Health

വെള്ളരിക്കയുടെ ഗുണങ്ങൾ അവഗണിക്കരുത്: ഉദര പ്രശ്നങ്ങൾക്കും പ്രമേഹം, രക്തസമ്മർദ്ദം, വൃക്കരോഗങ്ങൾക്കും ഉത്തമം

ഡോ.വേണു തോന്നയ്ക്കൽ

ഇടയ്ക്കിടെ ഉദര പ്രശ്നങ്ങൾ അലട്ടാറുണ്ടോ നിങ്ങളെ…? എങ്കിൽ വെറും വയറിൽ പച്ച വെള്ളരിക്ക നന്നായി ചവച്ച് കഴിക്കുക. തീർച്ചയായും ആശ്വാസം ലഭിക്കും. വയറിന് യാതൊരു പ്രശ്നവുമില്ലാതെ ഒരാൾക്കും ഉദരാരോഗ്യം മെച്ചപ്പെടുത്താൻ ഇത് ഉത്തമമാർഗമാണ്.
ഉദരരോഗത്തിന് ചികിത്സയെടുക്കുന്ന ഒരാളാണെങ്കിൽ ഡോക്ടരുടെ അനുവാദത്തോടെ വെള്ളരിക്ക ഇവ്വിധം കഴിക്കാവുന്നതാണ്.

ഒരു ഡോക്ടരുടെ ചികിത്സയിൽ കഴി യുന്ന ഒരാൾ ഡോക്ടരുടെ അനുവാദമില്ലാതെ മറ്റൊരാളുടെ ഉപദേശമനുസരിക്കുന്നത് ആരോഗ്യകരമായ പ്രവണതയല്ല. അത് ജീവിതത്തിൽ ഉടനീളം പാലിക്കേണ്ടതുമാണ്.

ഉദര പ്രശ്നങ്ങൾ എന്നു പറയുമ്പോൾ വായുകോപം, ദഹന പ്രശ്നങ്ങൾ, വയറെരിച്ചിൽ എന്നിവ ഉൾപ്പെടും. ഉദര പ്രശ്നങ്ങൾക്ക് മാത്രമല്ല പ്രമേഹം, രക്തസമ്മർദ്ദം, വൃക്ക രോഗങ്ങൾ എന്നിവയുള്ളവർക്കും ധൈര്യ പൂർവ്വം കഴിക്കാവുന്ന ഒരു മലക്കറിയാണിത്.

വെള്ളരിക്കയിൽ ധാരാളമായി ജീവകങ്ങളും ഖനിജങ്ങളും അടങ്ങിയിരിക്കുന്നു. ജീവകം കെയുടെയും ജീവകം സിയുടെയും നല്ലൊരു സ്രോതസ്സാണ്. ധാരാളം കറികളിൽ നാം വെള്ളരിക്ക ഉപയോഗിക്കുന്നു. പാകം ചെയ്യുമ്പോൾ വെള്ളരിക്കയിലെ ജീവകം സി നഷ്ടമാകു ന്നു. അതിനാൽ ഇത് നേരിട്ടോ ഭക്ഷണത്തി നൊപ്പമോ കഴിക്കുന്നതാണ് ജീവിതം സി യുടെ ആവശ്യത്തിലേക്ക് നന്ന്.

ഉഷ്ണകാലത്ത് ശുദ്ധമായ തണുത്ത വെള്ളത്തിനൊപ്പം കഴിക്കുകയാണെങ്കിൽ പെട്ടെന്ന് ദാഹവും ക്ഷീണവും മാറികിട്ടും. പൊള്ളുന്ന വേനലിൽ നമ്മുടെ നഗരങ്ങളി ലും പ്രാന്തപ്രദേശങ്ങളിലും വെള്ളരിക്ക കഴിച്ച് വെള്ളം കുടിക്കുന്നത് കാണാവുന്നതാണ്.
വെള്ളരിക്കയിൽ പഞ്ചസാരയുടെ അംശം വളരെ കുറവാണ്. ഗ്ലൈസീമിക് ഇൻഡക്സ് വെറും 15 ആണ്. നാം കഴിക്കുന്ന അരി ഭക്ഷണത്തിൽ ഗ്ലൈസീമിക് ഇൻഡക്സ് 72 ആണെന്ന് ഓർക്കണം. അതിനാൽ പ്രമേഹ രോഗികൾക്ക് ഒരു നേരത്തെ ഭക്ഷണമായി മറ്റു മലക്കറികൾക്കൊപ്പം വെള്ളരിക്കയും ഉൾപ്പെടുത്താവുന്നതാണ്.

