NEWSSocial Media

”കര്‍ഷകരെ റബറില്‍നിന്ന് തിരിച്ചുവിടുന്ന സബ്‌സിഡി ആണ് നമുക്കാവശ്യം”! ബജറ്റിലെ റബര്‍ സബ്‌സിഡിയെ വിമര്‍ശിച്ച് തുമ്മാരുകുടി

തിരുവനന്തപുരം: കേരള ബജറ്റില്‍ റബര്‍ കൃഷിക്ക് 600 കോടി സബ്‌സിഡി പ്രഖ്യാപിച്ചതിനെതിരെ ഐക്യരാഷ്ട്ര സഭ ഉദ്യോഗസ്ഥനും സോഷ്യല്‍മീഡിയിലെ നിറസാന്നിധ്യവുമായ മുരളി തുമ്മാരുകുടി. റബര്‍ കൃഷിക്ക് സബ്‌സിഡി നല്‍കുന്നതിന് പകരം കര്‍ഷകരെ റബറില്‍ നിന്ന് തിരിച്ചു വിടുന്നതിനാണ് സബ്സിഡി നല്‍കേണ്ടതെന്ന് യു.എന്നിന് കീഴില്‍ പരിസ്ഥിതി പുനഃസ്ഥാപനവും സംരക്ഷണവും ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന തുമ്മാരുകുടി അഭിപ്രായപ്പെട്ടു.

സ്ഥലത്തിന്റെ ഉയര്‍ന്ന വിലയും തൊഴിലെടുക്കാന്‍ ആളെ കിട്ടാത്തതും കാരണം കേരളത്തില്‍ റബ്ബര്‍ കൃഷിക്ക് ഇനി ഭാവി ഇല്ല എന്നാണ് അദ്ദേഹം അിപ്രായപ്പെടുന്നത്. റബ്ബര്‍ ദീര്‍ഘകാല വിള ആയതിനാല്‍ തോട്ടം പാട്ടത്തിന് കൊടുക്കാനുള്ള സാധ്യതയും കുറവാണ്. കൂടാതെ, ഹൈറേഞ്ചിലും അതോട് ചേര്‍ന്നുമുള്ള റബ്ബര്‍ തോട്ടങ്ങളില്‍ മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചു വരുന്നതും ഈ കൃഷിയില്‍നിന്ന് ആളുകളെ അകറ്റും. വീടിനും ചുറ്റും ഇരുപത് സെന്റ് മുതല്‍ രണ്ടേക്കര്‍ വരെ കൃഷി ചെയ്തിരുന്ന ആളുകളുടെ തലമുറ ഏതാണ്ട് അവസാനിക്കുകയാണ്. റബ്ബര്‍ കൃഷിയില്‍ ഓട്ടോമേഷനുള്ള പരിമിതികളും ഇതിന്റെ പോരായ്മയായി തുമ്മാരുകുടി ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, ഒരേക്കര്‍ സ്ഥലത്തിന് ഒരു ലക്ഷം രൂപയില്‍ താഴെ വിലയുള്ള സ്ഥലങ്ങളിലും രാജ്യങ്ങളിലും ഒരേക്കറിന് ആയിരം രൂപ പോലും ചിലവില്ലാതെ ദീര്‍ഘകാലത്തേക്ക് പാട്ടഭൂമി കിട്ടുന്ന സ്ഥലങ്ങളിലും റബര്‍ കൃഷി ചെയ്യുന്നത് ലാഭകരമാണെന്ന് തുമ്മാരുകുടി അഭിപ്രായപ്പെടുന്നു. ഇത്തരം രാജ്യങ്ങളില്‍ തൊഴിലാളികളുടെ കൂലിയും കുറവാണ്. ലോകത്ത് ഈ സാഹചര്യം നിലനില്‍ക്കെ റബ്ബര്‍ കൃഷി കേരളത്തില്‍ നില നില്‍ക്കും എന്ന് കരുതേണ്ട കാര്യമില്ല. കേരളത്തില്‍ ഇടനാട്ടില്‍ നിന്നും റബറിനെ കുടിയിറക്കേണ്ട സമയമാണ്. ആ ഭൂമിക്ക് മറ്റെന്തൊക്കെ സാദ്ധ്യതകള്‍ ഉണ്ട്. കാക്കനാട് ഇന്‌ഫോപാര്ക്കിനടുത്തൊക്കെ റബ്ബര്‍ തോട്ടങ്ങള്‍ കാണുമ്പോള്‍ എനിക്ക് അതിശയമാണ് -അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കാനുദ്ദേശിക്കുന്ന പണം, റബ്ബര്‍ കൃഷി ആദായമായി നടത്താവുന്ന നാടുകളില്‍/രാജ്യങ്ങളില്‍ പോയി കൃഷി നടത്താന്‍ നല്‍കാമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. റബ്ബര്‍ നേഴ്‌സറി ഉണ്ടാക്കുന്നത് മുതല്‍ റബ്ബര്‍ പ്രോസസ്സ് ചെയ്യുന്നത് വരെയുള്ള വിഷയത്തില്‍ പതിറ്റാണ്ടുകളുടെ പരിചയമുള്ള മലയാളികള്‍ക്ക് ഇക്കാര്യത്തില്‍ സഹായം നല്‍കണം. അവിടുങ്ങളില്‍ നിന്നുള്ള ആളുകളെ ഇവിടെ വരുത്തി പരിശീലനം നല്‍കാം. അവിടെ പോയി കൈ പൊള്ളിയാല്‍ അവരുടെ നഷ്ടം നികത്താനുള്ള ഇന്ഷുറന്‍സ് നല്‍കാം. പശ്ചിമ ആഫ്രിക്കയിലെ ലൈബീരിയയില്‍ ആണ് ലോകത്തെ ഏറ്റവും വലിയ റബ്ബര്‍ തോട്ടം. പശ്ചിമ ആഫ്രിക്കയില്‍ എവിടെയും റബ്ബര്‍ കൃഷിക്ക് വന്‍ സാദ്ധ്യതകള്‍ ആണ്.

ഇതിന് മാതൃകയായി ഐവറി കോസ്റ്റില്‍ സ്വന്തം നിലക്ക് വിജയകരമായി കശുവണ്ടി കൃഷി നടത്തി വിജയം കൊയ്യുന്ന മലയാളികളെ തുമ്മാരുകുടി ചൂണ്ടിക്കാണിക്കുന്നു. കേരള സര്‍ക്കാരിന്റെ ഒരു ഇടപെടലും ഇല്ലാതെ ഐവറി കോസ്റ്റിലെ കശുവണ്ടി കൃഷി മുന്നോട്ട് കൊണ്ടുപോകുന്നത് മലയാളികള്‍ ആണ്. ഓരോ വര്‍ഷവും ആയിരക്കണക്കിന് ഏക്കര്‍ കശുവണ്ടി കൃഷിയാണ് അവിടെ ഉണ്ടാകുന്നത്, അതിനിറക്കുന്ന പണവും സാങ്കേതിക വിദ്യയും നമ്മുടെ ആളുകളുടേതാണ് -അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:

ബജറ്റും റബ്ബറും

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ എണ്ണത്തെയും ശമ്പളത്തേയും ഒക്കെ പറഞ്ഞു ആകാശത്തെത്തിയപ്പോഴാണ് ഞാന്‍ കേരളത്തിലെ റബ്ബര്‍ തോട്ടങ്ങള്‍ ശ്രദ്ധിച്ചത്.

എന്താണ് ബജറ്റ് റബ്ബറിനെ പറ്റി പറയുന്നത്.

റബ്ബര്‍ കൃഷിക്ക് അറുന്നൂറ് കോടി രൂപ സബ്സിഡി ആണ് ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ബജറ്റ് എന്നത് വരവ് ചിലവ് കണക്ക് കൂടാതെ നയസൂചനകള്‍ നല്‍കാനുള്ള അവസരം കൂടിയാണ്

റബ്ബറിന് സബ്സിഡി നല്‍കാനുള്ള തീരുമാനം നല്‍കുന്ന സൂചന എന്താണ് ?

എന്റെ അഭിപ്രായം റബ്ബര്‍ കൃഷിക്ക് ഇനി കേരളത്തില്‍ ഭാവി ഇല്ല എന്നതാണ്.

സ്ഥലത്തിന്റെ ഉയര്‍ന്ന വില കാരണം റബ്ബര്‍ തോട്ടം വാങ്ങി കൃഷി ചെയ്യുന്ന എക്കണോമിക്‌സിന് ഒരു സാധ്യതയും ഇല്ലാത്തത്

റബ്ബര്‍ ഒരു ദീര്‍ഘകാല വിള ആയതിനാല്‍ തോട്ടം പാട്ടത്തിന് കൊടുക്കാനുള്ള സാധ്യത കുറവ്

ഹൈറേഞ്ചിനും ചേര്‍ന്നുമുള്ള റബ്ബര്‍ തോട്ടങ്ങളില്‍ മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചു വരുന്നത്

വീടിനും ചുറ്റും ഇരുപത് സെന്റ് മുതല്‍ രണ്ടേക്കര്‍ വരെ കൃഷി ചെയ്തിരുന്ന ആളുകളുടെ തലമുറ ഏതാണ്ട് അവസാനിക്കുന്നത്

റബ്ബര്‍ തോട്ടത്തില്‍ തൊഴില്‍ എടുക്കാന്‍ ആളില്ലാത്തത്

റബ്ബര്‍ കൃഷിയില്‍ ഓട്ടോമേഷനുള്ള പരിമിതികള്‍

ഇതൊക്കെ കേരളത്തില്‍

മീനവിയല്‍ റബ്ബര്‍ കൃഷി സാധ്യമായ മറ്റു ചില സ്ഥലങ്ങളില്‍, രാജ്യങ്ങളില്‍

ഒരു ലക്ഷം രൂപയില്‍ താഴെ ഒരേക്കര്‍ സ്ഥലം കിട്ടുന്ന രാജ്യങ്ങള്‍

ഒരേക്കറിന് ആയിരം രൂപ പോലും ചിലവില്ലാതെ ദീര്‍ഘകാലത്തേക്ക് പാട്ടഭൂമി കിട്ടുന്ന സ്ഥലങ്ങള്‍

തൊഴിലാളികളുടെ കൂലി ഇത്രയും ഇല്ലാത്ത സ്ഥലങ്ങള്‍

ഇതൊക്കെ ഉള്ള ലോകത്ത് ഇനി റബ്ബര്‍ കൃഷി കേരളത്തില്‍ നില നില്‍ക്കും എന്ന് കരുതേണ്ട കാര്യമില്ല

കേരളത്തില്‍ ഇടനാട്ടില്‍ നിന്നും റബറിനെ കുടിയിറക്കേണ്ട സമയമാണ്. ആ ഭൂമിക്ക് മറ്റെന്തൊക്കെ സാദ്ധ്യതകള്‍ ഉണ്ട്. കാക്കനാട് ഇന്‌ഫോപാര്ക്കിനടുത്തൊക്കെ റബ്ബര്‍ തോട്ടങ്ങള്‍ കാണുമ്പോള്‍ എനിക്ക് അതിശയമാണ്

അപ്പോള്‍ നമ്മുടെ കര്‍ഷകരെ റബറില്‍ നിന്നും തിരിച്ചു വിടുന്ന സബ്സിഡി ആണ് നമുക്ക് ആവശ്യം

അതേ സമയം ഈ റബ്ബര്‍ കൃഷിക്കാര്‍ക്കുള്ള പണം മറ്റൊരു തരത്തില്‍ ഉപയോഗിക്കാം

റബ്ബര്‍ നേഴ്‌സറി ഉണ്ടാക്കുന്നത് മുതല്‍ റബ്ബര്‍ പ്രോസസ്സ് ചെയ്യുന്നത് വരെയുള്ള വിഷയത്തില്‍ പതിറ്റാണ്ടുകളുടെ പരിചയമുള്ള മലയാളികള്‍ ഉണ്ട്

അവര്‍ക്ക് റബ്ബര്‍ കൃഷി ആദായമായി നടത്താവുന്ന നാടുകളില്‍/രാജ്യങ്ങളില്‍ പോയി കൃഷി നടത്താനുള്ള സഹായം നല്‍കണം. അവിടുങ്ങളില്‍ നിന്നുള്ള ആളുകളെ ഇവിടെ വരുത്തി പരിശീലനം നല്‍കാനുള്ള സഹായം നല്‍കാം, അവിടെ പോയി കൈ പൊള്ളിയാല്‍ അവരുടെ നഷ്ടം നികത്താനുള്ള ഇന്ഷുറന്‌സ് നല്‍കാം

ഇതൊന്നും നടക്കാത്ത സ്വപ്നം ആണെന്ന് പറയാന്‍ വരട്ടെ.

കേരള സര്‍ക്കാരിന്റെ ഒരു ഇടപെടലും ഇല്ലാതെ നടക്കുന്ന ഒരു കാര്യം പറയാം

ഐവറി കോസ്റ്റ് എന്ന ആഫ്രിക്കന്‍ രാജ്യത്ത് ഞാന്‍ ഇരുപത് വര്‍ഷമായി പോകാറുണ്ട്. ആഭ്യന്തരയുദ്ധം കഴിഞ്ഞു എക്കോണമി ഒക്കെ തുറന്നു വരുന്നേ ഉള്ളൂ.

ആദ്യം ഞാന്‍ അവിടെ പോകുമ്പോള്‍ മലയാളികളെ കാണാനേ ഇല്ല.

ഇന്നിപ്പോള്‍ അവിടെ ധാരാളം മലയാളികള്‍ ഉണ്ടെന്ന് മാത്രമല്ല അവിടെ ഒരു മലയാളി റെസ്റ്റോറന്റ് പോലും ഉണ്ട്.

ഐവറി കോസ്റ്റിലെ കശുവണ്ടി കൃഷി മുന്നോട്ട് കൊണ്ടുപോകുന്നത് മലയാളികള്‍ ആണ്. ഓരോ വര്‍ഷവും ആയിരക്കണക്കിന് ഏക്കര്‍ കശുവണ്ടി കൃഷിയാണ് അവിടെ ഉണ്ടാകുന്നത്, അതിനിറക്കുന്ന പണവും സാങ്കേതിക വിദ്യയും നമ്മുടെ ആളുകളുടേതാണ്.

പശ്ചിമ ആഫ്രിക്കയില്‍ എവിടെയും റബ്ബര്‍ കൃഷിക്ക് വന്‍ സാദ്ധ്യതകള്‍ ആണ്. ലോകത്തെ ഏറ്റവും വലിയ റബ്ബര്‍ തോട്ടം പശ്ചിമ ആഫ്രിക്കയിലെ ലൈബീരിയയില്‍ ആണ്.

ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തം ഉണ്ട്

മുരളി തുമ്മാരുകുടി

 

Back to top button
error: