IndiaNEWS

ബി.ജെ.പി എം.എൽ.എ സുമൻ കാഞ്ചിലാൽ തൃണമൂലിൽ; ഇനിയും നിരവധി നേതാക്കൾ എത്തുമെന്ന് ടി.എം.സി. വക്താവ്

കൊൽക്കത്ത: ബി.ജെ.പി എം.എൽ.എ സുമൻ കാഞ്ചിലാൽ തൃണമൂൽ കോൺഗ്രസിൽ ചേർന്നതിനു പിന്നാലെ ഇനിയും നിരവധി നേതാക്കൾ എത്തുമെന്ന് ടി.എം.സി. വക്താവ്. ബി.ജെ.പിയിലെ എം.പിമാരും എം.എൽ.എമാരും ഉൾപ്പെടെയുള്ളവർ തൃണമൂലിലേക്ക് വരുമെന്നും ഇവരുമായി പാർട്ടി നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ടി.എം.സി വക്താവ് കുനാൽ ഘോഷ് പറഞ്ഞു. ’13 എം.എൽ.എമാരും ആറ് എം.പിമാരുമാണ് ഇതുവരെ പാർട്ടിയിലേക്ക് വരാൻ താത്പര്യം പ്രകടിപ്പിച്ചത്. പാർട്ടി മേധാവി മമതാ ബാനർജിയുടേയും ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടേയുമായിരിക്കും അന്തിമ തീരുമാനം. ഇതിൽ പലരും അഭിഷേകുമായും മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു’ – കുനാൽ ഘോഷ് പറഞ്ഞു.

എല്ലാവരോടും തത്ക്കാലം ബി.ജെ.പിയിൽ തുടരാനും മീറ്റിങ്ങുകളിൽ പങ്കെടുത്ത് വിവരങ്ങൾ അറിയിക്കാനും പറഞ്ഞതായും അദ്ദേഹം പറഞ്ഞു. ദിവസം ബി.ജെ.പിയുടെ വിദ്വേഷ അജണ്ടകളെ നിരാകരിച്ചുകൊണ്ടാണ് സുമൻ കാഞ്ചിലാൽ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. തൃണമൂൽ കോൺ​ഗ്രസിന്റെ ഔദ്യോ​ഗിക ട്വിറ്റർ പേജിൽ ഇത് സംബന്ധിച്ച ട്വീറ്റും ചിത്രങ്ങളും വന്നിരുന്നു. ‘ബി.ജെ.പിയുടെ ജനവിരുദ്ധ നയങ്ങളും വിദ്വേഷ അജണ്ടകളും നിരാകരിച്ചുകൊണ്ട് സുമൻ കാഞ്ചിലാൽ എ.ഐ.ടി.സി കുടുംബത്തിലേക്ക് കടന്നുവന്നിരിക്കുകയാണ്. ജനങ്ങളെ സേവിക്കാനുള്ള ഒരു ഉദ്ദേശ്യവും ബി.ജെ.പിക്കില്ലെന്ന സത്യം മറ്റൊരു ബി.ജെ.പി എം.എൽ.എ കൂടി മനസിലാക്കിയിരിക്കുന്നു,’ തൃണമൂലിന്റെ ഔദ്യോഗിക ട്വീറ്റിൽ പറയുന്നു.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി വിട്ട് തൃണമൂലിലെത്തുന്ന ആറാമത്തെ എം.എൽ.എയാണ് കാഞ്ചിലാൽ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് പല നേതാക്കളും തൃണമൂലിൽ നിന്ന് ബി.ജെ.പിയിലേക്ക് കൂറുമാറിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയപ്പെടുകയും മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലേറുകയും ചെയ്തതോടെ മുകുൾ റോയ് അടക്കമുള്ള നേതാക്കൾ തൃണമൂലിലേക്ക് തിരിച്ചെത്തി. എം.എൽ.എമാരായ കൃഷ്ണ കല്യാണി, സൗമൻ റോയ് എന്നിവരും ഇത്തരത്തിൽ തിരിച്ചെത്തിയിരുന്നു. ബി.ജെ.പിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് അർജുൻ സിങ്ങും തൃണമൂലിൽ ചേർന്നിരുന്നു.

Back to top button
error: