ഇസ്തംബുള്‍: തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലും അനുഭവപ്പെട്ട കനത്ത് ഭൂചലനത്തില്‍ മരണം 1,379 ആയി. നൂറുകണക്കിനുപേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. തുര്‍ക്കിയില്‍ 284 പേരും സിറിയയില്‍ 237 പേരും മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിറിയയില്‍ 630 പേര്‍ക്കും തുര്‍ക്കിയില്‍ 440 പേര്‍ക്കും പരുക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്. വിമതരുടെ കൈവശമുള്ള മേഖലകളില്‍ കുറഞ്ഞത് 120 പേരെങ്കിലും മരിച്ചിട്ടുണ്ടാകാമെന്നാണ് റിപ്പോര്‍ട്ട്.
റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. 15 മിനിറ്റിനുശേഷം റിക്ടര്‍ സ്കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. കുറഞ്ഞത് 20 തുടര്‍ചലനങ്ങളാണ് ഉണ്ടായത്. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ധാരാളം പേര് ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു.
സിറിയയില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളില്‍ കുറഞ്ഞത് 42 പേര് മരിച്ചുവെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് സിറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സന റിപ്പോര്‍ട്ട് ചെയ്തു. 200 പേര്‍ക്ക് പരുക്കേറ്റു. അലപ്പോ, ഹാമ, ലറ്റാകിയ എന്നിവിടങ്ങളെയാണ് ഭൂകമ്പം ബാധിച്ചത്. വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്ലിബ് മേഖലയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നൂറിലേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി സിറിയ സിവില്‍ ഡിഫന്‍സ് സേന അറിയിച്ചു.
പ്രാദേശിക സമയം പുലര്‍ച്ചെ 4.17 നാണ് ഭൂചലനമുണ്ടായത്. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അതിശക്തമായ ഭൂചലനം ഉണ്ടായത്. ഞെട്ടിയുണര്‍ന്ന ആളുകള്‍ പരിഭ്രാന്തരായി പരക്കം പായുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തകര്‍ന്നുവീണ കെട്ടിടങ്ങളില്‍നിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
അതേസമയം, തിരച്ചിലിനായി ദേശീയ ദുരന്തനിവാരണ സേനയെ അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് തീരുമാനമുണ്ടായത്. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്രയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ദുരന്തനിവാരണത്തിനായി ലഭ്യമാക്കേണ്ട അടിയന്തരസഹായങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു.
നൂറുപേരടങ്ങുന്ന രണ്ടുസംഘത്തെയാണ് ദുരന്തബാധിത പ്രദേശത്തേക്ക് അയയ്ക്കുക. പ്രത്യേക പരിശീലനം നല്കിയ നായകളും സംഘത്തിന്റെ ഭാഗമാകും. വൈദ്യസംഘത്തേയും അയക്കാന്‍ തീരുമാനമായിട്ടുണ്ട്. തുര്‍ക്കി സര്‍ക്കാരും അങ്കാറയിലെ ഇന്ത്യന്‍ എംബസിയുമായും ഇസ്താംബുളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായും ഏകോപിപ്പിച്ചായിരിക്കും ദുരന്തനിവാരണ സഹായങ്ങള്‍ എത്തിക്കുക. യോഗത്തില്‍ ക്യാബിനറ്റ് സെക്രട്ടറി, അഭ്യന്തര- പ്രതിരോധ- വിദേശകാര്യ- സിവില്‍ ഏവിയേഷന്‍- ആരോഗ്യ മന്ത്രാലയങ്ങളുടേയും എന്‍.ഡി.ആര്.എഫിന്റേയും എന്‍.ഡി.എം.എയുടേയും പ്രതിനിധി തുടങ്ങിയവര്‍ പങ്കെടുത്തു.