KeralaNEWS

”ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല”…പിടിയിലായ ഡ്രൈവര്‍മാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ 1,000 തവണ ഇംപോസിഷന്‍

കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവര്‍മാര്‍ക്ക് പോലീസിന്റെ വക ഇംപോസിഷന്‍. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണി മുതല്‍ ഒമ്പത് മണി വരെ തൃപ്പൂണിത്തുറ ഹില്‍പാലസ് ഇന്‍സ്‌പെക്ടര്‍ വി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് ബസ്സ് ഡ്രൈവര്‍മാര്‍ പിടിയിലായത്. പിടിയിലായ 16 ഡ്രൈവറര്‍മാരേക്കൊണ്ട് 1000 തവണ ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല എന്ന് ഇംപോസിഷന്‍ എഴുതിച്ച ശേഷമാണ് ജാമ്യത്തില്‍ വിട്ടത്

പിടിയിലായവരില്‍ നാല് പേര്‍ സ്‌കൂള്‍ ബസ്സ് ഓടിച്ചവരും രണ്ടുപേര്‍ പേര്‍ കെ.എസ്.ആര്‍.ടി.സി ബസ്സ് ഡ്രൈവര്‍മാരും 10 പേര്‍ പ്രൈവറ്റ് ബസ്സ് ഓടിച്ച ഡ്രൈവര്‍മാരുമാണ്. കരിങ്ങാച്ചിറ,വൈക്കം റോഡ് എന്നിവിടങ്ങളില്‍ രണ്ടു സംഘങ്ങളായിട്ടായിരുന്നു പരിശോധന. പിടികൂടിയ ബസ്സിലെ യാത്രക്കാരെ പോലീസ് ഡ്രൈവര്‍മാര്‍ തൃപ്പൂണിത്തുറ ബസ്റ്റാന്‍ഡിലെത്തിച്ച് തുടര്‍ യാത്രാ സൗകര്യം ഒരുക്കി.

Signature-ad

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ മഫ്ടിയിലുള്ള പോലീസ് അതത് സ്‌കൂളുകളില്‍ എത്തിച്ചു. പിടിയിലായ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ക്കെതിരേ പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കി കെ.എസ്.ആര്‍.ടി.സി അധികാരികള്‍ക്ക് അയക്കും. കൂടാതെ പിടിയിലായ ഡ്രൈവര്‍മാരുടെ ഡ്രൈവിംങ് ലൈസന്‍സ് റദ്ദാക്കുന്നതിനും ഇവര്‍ ഓടിച്ചിരുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും തൃപ്പൂണിത്തുറ ഹില്‍പാലസ് ഇന്‍സ്‌പെക്ടര്‍ വി. ഗോപകുമാര്‍ അറിയിച്ചു.

വരും ദിവസങ്ങളിലും പരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ എസ്സ്. ശശിധരന്‍ അറയിച്ചു.

Back to top button
error: