ലഖ്നൗ: ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഭാര്യയുടെ രഹസ്യബന്ധം ചോദ്യം ചെയ്ത മുപ്പത്തിരണ്ടുകാരനെ ഭാര്യയും യുവാവിന്റെ സഹോദര പുത്രനും ചേര്‍ന്നു വെടിവച്ചുകൊന്നു. ദഹര്‍ ഗ്രാമത്തിലുള്ള സന്ദീപ് (32) എന്നയാളെ കൊന്ന സംഭവത്തില്‍ ഭാര്യ പ്രീതി (28) സന്ദീപിന്റെ സഹോദരന്റെ മകന് ജോണി (20) എന്നിവരെ പിടികൂടി.
സന്ദീപിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഇതിനിടെ പ്രീതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു. ശനിയാഴ്ചയോടെ പ്രീതി കുറ്റസമ്മതം നടത്തി.
റിതാലി വനമേഖലയില്‍ പ്രീതിയും ജോണിയും ചേര്‍ന്ന് സന്ദീപിനെ വെടിവച്ച് കൊല്ലുകയായിരുന്നു. പ്രീതിയും ജോണിയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇവരുടെ രഹസ്യബന്ധം അറിഞ്ഞ സന്ദീപ് ശക്തമായി എതിര്‍ത്തു. ഇതോടെ ഇരുവരും ചേര്‍ന്ന് സന്ദീപിനെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു. വെടിയുണ്ടകള്‍ ഏറ്റ നിലയിലാണ് സന്ദീപിന്റെ മൃതദേഹം വനപ്രദേശത്തു കണ്ടെത്തിയത്.
നാട്ടില്‍ സന്ദീപിന് ശത്രുക്കളാരും ഇല്ലെന്നു കണ്ടെത്തിയ പോലീസ് കുടുംബാംഗങ്ങളുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചു. പ്രീതിയും ജോണിയും തമ്മില്‍ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ വിവരം ലഭിച്ചതോടെയാണ് പ്രീതിയിലേക്കു സംശയം നീണ്ടത്. തുടര്‍ന്ന് പ്രീതിയെ ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നു. ജോണി മിക്കവാറും സന്ദീപിന്റെ വീട്ടില്‍ വരാറുണ്ടായിരുന്നു. ഇതിനിടയിലാണ് പ്രതീയുമായി അടുപ്പത്തിലാകുന്നത്. വിവരമറിഞ്ഞ സന്ദീപ് ഇവരുടെ ബന്ധത്തെ എതിര്‍ത്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്.