ചർമ്മത്തിന്റെ തിളക്കത്തിനും ആരോഗ്യത്തിനും കേമനാണ്. യൗവനം കാക്കുന്നു. ഇതിൽ അടങ്ങിയിട്ടുള്ള കുകർബിറ്റാസിൻ (Cucurbitacin) എന്ന ഒരു ജൈവരാസഘടകമാണ് ചർമാരോഗ്യം കാക്കുന്നത്. രക്തത്തിൽ യൂറിക് അമ്ലത്തിന്റെ അംശം ഉള്ളവരും വെള്ളരിക്ക കഴിക്കേണ്ട താണ്.

വെള്ളരിക്കയുടെ ഗുണം പരിഗണിച്ച് വെള്ളരിക്ക ജ്യൂസ് ഒരുപാട് അങ്ങ് കഴിക്കാതിരിക്കുക. ജൂസ് ഉപേക്ഷിച്ച് ചവച്ച് തിന്നുന്നതാണ് ഉത്തമം. ദഹനപ്രക്രിയ നന്നായി നടക്കാൻ അതുപകരിക്കും.
നീണ്ടുരുണ്ട ആകൃതിയിൽ മാത്രമല്ല പന്തിന്റെ ആകൃതിയിലും വെള്ളരിക്ക ലഭ്യമാണ്. ഏത് തരം വെള്ളരിക്കയും ഗുണത്തിൽ സമാനത പുലർത്തുന്നു.
മത്തൻ പോലെ തന്നെ വെള്ളരിക്കയും ഏറെക്കാലം സൂക്ഷിക്കാനാവും. പണ്ടുകാലങ്ങളിൽ വിളഞ്ഞ വെള്ളരിക്ക മച്ചിൽ കെട്ടിത്തൂക്കി ഏറെക്കാലം സൂക്ഷിച്ചിരുന്നു. കോൾഡ് സ്റ്റോറേജുകളുടെ വരവോടെ അത്തരം മാർഗങ്ങൾ നമുക്ക് അറിയാതെ പോവുകയോ അത്തരം മെച്ചപ്പെട്ട രീതികൾ പോലും പ്രാകൃതമെന്ന് നാം ധരിക്കുകയോ ചെയ്യുന്നു.
കോൾഡ് സ്റ്റോറേജുകളിൽ ജീവകം സി നഷ്ടമാകുന്നു എന്നു മാത്രമല്ല മലക്കറിയുടെ രുചിയിലും ഗുണത്തിലും കുറവ് സംഭവിക്കുന്നുമുണ്ട്. എന്നുവച്ച് അത്തരം ശാസ്ത്രീയ മാർഗങ്ങൾ മോശം എന്ന് കരുതുകയുമരുത്. അവയൊന്നും ഉപേക്ഷിച്ച് നമുക്കിനി ജീവിതമില്ല.

ഒരു കാര്യം പ്രത്യേകം പറട്ടെ, വെള്ളരിക്ക ആരോഗ്യദായിനി എന്നതു ശരി തന്നെ. അത് സകല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരമെന്ന് കരുതരുത്. എല്ലാത്തരം മലക്കറികൾക്കും പഴങ്ങൾക്കും ഏറിയും കുറഞ്ഞും ഗുണദോഷങ്ങളുണ്ട്. അതിനാൽ മാറി മാറി കഴിക്കുക. ഒരു ഭക്ഷണത്തിനും അടിമയാവാതിരിക്കുക. അതാണ് ആരോഗ്യകരം.

കുകംബർ (Cucumber) എന്നാണ് ഇംഗ്ലീഷിൽ പേര്. കൂകമസ് സറ്റൈവസ് (Cucumis sativus) എന്നത് ശാസ്ത്രനാമം. ഈ വള്ളിച്ചെടി ഓഷധി ( Herb) വർഗ്ഗത്തിൽ പെടുന്നു. ഇന്ത്യയിലാണ് ജനനം.
കടൽ വെള്ളരിക്ക എന്നൊരു ജീവിയുണ്ട്. അത് വെള്ളരിക്ക അല്ല. കടലിൽ ജീവിക്കുന്ന ഒരു ജന്തു(Marine animal)വാണ്.

Back to top button
error: