
തിരുവനന്തപുരം: ഗതാഗത നിയമലംഘകരെ പിടികൂടാന്‍ എ.ഐ. ക്യാമറകളുമായി മോട്ടോര്‍ വാഹന വകുപ്പ് (എം.വി.ഡി). പിഴയീടാക്കിത്തുടങ്ങാന്‍ വകുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടി. സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതോടെ റോഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന എ.ഐ. ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും.
225 കോടി രൂപ മുടക്കി 675 എ.ഐ. ക്യാമറകളാണ് റോഡുകളില്‍ സ്ഥാപിച്ചത്. ഒരു വര്‍ഷമായിട്ടും ഇത് പ്രവര്‍ത്തിച്ചിരുന്നില്ല. കെല്‍ട്രോണും എം.വി.ഡിയും തമ്മിലുള്ള ചില തര്‍ക്കങ്ങളും സാങ്കേതിക കാരണങ്ങളുമാണ് ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഇത്രയും വൈകിയതിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ സംവിധാനങ്ങള്‍ പൂര്‍ണമായും സജ്ജമാക്കിയിട്ടുണ്ടെന്ന് എം.വി.ഡി. മന്ത്രിസഭയെ അറിയിച്ചു. മന്ത്രിസഭാ യോഗം ചേര്‍ന്ന് ഇതിന് അനുമതി നല്‍കണം. ഇതോടെ സംവിധാനം റോഡുകളില്‍ പ്രവര്‍ത്തിച്ചു തുടങ്ങും.
ഹെല്‍മറ്റ് ധരിക്കാതെയുള്ള യാത്ര, സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്ര, അമിതവേഗത തുടങ്ങിയ ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരേ നടപടിയെടുക്കുന്നതിനാണ് ക്യാമറ പ്രയോജനപ്പെടുക. ക്യാമറയെ വെട്ടിച്ച് പോകുക പ്രയാസകരമായിരിക്കും. ഏതെല്ലാം രീതിയില്‍ വാഹനം വെട്ടിച്ചുപോകാന്‍ ശ്രമിച്ചാലും ക്യാമറ പിന്തുടരുമെന്നതാണ് പ്രത്യേകത. ക്യാമറയില്‍ പതിഞ്ഞാല്‍ പിഴയടയ്ക്കാനുള്ള നോട്ടീസ് വീട്ടിലെത്തുകയും ചെയ്യും.






