KeralaNEWS

കളമശ്ശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്: കുഞ്ഞിനെ സി.ഡബ്ല്യു.സിക്ക് മുന്നിൽ ഹാജരാക്കി; നഗരസഭാ ജീവനക്കാരിയെ ജോലിയിൽനിന്ന് നീക്കി

കൊച്ചി: കളമശ്ശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട കുഞ്ഞിനെ സിഡബ്ല്യൂസിക്ക് മുന്നിൽ ഹാജരാക്കി. കുത്തിനെ ദത്തെടുത്ത അനൂപിന്റെ സഹോദരനാണ് കുഞ്ഞിനെ ഹാജരാക്കിയത്. കുട്ടിയുടെ യഥാർത്ഥ ജനന സർട്ടിഫിക്കറ്റിലെ വിവരങ്ങൾ വ്യാജമാണെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി കണ്ടെത്തിയിരുന്നു.

കുട്ടി ജനിച്ചത് കളമശ്ശേരി മെഡിക്കൽ കോളേജിൽ തന്നെയാണ്. സർട്ടിഫിക്കറ്റ് പ്രകാരം ഓഗസ്റ്റ് 27 നാണ് കുട്ടി ജനിച്ചത്. സിഡബ്ല്യൂസി സർട്ടിഫിക്കറ്റിലെ വിവരങ്ങൾ തേടിയെങ്കിലും വ്യാജമെന്നാണ് നിലവിലെ കണ്ടെത്തൽ. ശരിയായ അച്ഛനമ്മമാർ നൽകിയ മേൽവിലാസം തെറ്റാണെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. ഫോൺ നമ്പറിലും ലഭ്യമല്ല. സെപ്റ്റംബർ ആറിനാണ് ഇവർ ജനന സർട്ടിഫിക്കറ്റ് കൈപ്പറ്റിയത്. മാതാപിതാക്കളുടെ പേര് വിവരങ്ങളും വ്യാജമാണോയെന്ന് പരിശോധിക്കാനാണ് സിഡബ്ല്യൂസി തീരുമാനം.

Signature-ad

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കളമശേരി നഗരസഭയിലെ കിയോസ്‌ക്‌ അസിസ്‌റ്റന്റ്‌ എ എൻ രഹ്നയെ ജോലിയിൽനിന്ന് നീക്കി. ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ്‌ നടപടി. മെഡിക്കൽ കോളേജ്‌ സൂപ്രണ്ടിന്റെ വ്യാജ സീലും ഒപ്പും നിർമിച്ച്‌ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്‌ എ അനിൽകുമാറിനെ സസ്‌പെൻഡ്‌ ചെയ്തിരുന്നു.

മെഡിക്കൽ കോളേജിൽ നടക്കാത്ത പ്രസവത്തിന്റെ പേരുപറഞ്ഞ്‌ തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികൾക്കായി വ്യാജ ജനന സർട്ടിഫിക്കറ്റ്‌ നിർമിച്ചുനൽകിയെന്നാണ്‌ കേസ്‌. അനിൽകുമാറിന്റെ ആവശ്യപ്രകാരം നിർമിച്ച സർട്ടിഫിക്കറ്റിൽ പിന്നീട്‌ മെഡിക്കൽ കോളേജ്‌ സൂപ്രണ്ടിന്റെ വ്യാജ സീലും ഒപ്പും പതിച്ചു. കളമശേരി നഗരസഭയിലെ താൽക്കാലിക ജീവനക്കാരിയായ രഹ്നയാണ്‌ മെഡിക്കൽ കോളേജിലുണ്ടാകുന്ന ജനന–-മരണ വിവരങ്ങൾ ശേഖരിച്ച് സർട്ടിഫിക്കറ്റ് നൽകുന്നത്‌. ജനന–-മരണങ്ങൾ രജിസ്റ്റർ ചെയ്യുന്നത് പഠിക്കാനെന്ന പേരിലാണ്‌ അനിൽകുമാർ രഹ്നയെ സമീപിച്ചത്‌. കഴിഞ്ഞ ബുധൻ പകൽ 12ന് കിയോസ്‌കിലെത്തിയ അനിൽകുമാർ, ഒരു ഫയൽ പ്രിന്റ്‌ എടുക്കാൻ രഹ്‌നയോട്‌ ആവശ്യപ്പെട്ടു. ബൈസ്റ്റാൻഡർ വന്ന് വിവരങ്ങൾ ബോധ്യപ്പെടുത്തിയാലേ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യൂവെന്ന്‌ രഹ്ന അറിയിച്ചു. ഫയലുമായി മടങ്ങിയ അനിൽകുമാർ, ഉച്ചയ്‌ക്ക്‌ ബൈസ്റ്റാൻഡറുമായെത്തി. സർട്ടിഫിക്കറ്റ് നൽകിയാൽ അറിയിക്കണമെന്ന്‌ അനിൽകുമാർ ആവശ്യപ്പെട്ടതായും രഹ്‌ന പറഞ്ഞു.

ജനന–-മരണ വിവരങ്ങൾ രേഖപ്പെടുത്താനും സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യാനുമുള്ള രഹസ്യകോഡ്‌ രഹ്‌നയാണ്‌ സൂക്ഷിക്കുന്നത്‌. രഹ്‌നയുടെ അറിവോടെയോ സമ്മതത്തോടെയോ അല്ലാതെ പ്രിന്റ്‌ എടുക്കാനാകില്ല. പ്രസവം നടന്നുവെന്ന്‌ കൃത്രിമഫയൽ സൃഷ്ടിച്ചതായി ലേബർ റൂമിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്ന്, വെള്ളിയാഴ്ച മെഡിക്കൽ സൂപ്രണ്ട് ഗണേഷ് മോഹൻ രഹ്നയെ വിളിച്ച് അന്വേഷിച്ചു. ആദ്യം അങ്ങനെ സംഭവമില്ലെന്നാണ്‌ രഹ്‌ന പറഞ്ഞത്‌. തെളിവ് നൽകിയതോടെ കുറ്റം സമ്മതിച്ചു. രഹ്നയെ ജോലിയിൽനിന്ന് മാറ്റാൻ ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ്‌ അധികൃതർ നഗരസഭാ സെക്രട്ടറിക്ക്‌ കത്ത് നൽകിയതോടെയാണ്‌ നീക്കിയത്‌. അനിൽകുമാർ ചതിക്കുകയായിരുന്നെന്നും അയാളിൽനിന്ന്‌ സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് രഹ്ന കളമശേരി പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു.

Back to top button
error: