കോട്ടയം: വാഗമണിലെ വാഗാലാന്‍ഡ് ഹോട്ടലില്‍ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തി. തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗവും പോലീസും പരിശോധന നടത്തി ഹോട്ടല്‍ പൂട്ടിച്ചു. കോഴിക്കോട് ഗ്ലോബല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷണത്തില്‍ പുഴുവിനെ ലഭിച്ചത്. അസ്വസ്ഥത പ്രകടിപ്പിച്ച ആറു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 85 വിദ്യാര്‍ഥികളും അധ്യാപകരുമാണ് ഭക്ഷണം കഴിക്കാന്‍ എത്തിയത്.
വെള്ളിയാഴ്ച രാവിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവരാണ് വിദ്യാര്‍ഥികളും അധ്യാപകരും അടങ്ങിയ സംഘം. മുട്ടക്കറിയില്‍നിന്നാണ് പുഴുവിനെ കിട്ടിയത്. ഇതോടെ വിദ്യാര്‍ഥികള്‍ ശക്തമായി പ്രതിഷേധിച്ചു. ചില കുട്ടികള്‍ക്ക് ഛര്‍ദ്ദില്‍ അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്നാണ് അധികൃതര്‍ സ്ഥലത്തെത്തി ഹോട്ടലിനെതിരെ നടപടി സ്വീകരിച്ചത്.
ഹോട്ടലിനകത്തുനടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്തു സൂക്ഷിച്ചിരുന്നതെന്നു വ്യക്തമായി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിനിടെ, ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ട വിദ്യാര്‍ഥികളെ ഹോട്ടലുടമയും തൊഴിലാളികളും മര്‍ദിക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. ഒരു മാസം മുന്‍പും അധികൃതര്‍ ഹോട്ടല്‍ അടപ്പിച്ചിരുന്നു.