CrimeKeralaNEWS

ഒമ്പതാം ക്ലാസുകാരിയെ മയക്കുമരുന്ന് കാരിയറാക്കിയ സംഭവത്തിൽ അയൽവാസി പിടിയിൽ, കൂടുതൽ വിദ്യാർത്ഥിനികൾ കെണിയിൽപ്പെട്ടതായും സൂചന

കോഴിക്കോട്: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ മയക്കുമരുന്ന് കാരിയറാക്കിയ സംഭവത്തിൽ അയൽവാസി പിടിയിൽ. വർഷങ്ങളായി ഇയാൾ ലഹരിക്കടത്ത് നടത്തുന്നുണ്ട്. ലഹരിക്കടത്തും വിൽപ്പനയും നടത്തിയ സംഭവത്തിൽ നേരത്തെയും ഇയാൾ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. എംഡിഎംഎ അടക്കം കടത്തിയതിനായിരുന്നു നേരത്തെ പിടിയിലായത്. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഒരാളെ ഇപ്പോൾ പിടികൂടിയത്. സംഭവത്തിൽ പത്ത് പേർക്കെതിരെ കേസെടുത്തിരുന്നു. കൂടുതൽ വിദ്യാർത്ഥിനികൾ കെണിയിൽപ്പെട്ടതായും സൂചനകളുണ്ട്.

സംഭവത്തിൽ വിശദമായ മൊഴി ലഭിച്ച ശേഷമേ അറസ്റ്റ് അടക്കമുള്ളവയിലേക്ക് കടക്കൂ എന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഇൻസ്റ്റ​ഗ്രാം അക്കൗണ്ടുകൾ വഴിയാണ് ലഹരിയിടപാടുകൾ നടന്നിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് വലിയൊരു റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസ് നി​ഗമനം. അവരിലേക്ക് കൂടി അന്വേഷണമെത്താൻ ഇപ്പോൾ പിടികൂടിയ ആളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു.

Signature-ad

കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിയായ പതിനാലുകാരിയാണ് ലഹരിമാഫിയയുടെ വലയിലായത്. ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച കോഴിക്കോട് സ്വദേശികളായ യുവാക്കളാണ് ലഹരി ഉപയോ​ഗിക്കാൻ പഠിപ്പിക്കുന്നത്. മാനസികസമ്മര്‍ദ്ദം അകറ്റാനുളള മരുന്ന് എന്ന പേരിലാണ് എംഡിഎംഎ നല്‍കിയത്. ഏഴാംക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു എംഡിഎംഎ ആദ്യം പരീക്ഷിച്ചതെന്നും പെൺകുട്ടി പറയുന്നു.

കയ്യിൽ ലഹരി മരുന്ന് കുത്തിവയ്ക്കുന്നതിന്റെ പാടുകളും പെരുമാറ്റത്തിലെ പൊരുത്തക്കേടും കണ്ട് വീട്ടുകാരാണ് പെൺകുട്ടിയുടെ ലഹരി ഉപയോ​ഗത്തെക്കുറിച്ച് മനസിലാക്കുന്നത്. തുടർന്ന് കുട്ടിയെ ബെംഗലൂരുവിലുളള പിതാവിനൊപ്പമയച്ചു.

അവിടെ നിന്ന് മടങ്ങുംവഴി മൂന്നുഗ്രാം എംഡിഎംഎ കുട്ടി കോഴിക്കോട്ടെ ആവശ്യക്കാർക്കെത്തിച്ചു. ഇതിന്‍റെ തെളിവ് സഹിതം രണ്ട് മാസം മുമ്പ് മെഡിക്കല്‍ കൊളജ് പൊലീസിന് പരാതി നല്‍കാനെത്തിയെങ്കിലും പൊലീസ് കേസ് എടുക്കാതെ തിരിച്ചയച്ചു. സ്കൂള്‍ അധികൃതരും സംഭവം ഗൗരവത്തിലെടുത്തില്ല. തുടര്‍ന്നാണ് വീട്ടുകാര്‍ ചൈല്‍ഡ് ലൈനിനെ വിവരം അറിയിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയുടെ കീഴിലുളള ഡീഅഡിക്ഷന്‍ സെന്‍ററില്‍ ചികില്‍സയിലാണ് കുട്ടിയിപ്പോള്‍.

Back to top button
error: