രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ 128 മണിക്കൂറിന് ശേഷം പുറത്തെടുത്തു; വൈറലായി പാല്‍പ്പുഞ്ചിരി
അങ്കാറ: തുര്‍ക്കിയിലെ അന്റാക്യയില്‍ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ 128 മണിക്കൂറിന് ശേഷം ഞായറാഴ്ച പുറത്തെടുത്തു. കുളിപ്പിച്ച്, ഭക്ഷണം കൊടുത്ത ശേഷം കുരുന്നു നിറഞ്ഞു ചിരിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
🇹🇷 And here is the hero of the day! A toddler who was rescued 128 hours after the earthquake. Satisfied after a wash and a delicious lunch. pic.twitter.com/0lO79YJ7eP
— Mike (@Doranimated) February 11, 2023
”ഇതാ ഈ ദിവസത്തെ നായകന്‍” എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ”ഭൂകമ്പമുണ്ടായി 128 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തിയ പിഞ്ചുകുഞ്ഞ്. കുളിക്കുശേഷം രുചികരമായ ഉച്ചഭക്ഷണവും കഴിച്ച് തൃപ്തനായി” ട്വീറ്റില്‍ പറയുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തതിനു പിന്നാലെ, മുഖത്ത് പൊടിയും അഴുക്കും പുരണ്ട പിഞ്ചുകുഞ്ഞിന്റെ ചിത്രങ്ങളും വിഡിയോകളും നേരത്തേ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് 160 മണിക്കൂറിന് ശേഷം 35 വയസ്സുകാരനെയും രക്ഷപ്പെടുത്തി. റഷ്യ, കിര്‍ഗിസ്ഥാന്‍, ബെലാറസ് എന്നിവിടങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരാണ് ഇയാളെ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനം നാല് മണിക്കൂറിലധികം നീണ്ടുനിന്നു. അതേസമയം, തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വന്‍ ഭൂകമ്പത്തില്‍ മരണം 34,000 കടന്നു.