ആലപ്പുഴ: പള്ളിയും ഗ്രാമപ്പഞ്ചായത്തും തമ്മിലുള്ള നിയമനടപടി ഒത്തുതീര്‍പ്പാക്കാന്‍ കമ്മീഷന്‍ ചോദിച്ചെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐ നേതാവിനെതിരേ അന്വേഷണം നടത്തും. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗവും സിപിഎം ചേര്‍ത്തല ഏരിയ കമ്മിറ്റിയംഗവുമായ യുവ നേതാവിനെതിരേയാണ് അന്വേഷണം. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റംഗം കെ. പ്രസാദും ജില്ലാ കമ്മിറ്റിയംഗം എന്‍.ആര്‍. ബാബുരാജും ഉള്‍പ്പെട്ട പാര്‍ട്ടി കമ്മിഷനാണ് ഇപ്പോഴത്തെ പരാതി അന്വേഷിക്കുന്നത്.
ചേര്‍ത്തലയിലെ പള്ളിഭാരവാഹികളാണ് സിപിഎം സംസ്ഥാന കമ്മിറ്റിക്കും ജില്ലാ കമ്മിറ്റിക്കും പരാതി നല്‍കിയത്. പള്ളിക്കു മുന്നിലെ സ്ഥലത്ത് കെട്ടിടം നിര്‍മിക്കുന്നതിനെതിരേ ഗ്രാമപ്പഞ്ചായത്ത് നോട്ടീസ് നല്‍കിയതാണ് തര്‍ക്കത്തിന് കാരണം. ഈ സ്ഥലം പുറമ്പോക്കാണെന്ന തര്‍ക്കം നിലവിലുണ്ട്. തര്‍ക്കം നിയമനടപടിയിലേക്കു നീങ്ങിയതോടെയാണ് ഒത്തുതീര്‍പ്പിനായി യുവനേതാവ് ഇടപെട്ടത്. നിയമനടപടി ഒത്തുതീര്‍പ്പാക്കാന്‍ ഒരുലക്ഷം രൂപയോ മൂന്നുസെന്റ് സ്ഥലമോ ആവശ്യപ്പെട്ടതായാണ് പള്ളിഭാരവാഹികളുടെ ആരോപണം.
പള്ളിക്കെതിരേ നിയമനടപടിയെടുത്ത ഗ്രാമപ്പഞ്ചായത്തിന്റെ ഭരണം സിപിഎമ്മിനാണ്. ആ സ്വാധീനമുപയോഗിച്ചാണ് യുവനേതാവ് വിഷയത്തില്‍ ഇടപെട്ടത്. അതേസമയം, ഭൂമി പള്ളിയുടേതാണെന്നു തെളിയിക്കുന്ന രേഖകളെല്ലാം തങ്ങളുടെ പക്കലുണ്ടെന്ന് ഭാരവാഹികള്‍ പറയുന്നു.