നും പോലീസ് നീങ്ങില്ലെന്നാണ് സൂചന.

 

Back to top button
error: