KeralaNEWS

പന്തീരങ്കാവ് യു.എ.പി.എ കേസില്‍ എന്‍.ഐ.എക്ക് തിരിച്ചടി; അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന അപ്പീല്‍ തള്ളി

കൊച്ചി: കോഴിക്കോട് പന്തീരങ്കാവ് യു.എ.പി.എ കേസില്‍ പ്രതിയായ അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എ അപ്പീല്‍ തളളി. കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. കണ്ണൂര്‍ പാലയാട് ലോ കോളജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അലന്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നായിരുന്നു എന്‍.ഐഐ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

പാലയാട് ലോ കോളജിലുണ്ടായ സംഘര്‍ഷത്തില്‍ അലനെതിരേ ധര്‍മ്മടം പോലീസ് കേസെടുത്തിരുന്നു. മറ്റ് കേസുകളില്‍ പ്രതിയാവരുതെന്ന ഉപാധിയോടെയാണ് മാവോയിസ്റ്റ് കേസില്‍ കോടതി ജാമ്യം അനുവദിച്ചതെന്നും ധര്‍മ്മടം പോലീസ് കേസെടുത്ത സാഹചര്യത്തില്‍ ജാമ്യം റദ്ദാക്കണമെന്നുമാണ് എന്‍.ഐ.എ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്.

അതേസമയം, കേസില്‍ പ്രതിയായ അലന്‍ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പന്നിയങ്കര പോലീസ് ഇന്‍സ്‌പെക്ടറും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്‍.ഐ.എ. കോടതി ജാമ്യം നല്‍കുമ്പോള്‍ അലന്‍ ഷുഹൈബിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്ന് പന്നിയങ്കര ഇന്‍സ്‌പെക്ടറോടും മറ്റൊരു പ്രതിയായ താഹ ഫൈസലിനെ നിരീക്ഷിക്കാന്‍ പന്തീരാങ്കാവ് ഇന്‍സ്‌പെക്ടറോടും കോടതി നിര്‍ദേശിച്ചിരുന്നു.

2019-ലാണ് കോഴിക്കോട് സ്വദേശികളായ അലന്‍ ഷുഹൈബിനെയും താഹ ഫൈസലിനെയും മാവോയിസറ്റ് ബന്ധത്തിന്‍െ്‌റ പേരില്‍ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യു.എ.പി.എ. കേസ് ചുമത്തുകയായിരുന്നു.

 

Back to top button
error: