ഹമാസ് അംഗീകരിച്ചാലും ഇല്ലെങ്കിലും അടുത്തമാസം ഗാസയില്‍ രാജ്യാന്തര സേനയെത്തും; സമാധാന കരാറിന്റെ എല്ലാ നടപടികളും അന്തിമ ഘട്ടത്തിലെന്ന് അമേരിക്ക; തീവ്രവാദികളെ നിരായുധീകരിക്കും; അമേരിക്കന്‍ ജനറല്‍ നയിക്കും; 20,000 പേരെ സജ്ജമാക്കി ഇന്തോനേഷ്യ; ആംനസ്റ്റി റിപ്പോര്‍ട്ടിനു പിന്നാലെ നടപടിക്കു വേഗമേറി

ന്യൂയോര്‍ക്ക്: ഹമാസിന്റെ തുടര്‍ച്ചയായ എതിര്‍പ്പ് അവഗണിച്ച് അടുത്തമാസം ആദ്യംതന്നെ രാജ്യാന്തര സൈന്യത്തെ (ഇന്റര്‍നാഷണല്‍ സ്‌റ്റെബിലൈസേഷന്‍ ഫോഴ്‌സ്- ഐഎസ്എഫ്) ഗാസയില്‍ വിന്യസിക്കുമെന്ന് അമേരിക്ക. ഗാസയിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാനുള്ള സംഘത്തിന് ഐക്യരാഷ്ട്ര സഭ അനുമതി നല്‍കിയതിനു പിന്നാലെയാണ് ഗാസ പദ്ധതിയുടെ ഭാഗമായി സൈന്യത്തെ വിന്യസിക്കുക. എന്നാല്‍, ഹമാസിനെ എങ്ങനെ നിരായുധീകരിക്കുമെന്നതില്‍ വ്യക്തതയില്ലെന്നും രണ്ട് യുഎസ് ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോടു പറഞ്ഞു.
ഐഎസ്എഫ് ഒരിക്കലും ഹമാസുമായി യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും നിരവധി രാജ്യങ്ങള്‍ സേനയുടെ ഭാഗമാകാന്‍ താത്പര്യം അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എത്രപേര്‍ സംഘത്തിലുണ്ടാകണം, താമസം, പാലിക്കേണ്ട നിയമങ്ങള്‍, നിയമങ്ങള്‍ എങ്ങനെ നടപ്പാക്കും എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ അമേരിക്ക ഉടന്‍ തീരുമാനമുണ്ടാക്കും.
രണ്ടു നക്ഷത്ര പദവിയുള്ള ജനറല്‍ ആയിരിക്കും സംഘത്തെ നയിക്കുകയെന്നതാണു ആലോചനയെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായില്ല. അമേരിക്കയുടെ ഗാസ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ നിര്‍ണായകമായ ഘട്ടമാണ് സൈന്യത്തെ നിയോഗിക്കുക എന്നത്. ആദ്യ പദ്ധതിയുടെ ഭാഗമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും തുടര്‍ച്ചയായി ലംഘിക്കുന്നുണ്ട്. രണ്ടാം ഘട്ടം നടപ്പാക്കാനുള്ള പദ്ധതികള്‍ ഇക്കാലത്തിനിടെ നിശ്ബദമായി പുരോഗമിക്കുകയായിരുന്നെന്നു വൈറ്റ് ഹൗസ് വക്താവ് കരോളിന്‍ ലെവിറ്റും മാധ്യമങ്ങളോടു പറഞ്ഞു. ദീര്‍ഘകാല സമാധാനമാണു ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.
ഇന്തോനേഷ്യ 20,000 അംഗങ്ങളുള്ള ട്രൂപ്പിനെയാണു ഗാസയിലേക്കു സജ്ജമാക്കുന്നത്. ആരോഗ്യം, നിര്‍മാണപ്രവൃത്തികള്‍ എന്നിവയിലായിരിക്കും ഇന്തോനേഷ്യയുടെ പങ്കാളിത്തം. നിലവില്‍ ഗാസയുടെ 53 ശതമാനം പ്രദേശങ്ങളുടെയും നിയന്ത്രണം ഇസ്രയേലിനാണ്. എന്നാല്‍, ഇരുപതു ലക്ഷത്തോളം ആളുകള്‍ ജീവിക്കുന്നത് ഹമാസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ്. സമാധാന പദ്ധതികള്‍ക്കായി രൂപീകരിച്ച ബോര്‍ഡിന്റെ അനുമതി സൈനിക വിന്യാസത്തിന് ആവശ്യമാണ്. യുഎസ് പദ്ധതി അനുസരിച്ച് സമാധാന സേനയുടെ നിയന്ത്രണത്തില്‍ എത്തുന്നതോടെ ഇസ്രയേല്‍ സൈന്യം പിന്‍മാറണം.

നവംബര്‍ 17ന് ആണ് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ സമാധാന സംഘത്തിന് അംഗീകാരം നല്‍കിയത്. ഐഎസ്എഫിന്റെ പ്രവര്‍ത്തനത്തിനൊപ്പം ഗാസയില്‍ പുതിയ പോലീസിനെയും സൈന്യത്തെയും പരിശീലിപ്പിക്കുകയെന്ന ലക്ഷ്യവുമുണ്ട്. ഗാസയെ നിരായുധീകരിക്കും. ഭീകരവാദത്തിനു ഗാസ മുനമ്പ് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കും. സര്‍ക്കാര്‍ ഇതര സംഘകനകളുടെ കൈകളിലൊന്നും ആയുധങ്ങളില്ലെന്ന് ഉറപ്പിക്കും. എന്നാല്‍, ഇപ്പോഴും ഇതെങ്ങനെ സാധ്യമാകുമെന്നതില്‍ വ്യക്തമായ പദ്ധതി പുറത്തുവിട്ടിട്ടില്ല.
നിരായുധീകരണമെന്നത് ഒരിക്കലും അംഗീകരിക്കില്ലെന്നും ഇക്കാര്യം അമേരിക്ക, ഈജിപ്റ്റ്, ഖത്തര്‍ എന്നിവയുമായുള്ള മധ്യസ്ഥ ചര്‍ച്ചയില്‍ അറിയിച്ചിട്ടുണ്ടെന്നും ഹമാസ് വ്യക്തമാക്കുന്നു. നിരായുധീകരണവുമായി പ്രത്യേക സൈന്യം മുന്നോട്ടു പോകണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടു. അമേരിക്കയുടെ നീക്കത്തെ സ്വാഗതം ചെയ്യുന്നു. ആര്‍ക്കെങ്കിലും സന്നദ്ധ പ്രവര്‍ത്തകരാകാന്‍ ആഗ്രഹമുണ്ടെങ്കില്‍ അവര്‍ ഇസ്രയേലിന്റെ അതിഥിയായിരിക്കുമെന്നും നെതന്യാഹു പറഞ്ഞു.
നേരത്തേ, ഹമാസിന്റെ പ്രവൃത്തികള്‍ മനുഷ്യരാശിയോടുള്ള കുറ്റകൃത്യമാണെന്ന റിപ്പോര്‍ട്ടുമായി ഇംഗ്ലണ്ട് ആസഥാനമായി പ്രവര്‍ത്തിക്കുന്ന ആംനസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്തുവന്നിരുന്നു. ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളും ഗാസയിലേക്കു കടത്തിക്കൊണ്ടുപോയ ബന്ദികളോടുമുള്ള ക്രൂരതകള്‍ ചൂണ്ടിക്കാട്ടിയാണ് ആംനസ്റ്റി ബുധനാഴ്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ആക്രമണത്തിന്റെ രീതി, അക്രമികള്‍ തമ്മിലുള്ള ആശയവിനിമയം, ഹമാസിന്റെയും മറ്റു സായുധ സംഘടനകളുടെയും പ്രസ്താവനകള്‍, ഇരകളുമായുള്ള ആശയവിനിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്. നേരത്തേ, ഇസ്രയേലിനെ ഐക്യരാഷ്ട്ര സഭയിലടക്കം ഒറ്റപ്പെടുത്തിയുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ് രാജ്യാന്തര തലത്തില്‍ തന്നെ ഏറ്റവും ബഹുമാന്യമര്‍ഹിക്കുന്ന സംഘടനയുടെ കണ്ടെത്തല്‍.
ഇസ്രയേലിന്റെ പെഗാസസ്, പ്രഡേറ്റര്‍ ചാര സോഫ്റ്റ്‌വേറുകള്‍ മനുഷ്യാവകാശങ്ങള്‍ക്കെതിരേ എങ്ങനെ ഉപയോഗിക്കപ്പെടുന്നെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടതും ഇതേ സംഘടനയാണ്. ഇതാദ്യമായാണ് ഹമാസിനെതിരേ മുഖ്യധാരാ മനുഷ്യാവകാശ സംഘടന രംഗത്തുവരുന്നത്. ഒക്‌ടോബര്‍ ഏഴിനു നടന്ന ആക്രമണങ്ങളില്‍നിന്നു രക്ഷപ്പെട്ടവര്‍, ഇരകളുടെ കുടുംബാംഗങ്ങള്‍, ഫോറന്‍സിക് വിദഗ്ധര്‍, മെഡിക്കല്‍ പ്രഫഷണലുകള്‍ എന്നിവരടക്കം എഴുപതോളം പേരുടെ അഭിമുഖങ്ങള്‍ നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ആക്രമണ കേന്ദ്രങ്ങളും ബന്ദികളായിരിക്കുമ്പോള്‍ അവരെ സന്ദര്‍ശിച്ചും ബന്ദികളുമായി ബന്ധപ്പെട്ട 350 വീഡിയോകളും സംഘടന സൂഷ്മ വിശകലനത്തിനു വിധേയമാക്കി.
കൊലപാതകം, വംശഹത്യ, തടവിലാക്കല്‍, പീഡനം, ബലാത്സംഗം, ലൈംഗിക അതിക്രമങ്ങള്‍, മനുഷ്യത്വ രഹിതമായ പ്രവൃത്തികള്‍ എന്നിവ ഹമാസ് തീവ്രവാദികള്‍ നടപ്പാക്കി. സാധാരണക്കാരായ ഒരു വിഭാഗം ജനങ്ങള്‍ക്കെതിരേ ആസൂത്രിതമായി നടത്തിയ ആക്രമണമായിരുന്നു അത്. പൗരന്‍മാരെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ തീവ്രവാദികള്‍ക്കു നിര്‍ദേശം ലഭിച്ചിരുന്നെന്നും അന്വേഷണത്തില്‍ കണ്ടെത്തി.എന്നാല്‍, ഇത്തരത്തിലൊരു കുറ്റകൃത്യം നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. അതേസമയം, ഹമാസ് നടത്തിയ ക്രൂരതകള്‍ പൂര്‍ണമായി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ഹമാസ് ആക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെട്ടു. അതില്‍ ഭൂരിഭാഗവും സാധാരണ പൗരന്‍മാരാണ്. കുട്ടികളെ ഉള്‍പ്പെടെ 251 പേരെ ബന്ദികളാക്കി. ഒരാളെ ഒഴികെ എല്ലാവരെയും മോചിപ്പിച്ചു. ഇതുതന്നെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമാണ്. ബാക്കിയുള്ളവ ഇസ്രയേലിന്റെ സൈനിക നടപടിയുടെ ഭാഗവും.
ഈ ആക്രമണമാണ് ഗാസയിലെ ഇസ്രായേല്‍ യുദ്ധത്തിന് കാരണമായത്. ഗാസ ആരോഗ്യ അതോറിറ്റികളുടെ കണക്കനുസരിച്ച്, ഇതുവരെ 70,000-ല്‍ അധികം പലസ്തീനികള്‍ കൊല്ലപ്പെട്ടു അവരില്‍ ഭൂരിഭാഗവും സാധാരണ പൗരന്മാര്‍ മേഖലയുടെ വലിയ ഭാഗങ്ങള്‍ തകര്‍ന്നു, ജനസംഖ്യയുടെ ഏറിയ പങ്കും ഭവനരഹിതരായി.2024 ഡിസംബറിലെ ഒരു ആംനസ്റ്റി റിപ്പോര്‍ട്ട്, ഇസ്രായേല്‍ ഗാസയിലെ പലസ്തീനികള്‍ക്കെതിരെ വംശഹത്യ ചെയ്തുവെന്നായിരുന്നു. ഈ റിപ്പോര്‍ട്ട് ഇസ്രയേല്‍ നിഷേധിച്ചിരുന്നു. തങ്ങളുടെ യുദ്ധം ഹമാസിനെതിരെയാണെന്നും പലസ്തീനികള്‍ക്കെതിരെയല്ലെന്നും ഇസ്രായേല്‍ അന്നു വ്യക്തമാക്കിയിരുന്നു.
ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണ്ടെത്തല്‍:
1. ചില സാധാരണക്കാരെ ഇസ്രായേല്‍ സേനയുടെ വെടിവയ്പില്‍ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും മരിച്ചവരില്‍ അധികവും പലസ്തീന്‍ യോദ്ധാക്കളാല്‍ കൊല്ലപ്പെട്ടവരാണ്.
2. ഗാസയിലേക്ക് കൊണ്ടുപോയ എല്ലാവരെയും നിയമവിരുദ്ധമായി ബന്ദികളാക്കി.
എല്ലാവരും മാനസിക പീഡനത്തിന് വിധേയരായി.
3. 2023 ഒക്ടോബര്‍ 7-ന് പിടികൂടിയ ചിലര്‍സൈനികരും സാധാരണക്കാരുംഇസ്രായേലിലോ ഗാസയിലോ വച്ച് ശാരീരികവും ലൈംഗികവുമായ പീഡനങ്ങള്‍ക്ക് വിധേയരായതിന് തെളിവുകളുണ്ട് (എന്നാല്‍ ലൈംഗിക പീഡനത്തിന്റെ വ്യാപ്തിയും തോതും നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ല).
2023 ഒക്ടോബര്‍ 7-ലെ ആക്രമണങ്ങളില്‍ ഏകദേശം 1,200 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 800-ല്‍ അധികം സാധാരണക്കാര്‍ (ഉള്‍പ്പെടുന്നു; അതില്‍ കുറഞ്ഞത് 36 കുട്ടികളും ഉണ്ട്. ഏകദേശം 300 ഇസ്രായേല്‍ സൈനികരും കൊല്ലപ്പെട്ടു. ഇരകളില്‍ ഭൂരിഭാഗവും ജൂത-ഇസ്രായേലികളാണ്; എന്നാല്‍ ഇസ്രായേല്‍ പൗരന്മാരായ ബെദൂയിന്‍ വിഭാഗക്കാരും വിദേശ തൊഴിലാളികളും വിദ്യാര്‍ഥികളും അഭയാര്‍ഥികളും ഉള്‍പ്പെടുന്നു.
4,000-ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. നൂറുകണക്കിന് വീടുകളും സിവിലിയന്‍ കെട്ടിടങ്ങളും തകര്‍ക്കപ്പെടുകയോ താമസയോഗ്യമല്ലാതാവുകയോ ചെയ്തു.
മറ്റൊരു 251 പേരെ (ഭൂരിഭാഗവും സാധാരണക്കാര്‍) 2023 ഒക്ടോബര്‍ 7-ന് ബലമായി ഗാസയിലേക്ക് കൊണ്ടുപോയി. ഇവരില്‍ 36 പേര്‍ പിടികൂടുമ്പോള്‍ തന്നെ മരിച്ചവരായിരുന്നു. ബാക്കിയുള്ളവര്‍ ആഴ്ചകളോളം, മാസങ്ങളോളം, ചിലര്‍ രണ്ട് വര്‍ഷത്തിലേറെയോളം തടവില്‍ കഴിഞ്ഞു.
ആക്രമിക്കപ്പെട്ട പ്രദേശങ്ങളിലെയും തെക്കന്‍ ഇസ്രായേലിലെ മറ്റിടങ്ങളിലെയും പതിനായിരക്കണക്കിന് നിവാസികള്‍ 2023 ഒക്ടോബര്‍ 7-ന് വീടുകളില്‍ നിന്ന് പലായനം ചെയ്തു. ആയിരക്കണക്കിന് പേര്‍ ഇപ്പോഴും താമസം മാറ്റപ്പെട്ട നിലയിലാണ്; പ്രിയപ്പെട്ടവരെയും വീടുകളെയും നഷ്ടപ്പെട്ടവര്‍ തുടര്‍ന്നുപോകുന്ന മാനസികാഘാതവും അനുഭവിക്കുന്നു.
നോവാ മ്യൂസിക് ഫെസ്റ്റിവലിന് നേരെയുള്ള ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതല്ല. ഹമാസിനോ മറ്റ് പലസ്തീന്‍ സായുധ സംഘങ്ങള്‍ക്കോ ആ സ്ഥലത്ത് ഒരു സംഗീതോത്സവം നടക്കുന്നുണ്ടെന്ന അറിവുണ്ടായിരുന്നില്ല. മറിച്ച്, മറ്റിടങ്ങളില്‍ ആക്രമണം നടത്താന്‍ പോകുന്ന വഴിക്ക് റോഡ് 232-ല്‍ വാഹനത്തില്‍ പോകവേ യോദ്ധാക്കള്‍ ആകസ്മികമായാണ് നോവാ ഫെസ്റ്റിവല്‍ സ്ഥലം കണ്ടെത്തിയത്. അവര്‍ സാധാരണക്കാര്‍ നിറഞ്ഞ പ്രദേശങ്ങളിലേക്ക് വെടിയുതിര്‍ത്തു, ഭയന്നോടുന്ന സാധാരണക്കാരെ ലക്ഷ്യമിട്ട് വെടിവെച്ചു, ബോംബ് ഷെല്‍ട്ടറുകളിലും പൊതു ടോയ്ലറ്റുകളിലും കുഴികളിലും കാട്ടുമുള്ളുകള്‍ക്കിടയിലും ഒളിക്കാന്‍ ശ്രമിക്കുന്നവരെ തിരഞ്ഞുപിടിച്ച് കൊന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.






