Social MediaTRENDING

ഫോട്ടോയെടുക്കുന്നതിനിടെ കാണ്ടാമൃഗം പാഞ്ഞടുത്തു; ജീപ്പ് മറിഞ്ഞ് ഏഴുസഞ്ചാരികള്‍ക്ക് പരുക്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ജല്‍ദാപാറ നാഷണല്‍ പാര്‍ക്കില്‍ വിനോദ സഞ്ചാരികള്‍ നേരെ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തിന്റെ ആക്രമണം. സഞ്ചാരികള്‍ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് ഏഴുപേര്‍ക്ക് പരുക്കേറ്റു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസറായ ആകാശ് ദീപ് ബധവാനാണ് വൈറലായ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

Signature-ad

പാര്‍ക്കിനുള്ളിലെ റോഡിലൂടെ തുറന്ന ജീപ്പുകളില്‍ സഞ്ചരിക്കുകയായിരുന്നു വിനോദസഞ്ചാരികള്‍. അപ്പോഴാണ് കാടിനുള്ളില്‍ കാണ്ടാമൃഗത്തെ കാണുന്നത്. ഇതിന്റെ ഫോട്ടോയെടുക്കാനായി ജീപ്പുകള്‍ നിര്‍ത്തിയിടുകയും ചെയ്തു. എന്നാല്‍, കാണ്ടാമൃഗം കാട്ടില്‍ നിന്ന് ഓടിയെത്തി വാഹനത്തിന് നേരെ പാഞ്ഞടുത്തു. മൂന്ന് ജീപ്പുകളിലായിരുന്നു സഞ്ചാരികളുണ്ടായിരുന്നത്. കാണ്ടാമൃഗം ഓടിവരുന്നത് കണ്ടപ്പോള്‍ ജീപ്പുകള്‍വേഗത്തില്‍ ഓടിച്ചുപോകാന്‍ ശ്രമിച്ചു. എന്നാല്‍ പിറകിലുണ്ടായിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് റോഡിന്റെ വശത്തെ ചതുപ്പിലേക്ക് മറിയുകയായിരുന്നു. മുന്നിലുണ്ടായിരുന്ന ജീപ്പിനുള്ളിലുള്ളവരാണ് ഈ വീഡിയോ ചിത്രീകരിച്ചത്. സഞ്ചാരികളുടെ കൂടെയുണ്ടായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെയാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

”രാജ്യത്തുടനീളമുള്ള വന്യജീവി സഫാരികളില്‍ സുരക്ഷിതത്വത്തിനും രക്ഷാപ്രവര്‍ത്തനത്തിനുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ സമയമായി എന്ന് ഞാന്‍ കരുതുന്നു. ജംഗിള്‍ സഫാരികള്‍ ഇപ്പോള്‍ ഒരു സാഹസിക വിനോദമായി മാറുകയാണെന്ന” അടിക്കുറിപ്പോടെയാണ് ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ വീഡിയോ പങ്കുവെച്ചത്.

 

Back to top button
error: