KeralaNEWS

ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി; ഇന്ന് ബംഗളൂരുവിലേക്ക് കൊണ്ടുപോകില്ല

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്നു ബംഗളൂരുവിലേക്കു കൊണ്ടുപോകില്ല. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ബംഗളൂരുവിലേക്കു കൊണ്ടുപോകാനുള്ള നീക്കം ഉപേക്ഷിച്ചത്. ജര്‍മനിയില്‍ നടത്തിയ ചികിത്സയുടെ തുടര്‍ ചികിത്സ നടത്തുന്ന ബംഗളൂരുവിലെ എച്ച്‌സിജി കാന്‍സര്‍ കെയര്‍ സെന്ററിലേക്ക്, ഉമ്മന്‍ ചാണ്ടിയെ എയര്‍ ആംബുലന്‍സില്‍ കൊണ്ടുപോകാനായിരുന്നു നീക്കം. നിംസ് മെഡിസിറ്റി മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. മഞ്ജു തമ്പിയുടെ നേതൃത്വത്തില്‍ 9 അംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് നിലവില്‍ ഉമ്മന്‍ ചാണ്ടിയെ ചികിത്സിക്കുന്നത്.

ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യസ്ഥിതിയില്‍ നല്ല പുരോഗതിയുണ്ടെന്ന് ഡോ. മഞ്ജു തമ്പി വ്യക്തമാക്കി. ”അദ്ദേഹം സുഖം പ്രാപിച്ചു വരുന്നു. ഇന്നു രാവിലെ കുടുംബാംഗങ്ങളോടും ആരോഗ്യ പ്രവര്‍ത്തകരോടും നന്നായി സംസാരിക്കുകയും പ്രതികരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. നമ്മള്‍ കൊടുക്കുന്ന ആന്റിബയോട്ടിക്‌സിനോട് അദ്ദേഹത്തിന്റെ ശരീരം പ്രതികരിക്കുന്നുമുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ നല്ലവണ്ണം സുഖം പ്രാപിച്ച് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്യുമോണിയയും നല്ലവണ്ണം കുറഞ്ഞിട്ടുണ്ട്. വന്ന സമയത്ത് പനിയും ശ്വാസമുട്ടലും ഉണ്ടായിരുന്നു. ഇപ്പോള്‍ അത്തരം ബുദ്ധിമുട്ടുകളുമില്ല.” -ഡോ. മഞ്ജു തമ്പി വ്യക്തമാക്കി.

Signature-ad

ഉമ്മന്‍ ചാണ്ടിയുടെ നിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ ബുള്ളറ്റിനും വിശദീകരിച്ചു. ആരോഗ്യനില യാത്രയ്ക്ക് അനുയോജ്യമാണെങ്കില്‍ എയര്‍ ആംബുലന്‍സില്‍ ഉമ്മന്‍ ചാണ്ടിയെ ഇന്നു ബംഗളൂരുവിലേക്കു കൊണ്ടുപോകാനായിരുന്നു നീക്കം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നു കോണ്‍ഗ്രസ് നേതൃത്വമാണ് എയര്‍ ആംബുലന്‍സ് ഏര്‍പ്പാടാക്കിയത്.

Back to top button
error: