CrimeNEWS

ജഡ്ജിക്ക് നല്‍കാനെന്ന വ്യാജേന പണം കൈപ്പറ്റിയ കേസ്; നിര്‍മ്മാതാവിനെയും ഭാര്യയെയും ചോദ്യം ചെയ്തു

കൊച്ചി: ജഡ്ജിക്ക് നല്‍കാനെന്ന വ്യാജേന അഭിഭാഷകന്‍ സൈബി ജോസ് പണം കൈപ്പറ്റിയ കേസില്‍ പണം നല്‍കിയെന്ന് ആരോപണം ഉയര്‍ന്ന സിനിമ നിര്‍മാതാവിനെയും ഭാര്യയയെും ചോദ്യം ചെയ്തു. തിങ്കളാഴ്ച കൊച്ചിയിലായിരുന്നു ചോദ്യം ചെയ്യല്‍. ഇവരെ അന്വേഷണസംഘം വിളിച്ചുവരുത്തുകയായിരുന്നു.

നിര്‍മ്മാതാവില്‍ നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു സൈബിക്കെതിരെ ആദ്യം ഉയര്‍ന്ന ആരോപണം. നിര്‍മ്മാതാവിനെതിരേ ‘മീടു’ കേസ് ഉയര്‍ന്നുവന്ന സാഹചര്യത്തിലായിരുന്നു കേസ് അഭിഭാഷകന്‍ ഏറ്റെടുത്തത്. കേസിന് പിന്നാലെ നിര്‍മ്മാതാവ് ഒളിവില്‍ പോയി. തുടര്‍ന്ന് കേസ് നടത്തിയത് ഭാര്യയായിരുന്നു. ഇതിനാലാണ് അന്വേഷണസംഘം ഭാര്യയുടെ മൊഴി കൂടി രേഖപ്പെടുത്തിയത്.

Signature-ad

നേരത്തെ നല്‍കിയ മൊഴിയില്‍ നിര്‍മ്മാതാവ് ഉറച്ചുനിന്നാതായാണ് സൂചന. അന്ന് ഫീസ് മാത്രമാണ് അഭിഭാഷകന് നല്‍കിയതെന്നായിരുന്നു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് മുന്‍പാകെ നല്‍കിയ മൊഴി. കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ഇതിനകം നിരവധി പേരുടെ മൊഴി രേഖപ്പെടുത്തി.

അതേസമയം, ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയെന്ന കേസ് റദ്ദാക്കണമെന്ന പ്രതി സൈബി ജോസ് കിടങ്ങൂരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. അറസ്റ്റ് തടയണം എന്ന ആവശ്യവും തള്ളിയ കോടതി അന്വേഷണത്തെ എന്തിനു ഭയക്കണമെന്നു ചോദിച്ചു. ആരോപണം ഗുരുതരമാണെന്നും ജുഡീഷ്യല്‍ സംവിധാനത്തെ ആകെ ബാധിക്കുന്ന ഒന്നാണ് വിഷയമെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് ചൂണ്ടിക്കാട്ടി.

പ്രതിക്കെതിരേ ഉയര്‍ന്നിരിക്കുന്നതു ഗുരുതരമായ ആരോപണമാണ്. അന്വേഷണം മുന്നോട്ടു പോകട്ടെ എന്നു വ്യക്തമാക്കിയ കോടതി സത്യം പുറത്തു വരട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത്. ഹൈക്കോടതി ഹര്‍ജി തള്ളിയതോടെ അഭിഭാഷക സംഘടനാ നേതാവിന് കടുത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. കേസില്‍ തെളിവുകളില്ലെന്നും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത് എന്ന വാദവും കോടതി തള്ളുകയായിരുന്നു. ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറിന് അഭിഭാഷകര്‍ നല്‍കിയത് വ്യാജ പരാതിയാണെന്നായിരുന്നു ഹര്‍ജിയില്‍ സൈബിയുടെ വാദം.

 

Back to top button
error: