KeralaNEWS

ഉമ്മൻ ചാണ്ടിയെ ആരോഗ്യമന്ത്രി ആശുപത്രിയിൽ സന്ദർശിച്ചു; ചികിത്സയ്ക്ക് മെഡിക്കൽ ബോർഡ് രൂപീകരിച്ചു

തിരുവനന്തപുരം: ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് ആരോഗ്യമന്ത്രി ആശുപത്രിയിൽ നേരിട്ടെത്തി മുൻ മന്ത്രിയുടെ ചികിത്സ സംബന്ധിച്ച കാര്യങ്ങൾ തിരക്കിയത്. ഉമ്മന്‍ചാണ്ടിയുടെ മകളുമായും ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായും സംസാരിച്ചുവെന്ന് സന്ദര്‍ശനശേഷം ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ഉമ്മന്‍ചാണ്ടിയുടെ ചികിത്സ പുരോഗമിക്കുന്നത്. ഡോക്ടര്‍ മഞ്ജുവിന്റെ നേതൃത്വത്തിലാണ് ചികിത്സകള്‍ നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഉമ്മന്‍ചാണ്ടിയുടെ കുടുംബാംഗങ്ങളെ വിളിച്ച് ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ച പ്രകാരമാണ് രാവിലെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ താന്‍ സന്ദര്‍ശിച്ചതെന്ന് വീണാ ജോര്‍ജ് പറഞ്ഞു. പിണറായി വിജയന്‍ ഇന്നലെ ഉമ്മന്‍ചാണ്ടിയുടെ മകനുമായി സംസാരിച്ചിരുന്നുവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍ മഞ്ജു തമ്പി വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ഇന്നലത്തേക്കാള്‍ ഭേദമുണ്ട്. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കാണ് ചികിത്സ നല്‍കുന്നതെന്നും ഡോക്ടര്‍ പറഞ്ഞു. ന്യൂമോണിയ ബാധയെത്തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടിയെ ഇന്നലെ നെയ്യാറ്റിന്‍കരയിലെ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിക്കുകയാണെന്ന് ആരോപിച്ച് സഹോദരന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

Back to top button
error: